'പൊലീസ്, രാജാവിനേക്കാള്‍ വലിയ രാജ ഭക്തിയാണ് കാണിക്കുന്നത്' നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: യുവജന സംഘടനകളുടെ പ്രതിഷേധ സമരങ്ങള്‍ക്കെതിരെ പൊലിസ് നടത്തുന്ന അക്രമങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കെ.പി.സി.സി
പ്രസിഡന്റ് കെ സുധാകരന്‍. സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. ജനത്തെ മറന്ന് ഭരണം നടത്തിയാല്‍ പ്രതിഷേധം ഉണ്ടാകുക തന്നെ ചെയ്യും. അതിനെ ഭയന്ന് പ്രതിഷേധക്കാരെ വണ്ടിയിടിച്ചോ തലക്കടിച്ചോ അപായപ്പെടുത്താനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടോയെന്ന് ഡിജിപി വ്യക്തമാക്കണം.
കേരളത്തിന്റെ തെരുവോരങ്ങളില്‍ അപകടം വിതയ്ക്കും വിധമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ചീറിപ്പായുന്നത്. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്കെല്ലാം കാവലാളാകുന്ന പൊലീസ്, രാജാവിനേക്കാള്‍ വലിയ രാജ ഭക്തിയാണ് കാട്ടുന്നത്. റോഡരികില്‍ പ്രതിഷേധിക്കാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് അമിത വേഗത്തില്‍ വാഹനം ഓടിച്ച് കയറ്റിയും ലാത്തികൊണ്ട് തലയ്ക്കടിച്ചും കൊല്ലാന്‍ ശ്രമിക്കുന്നു. ഇതിനെല്ലാം പുറമെയാണ് അന്യായമായുള്ള കരുതല്‍ തടങ്കലുകള്‍. നിയമപാലകര്‍ ഭരണകോമരങ്ങള്‍ക്ക് വേണ്ടി നിയമം ലംഘിച്ച് കിരാത നടപടികള്‍ തുടരുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഞങ്ങളും നിര്‍ബന്ധിതരാകുമെന്നും സുധാകരന്‍ പറഞ്ഞു.
സമാധാനമായി പ്രതിഷേധിക്കുന്ന ഞങ്ങളുടെ കുട്ടികള്‍ക്ക് നേര്‍ക്ക് അഴിഞ്ഞാട്ടം നടത്തുകയാണ് പൊലീസ്. ലാത്തികാട്ടിയാല്‍ ഒലിച്ച് പോകുന്നതല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരവീര്യം. ഒരു പ്രകോപനവുമില്ലാതെയാണ് കളമശേരി പൊലീസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതച്ചത്. അത് ചോദ്യംചെയ്യാനെത്തിയ ഷാഫി പറമ്പിലിന്റെയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മേല്‍ തട്ടിക്കയറി. നിയമം ലംഘിക്കാന്‍ പൊലീസിന് പ്രത്യേക അധികാരം വല്ലതും മുഖ്യമന്ത്രി തമ്പ്രാന്‍ തന്നിട്ടുണ്ടോ? സുധാകരന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."