ശ്രീനിവാസന്റെ കൊല: അക്രമികള്‍ ഉപയോഗിച്ച ബൈക്ക് ഉടമയെ ചോദ്യം ചെയ്തു; ആര്‍.സി തന്റെ പേരില്‍, ആരാണ് വാഹനം ഉപയോഗിക്കുന്നതെന്ന് അറിയില്ല
പാലക്കാട്: ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികള്‍ ഉപയോഗിച്ച ബൈക്ക് ഉടമയെ ചോദ്യം ചെയ്തു. നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. എന്നാല്‍ ആര്‍.സി മാത്രമാണ് ഇപ്പോള്‍ തന്റെ പേരില്‍ ഉള്ളതെന്നും ആരാണ് വാഹനം ഉപയോഗിക്കുന്നത് എന്ന് അറിയില്ലെന്നുമാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി.
അതേ സമയം കൊല്ലപ്പെട്ട ശ്രീനിവാസന്റെ മൃതദേഹം സംസ്‌ക്കരിച്ചു. കറുകോടി മൂത്താന്‍ സമുദായ ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. നൂറുകണക്കിന് ആളുകളാണ് ചടങ്ങിലെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ആദ്യം എത്തിച്ചത്.
അതേ സമയം പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്ഥലം എം.എല്‍.എ ഷാഫി പറമ്പില്‍. മുന്നറിയിപ്പുകള്‍ പൊലിസ് അവഗണിച്ചുവെന്നും കൊലപാതകങ്ങള്‍ തടയാനാകാതിരുന്ന പൊലിസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ഷാഫി തുറന്നടിച്ചു.
തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗവുമായി കോണ്‍ഗ്രസ് സഹകരിക്കുമെന്നറിയിച്ച ഷാഫി, നേതൃത്വങ്ങള്‍ വിചാരിച്ചാല്‍ അക്രമം അവസാനിപ്പിക്കാനാകുമെന്നും അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."