അതിർത്തിയിൽ സമാധാനം വരാൻ സൈന്യം പിന്മാറണം; ഇന്ത്യ-ചൈന ഉദ്യോഗസ്ഥതല നയതന്ത്ര ചര്‍ച്ച നടന്നു
ന്യൂഡൽഹി: അതിർത്തി വിഷയങ്ങളിൽ ഇന്ത്യ-ചൈന തർക്കം നിലനിൽക്കുന്നതിനിടെ ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥതല നയതന്ത്ര ചര്‍ച്ച നടന്നു. യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍എസി)യിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന്റെ ഭാഗമായാണ് ബീജിങ്ങില്‍ വെച്ച് ചര്‍ച്ച നടന്നത്. ചൈനീസ് സേനയുടെ അതിർത്തിയിൽ നിന്നുള്ള പിന്മാറ്റമാണ് ഇന്ത്യ യോഗത്തിൽ ആവശ്യപ്പെട്ടത്.
അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്ക് എത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി. പടിഞ്ഞാറന്‍ സെക്ടറിലെ യഥാര്‍ഥ നിയന്ത്രണരേഖയിലെ സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സൈനിക പിന്മാറ്റം പടിഞ്ഞാറന്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള അന്തരീക്ഷം സജ്ജമാക്കുന്നതിനും സഹായകമാകുമെന്നും പ്രസ്താവന വ്യക്തമാക്കി.
ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യാ ജോയിന്റ് സെക്രട്ടറിയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ചൈനീസ് സംഘത്തെ നയിച്ചത് ബൗണ്ടറി ആന്‍ഡ് ഓഷ്യാനിക് അഫയേഴ്സ് വകുപ്പിന്റെ ഡയറക്ടര്‍ ജനറലായിരുന്നു. 2019 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് പങ്കെടുക്കുന്ന കൂടിക്കാഴ്ച നടക്കുന്നത്.
സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ രൂപംകൊണ്ടിട്ടില്ലെന്നാണ് വിവരം. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷ(ഡബ്ല്യൂഎംസിസി)ന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക പരിഹാര വേദി എന്ന നിലയ്ക്ക് 2012ലാണ് ഡബ്ല്യൂഎംസിസി രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."