മധ്യപ്രദേശിൽ 6,000 പേരുടെ ജോലി ഒഴിവിലേക്ക് അപേക്ഷ നൽകിയത് 12 ലക്ഷം പേർ; തൊഴിലില്ലായ്മ കുത്തനെ കൂടുന്നതായി ആശങ്ക
ഭോപാൽ: രാജ്യത്തെ തൊഴിലില്ലായ്മ വെളിപ്പെടുത്തി മധ്യപ്രദേശിലെ റവന്യു വകുപ്പിലെ ജോലി ഒഴിവ്. 6,000 പേരുടെ ജോലി ഒഴിവിലേക്ക് അപേക്ഷ നൽകിയത് 12 ലക്ഷം ഉദ്യോഗാർഥികളാണ്. ഡോക്ടറേറ്റും എംബിഎയും എൻജിനീയറിങ് ബിരുദവുമുൾപ്പെടെയുള്ളവരാണ് ജോലിക്കായി അപേക്ഷിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമായതായാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ബിരുദം യോഗ്യതയായ ലാൻഡ് റവന്യു വിഭാഗത്തിലെ പട്വാരി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 15ന് രണ്ട് ഘട്ടമായാണ് പരീക്ഷ നടത്തുന്നത്. 12.79 ലക്ഷം പേർ അപേക്ഷ നൽകിയതിൽ 1000 ഡോക്ടർ, 85,000 എൻജിനീയർ, 1 ലക്ഷം എംബിഎ ബിരുദധാരികൾ, 1.8 ലക്ഷം ബിരുദാനന്തര ബിരുദധാരികളുമുണ്ട്.
2017–18 വർഷത്തിലാണ് അവസാനമായി ഈ തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. തിങ്ക് ടാങ്ക് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ ജനുവരിയിലെ കണക്ക് പ്രകാരം 1.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. എന്നാൽ പട്വാരി തസ്തികയിലേക്ക് ഇത്രയും അധികം ആളുകൾ അപേക്ഷിച്ചത് സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന ആശങ്ക വർധിപ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."