'ഇനി വീട് മിസ് ചെയ്യില്ല', 89 രൂപയ്ക്ക് വീട്ടിലെ രുചിയുള്ള ഫ്രഷ് മീല്‍സ് നല്‍കാന്‍ 'സൊമാറ്റോ എവരിഡേ'
വീട്ടിൽ നിന്ന് കുറച്ച് ദിവസം എങ്ങോട്ടേലും മാറി നിൽക്കേണ്ടി വന്നാൽ എല്ലാവർക്കും ആദ്യം മിസ് ചെയ്യുന്ന ഒന്നാണ് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം. ഇന്ത്യയിലെ തന്നെ വിവിധ നഗരങ്ങളിൽ താമസിക്കുന്നവർക്ക് അറിയാം വീട്ടിൽ ഉണ്ടാക്കുന്ന ചോറും കറികളുടെയും 'വില'. എന്നാൽ ഇനി മുതൽ നിങ്ങൾക്ക് ഭക്ഷണത്തിന്റെ പേരിൽ വീട് മിസ് ചെയ്യില്ലെന്ന ഉറപ്പുമായി എത്തിയിരിക്കുകയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. 'സൊമാറ്റോ എവരിഡേ' എന്ന പേരിലാണ് ഉപഭോക്താക്കൾക്ക് ഇവർ ഊണ് ഡെലിവർ ചെയ്യുക.
സൊമാറ്റോ എവരിഡേ വഴി വീട്ടിലുണ്ടാക്കുന്ന ഊണ് 89 രൂപയ്ക്കാണ് ലഭ്യമാക്കുക. ഉപഭോക്താക്കൾക്ക് ആരോഗ്യകരവും, രുചികരവുമായ ഭക്ഷണമെത്തിക്കുകയാണ് സൊമാറ്റോ, എവരി ഡേ മീൽസിലൂടെ ലക്ഷ്യമിടുന്നതെന്ന് സൊമാറ്റോ അധികൃതർ വ്യക്തമാക്കുന്നു.
അധികസമയം കാത്തിരുന്ന് മുഷിയാതെ, മിതമായ നിരക്കിൽ ഫ്രഷ് മീൽസ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. രുചിയിലും, ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ ഭക്ഷണം നൽകാനായി, വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നവരുമായി സൊമാറ്റോ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും, മിതമായ നിരക്കിൽ ഫ്രഷ് ഫുഡ് കസ്റ്റമേഴ്‌സിന് മുൻപിലെത്തുമെന്നും കമ്പനി സിഇഒ ദീപിന്ദർ ഗോയൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ ഗുഡ്ഗാവിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് 89 രൂപ നിരക്കിൽ സൊമാറ്റോ 'എവരിഡേ' സർവ്വീസ് നടത്തുക. അധികം വൈകാതെ മറ്റു നഗരങ്ങളിലേക്ക് കൂടി സർവീസ് എത്തിക്കും.
അതേസമയം, ഓർഡറുകൾ കുറഞ്ഞ സാഹചര്യത്തിൽ ചെറിയ നഗരങ്ങളിലെ സേവനം അടുത്തിടെ സൊമാറ്റോ അവസാനിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്തെ 225 ചെറിയ നഗരങ്ങളിലെ സേവനമാണ് സൊമാറ്റോ അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."