HOME
DETAILS

ആർ.എസ്.എസുമായി ചർച്ച ചെയ്താലെന്ത്?

  
backup
February 23 2023 | 06:02 AM

rss-and-jamath-islami

എ.പി കുഞ്ഞാമു

ആർ.എസ്.എസ് നേതൃത്വവുമായി ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ ഈയിടെ നടത്തിയ കൂടിക്കാഴ്ച വലിയ ഒച്ചപ്പാടുകൾക്ക് വഴിവച്ചിരിക്കുകയാണ്. വിവിധ മത-സാമുദായിക സംഘടനകൾ പ്രശ്‌നം ഏറ്റെടുക്കുകയും വലിയ വിവാദമായി വിപുലീകരിക്കപ്പെടുകയും ചെയ്തു. സാമൂഹികമാധ്യമങ്ങൾക്ക് അത് കോളായിഭവിച്ചു. സി.പി.എമ്മും മുഖ്യമന്ത്രിതന്നെയും രാഷ്ട്രീയ എതിരാളികളെ അടിക്കാനുള്ള വടിയായി ഈ കൂടിക്കാഴ്ചയെ ഉപയോഗപ്പെടുത്തിയതോടെ പൊതുസമൂഹത്തിനിടയിൽ ആവശ്യത്തിലേറെ പ്രാധാന്യം കൈവന്നിരിക്കുകയാണ്. നിലപാടുകളുടെ ഉള്ളുറപ്പുകൊണ്ടോ ജനപിന്തുണയുടെ ബലംകൊണ്ടോ അത്രയൊന്നും പരിഗണിക്കപ്പെടേണ്ടാത്തതും രാഷ്ട്രീയമണ്ഡലങ്ങളിലെ കൂട്ടയോട്ടത്തിലെ വെറുമൊരംഗം എന്ന നിലയിൽമാത്രം കണക്കാക്കേണ്ടതുമായ ചെറുസംഘത്തിന് ആവശ്യത്തിലധികം പ്രാധാന്യം ചാർത്തിക്കൊടുക്കുകയാണ് ഇടതുമുന്നണി ചെയ്തിട്ടുള്ളത്. പണ്ട് ജമാഅത്തിനെ അനുകൂലിച്ച് നിലപാടെടുത്തപ്പോഴും പിന്നീട് സംഘടനയെ പടിയടച്ച് പുറത്താക്കിയപ്പോഴുമൊക്കെ ഇങ്ങനെയൊരു സമീപനമാണ് സി.പി.എം അനുവർത്തിച്ചുപോന്നത്. മുസ്‌ലിം ലീഗിനെയും മുസ്‌ലിം സമുദായത്തെയും തഞ്ചവും തരവുംപോലെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്നതിനിടയിൽ പാർട്ടി സ്വീകരിച്ച അടവുനയമാണിത്. ഹജ്ജ് കമ്മിറ്റി, വഖ്ഫ് ബോർഡ്, മീഡിയ അക്കാദമി എന്നു തുടങ്ങി മോയിൻ കുട്ടി വൈദ്യർ സ്മാരക കമ്മിറ്റിവരെയുള്ള സർക്കാർ സമിതികളിൽ ജമാഅത്തുകാരെ കുടിയിരുത്തിക്കൊണ്ടായിരുന്നു ഒരിക്കൽ ഇടതുമുന്നണി തങ്ങളുടെ സ്ട്രാറ്റജി നടപ്പാക്കിയത്. ഇപ്പോൾ അവരെ രാജ്യദ്രോഹികളും കൊടുംഭീകരരുമായി മുദ്രകുത്തി റദ്ദാക്കുന്നു. ഇത് തിരിച്ചറിയാനുള്ള ബുദ്ധി കഷ്ടകാലത്തിന് ജമാഅത്തിന്റെ മീഡിയോക്കർ നേതൃത്വത്തിനോ സൈബർ പോരാളികൾക്കോ ഇല്ല. തങ്ങളുടേതല്ലാത്ത അജൻഡകളോട് നിർഭാഗ്യവശാൽ സദാ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ് ജമാഅത്തുകാർ.


ആർ.എസ്.എസുമായി ജമാഅത്ത് നടത്തിയ കൂടിക്കാഴ്ച 'രാഷ്ട്രീയ ഭൂകമ്പ'മായി പരിണമിച്ചതിന് കാരണങ്ങൾ പലതാണ്. അടിമുടി രാഷ്ട്രീയവൽക്കരിക്കപ്പെട്ട കേരളീയസമൂഹത്തിന്റെ പ്രധാന ഊന്നൽ ഏതു സമയത്തും സാമുദായികതയിലാണ്. അതിനാൽ മുസ്‌ലിം സമൂഹത്തിന്റെ തീവ്രഹിന്ദുത്വ ഫാസിസവിരുദ്ധ നിലപാടിന്റെ പശ്ചാത്തലത്തിൽ, തീർത്തും മതകീയവും ഫാസിസ്റ്റുവിരുദ്ധവുമായ ജമാഅത്തുപോലെയുള്ള ഒരു സംഘടന ആർ.എസ്.എസുമായി വേദി പങ്കിട്ടുന്നത് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ തിരയിളക്കമുണ്ടാക്കും. മുസ്‌ലിം സാമുദായിക വൃത്തങ്ങളിൽ അത് വലിയ കോലാഹലങ്ങളും അന്തസ്സംഘർഷങ്ങളും സൃഷ്ടിക്കും. മറ്റൊരു കാരണം കേരളത്തിലെ മുസ്‌ലിം മത-സാമുദായിക സംഘടനകളെല്ലാം വളരെ കാര്യക്ഷമവും ചലനാത്മകവും രാഷ്ട്രീയത്തിന്റെ ഗതിവിഗതികളുടെ കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തുന്നവയുമാണ്. ജമാഅത്തും ആർ.എസ്.എസും പരസ്പരം നടത്തിയ ചർച്ചക്ക് വലിയ രാഷ്ട്രീയമാനങ്ങൾ നൽകിയതിനും ആവശ്യത്തിലധികം ആലോചനകൾ അതിലേക്ക് സന്നിവേശിപ്പിച്ചതിനും മുസ്‌ലിം സമൂഹത്തെ അത് പൊതുവിൽ വളരെയധികം ആശങ്കാകുലമാക്കി മാറ്റിയതിനും ഇതെല്ലാം കാരണങ്ങളാണ്.


അതേസമയം, ജമാഅത്തെ ഇസ്‌ലാമിക്കാർ നിസ്സാരവൽക്കരിക്കുന്നതുപോലെ അത്രയൊന്നും പ്രയാസപ്പെടേണ്ടതില്ലാത്ത സംവാദമായിരുന്നുവോ അത്. വേറെയും മതസംഘടനകൾ, അതും ജംഇയ്യത്തുൽ ഉലമ പോലെയുള്ളവ ചർച്ചയിൽ പങ്കാളിയായിരുന്നു എന്നും ചർച്ച പരസ്പര സാഹോദര്യം സ്ഥാപിക്കുന്നതിലൂന്നിനിന്നുകൊണ്ടുള്ള ഒന്നായിരുന്നു എന്നും ഇത്തരം ആദാനപ്രദാനങ്ങൾ മുൻപും നടന്നിട്ടുണ്ട് എന്നുമൊക്കെയുള്ള അവരുടെ ന്യായീകരണങ്ങൾ മുഖവിലക്കെടുക്കാവുന്നതേയുള്ളു. എന്നാൽ രാജ്യത്ത് നിലനിൽക്കുന്ന പൊതുസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, പരസ്പരം തുല്യപരിഗണന നൽകിക്കൊണ്ടുള്ള സംവാദമാണോ നടന്നത് എന്ന ചോദ്യം പ്രസക്തമാണ്. മതേതര, ജനാധിപത്യ സമൂഹത്തിൽ പ്രവർത്തിക്കുന്ന ഏതാനും ഇസ്‌ലാമിക സംഘടനകൾ അതേതരത്തിൽ പ്രവർത്തിക്കുന്ന ഹിന്ദുത്വ സംഘടനയുമായി അറിയാനും അറിയിക്കാനും വേണ്ടി നടത്തിയ ആത്മാർഥ സംവാദമായിരുന്നു അതെന്ന് രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക കാലാവസ്ഥയിൽ പറയാനാവുകയില്ല. അത്തരം സംവാദങ്ങൾക്ക് സാധ്യത അനുവദിച്ചുകൊടുക്കുന്ന കാലാവസ്ഥയല്ല ഇന്ത്യയിലുള്ളത്. ആർ.എസ്.എസ് അതിനുള്ള മാനസികനില പുലർത്തുന്ന സംഘവുമല്ല.


1925ൽ സ്ഥാപിതമായ ആർ.എസ്.എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്ര സംസ്ഥാപനമാണ്. നൂറു വർഷങ്ങൾക്കുശേഷം അതായത് 2025ൽ ഈ ലക്ഷ്യപൂർത്തീകരണം മുന്നിൽകണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളിലാണ് അവർ ഏർപ്പെട്ടിട്ടുള്ളത്. കാരുണ്യലേശമന്യേ ഈ ലക്ഷ്യപൂർത്തീകരണം സാധിച്ചെടുക്കാൻ ഒട്ടും കൈയറപ്പില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസൂത്രണത്തിൽ മുസ്‌ലിം മുദ്രകൾ മുഴുവനും പൊതുജീവിതത്തിൽനിന്നു ബലംപ്രയോഗിച്ചു മായ്ച്ചുകളയുകയാണ്. തങ്ങളുടെ പൗരത്വത്തിന്റെ കാര്യത്തിൽ മുസ്‌ലിംകൾ ആശങ്കാകുലരാണ്. രണ്ടാംതരം പൗരത്വത്തിലേക്ക് മുസ്‌ലിം സമൂഹം ചവിട്ടിത്തള്ളപ്പെടുന്ന അവസ്ഥയിൽ ഈ ചർച്ചയെ തുല്യപരിഗണനയോടെ നടന്ന ആശയസംവാദമായി കണക്കാക്കാനാവുകയില്ല. സിംഹത്തിന്റെ മടയിലെത്തിയ ആട്ടിൻകുട്ടിയുടെ ഉപമയാവും ഈ സംവാദത്തിൽ പങ്കെടുത്ത മുസ്‌ലിം സംഘടനകൾക്ക് കൂടുതൽ യോജിക്കുക. അതിനാൽ ജമാഅത്തിന്റെ നടപടിയേയും തുടർന്നുണ്ടായ ന്യായീകരണങ്ങളേയും കീഴടങ്ങലോ ചെരിപ്പുനക്കലോ സങ്കടഹരജിയോ കാര്യസാധ്യതക്കുവേണ്ടിയുള്ള കൗശലമോ കൂട്ടിക്കൊടുപ്പോ ഒക്കെയായി വ്യാഖ്യാനിക്കപ്പെട്ടാൽ അതിനെ അപ്പാടെ നിരാകരിക്കാനാവുകയില്ല. ചർച്ച നടന്ന സന്ദർഭമാണ് ജമാഅത്തിനെതിരായുള്ള കുറ്റപത്രത്തിലെ പ്രധാന പോയൻ്റ്.


മതേതര ഐക്യത്തിൽ വിള്ളൽ


അതോടൊപ്പം മറ്റൊരു കാര്യംകൂടി പ്രസക്തമാണ്. രാജ്യത്തുടനീളം രൂപപ്പെട്ടു വരുന്ന ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ ഐക്യത്തിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്ന നടപടി കൂടിയാണിത്. 2024ലെ തെരഞ്ഞെടുപ്പിലും ഇന്ത്യയിൽ ബി.ജെ.പി അധികാരത്തിൽ വരികയാണെങ്കിൽ അതുണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ചു മതേതരശക്തികൾക്ക് കൂടുതൽ ബോധ്യപ്പെട്ടു തുടങ്ങിയ സാഹചര്യത്തിൽ, ബി.ജെ.പിവിരുദ്ധ സഖ്യം രൂപപ്പെടുത്താനുള്ള ശ്രമം ശക്തമായി വരുന്ന ഇക്കാലത്ത് ഈ ചർച്ച അതിൽ വിള്ളൽവീഴ്ത്തുമെന്ന് തീർച്ച. ആർ.എസ്.എസാണ് മതേതരശക്തികളുടെ യഥാർഥ ശത്രു. ശത്രുവിനെതിരായുള്ള പോരാട്ടത്തിൽ പ്രബല പങ്കുവഹിക്കേണ്ട ന്യൂനപക്ഷ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന സമുദായ സംഘടനകൾ പാതിവഴിയിൽ ഇറങ്ങിപ്പോന്ന് ഒറ്റക്ക് സമാധാന സംസ്ഥാപനത്തിനു തുനിഞ്ഞാൽ അത് യുദ്ധത്തിന്റെ ഗതിയെ എപ്രകാരമായിരിക്കും ബാധിക്കുകയെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി. അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസത്തിനിടയിൽ രൂപപ്പെട്ട മമതയുമായോ മൂസാ നബിയും ഫിർഔനും തമ്മിലുണ്ടായിരുന്ന പാരസ്പര്യവുമായോ ഒക്കെ അതിനെ സമീകരിക്കുന്നത് വെറും ചപ്പടാച്ചിയാണ് എന്ന് മനസ്സിലാക്കാനും ഈ ബുദ്ധി ധാരാളം. ജമാഅത്തിന്റെ ന്യായീകരണങ്ങൾ മുഖവിലക്കെടുത്തുകൊണ്ടുതന്നെ പറയട്ടെ ഏത് നടപടിയും തെറ്റോ ശരിയോ ആവുന്നത് അതിന്റെ സമയ, സന്ദർഭങ്ങളും സാഹചര്യങ്ങളുമനുസരിച്ചാണ്. ഈ യുക്തിവച്ചു വിലയിരുത്തുമ്പോൾ ജമാഅത്തിന്റെ വാദങ്ങൾ റദ്ദായിപ്പോവുകയാണ് ചെയ്യുന്നത്.


മുസ്‌ലിം സമുദായത്തിന്റെ പൊതുബോധം ഈ കൂടിക്കാഴ്ചയെ എങ്ങനെയാണ് കാണുന്നത്? ആർ.എസ്.എസിന് മാന്യത നൽകുന്ന ഒരു നടപടിയേയും ഇന്ന് ഇന്ത്യയിലെ മുസ്‌ലിം പൊതുബോധം പൊറുപ്പിക്കുകയില്ല. കേരളത്തിൽ ഒട്ടുമില്ല. കേരളത്തിലെ പൊതുസമൂഹത്തിന്റെ സാമാന്യ രാഷ്ട്രീയബോധവും ഹിന്ദുവർഗീയതയുടെ ആശയധാരയായ ആർ.എസ്.എസിനും അവരുടെ രാഷ്ട്രീയപ്പാർട്ടിയായ ബി.ജെ.പിക്കും അസ്പൃശ്യത കൽപ്പിക്കുന്നു. അതുകൊണ്ടാണല്ലോ കേരള നിയമസഭയിൽ ഒരു എം.എൽ.എയെ ഉണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ എല്ലാ വഴികളുമുപയോഗിച്ച് തടയാൻ കേരളീയ സമൂഹം പാടുപെടുന്നത്. അതിനായി ഏതറ്റംവരേയും അവർ പോകും. പാലക്കാട്ട് ഇ. ശ്രീധരനെയും മഞ്ചേശ്വത്ത് കെ. സുരേന്ദ്രനെയും തൃശൂരിൽ സുരേഷ് ഗോപിയേയും പരാജയപ്പെടുത്താൻ ഈ വഴിയിലൂടെയാണ് നമ്മുടെ പൊതുബോധം സഞ്ചരിച്ചത്. ആൾബലംവച്ചു നോക്കിയാൽ ഒരു നിയമസഭാംഗത്വത്തിനുള്ള ആനുപാതിക യോഗ്യത ബി.ജെ.പിക്കുണ്ട്. ഈ യോഗ്യതയെപ്പോലും നിരാകരിക്കുന്ന പൊതുബോധമാണ് നമ്മുടേത്. ജമാഅത്തെ ഇസ്‌ലാമിക്കാർ ഈ പൊതുബോധത്തെ ഉൾക്കൊണ്ടില്ലെന്ന് തന്നെ പറയണം


മറ്റൊരു തലത്തിലാലോചിച്ചാലും ജമാഅത്ത്-ആർ.എസ്.എസ് ചർച്ച മികച്ച രാഷ്ട്രീയമാതൃകയല്ല. നമ്മുടേത് ഒരു ജനാധിപത്യ, മതേതര സമൂഹമാണ്. മതേതര, ജനാധിപത്യ ആശയങ്ങളെ അംഗീകരിക്കുന്ന സംഘടനയല്ല ആർ.എസ്.എസ്. ജമാഅത്തും അതേ തൂവൽപക്ഷിയാണെന്ന ആരോപണമുണ്ടെങ്കിലും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായാണ് സംഘടന ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിനനുസൃതമായി ആശയാദർശങ്ങളിലും പ്രവർത്തനരീതിയിലും ജമാഅത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യയിൽ മതേതര ജനാധിപത്യ വ്യവസ്ഥ പുലർന്നു കാണണമെന്നാഗ്രഹിക്കുന്നവരാണ് ജമാഅത്തടക്കം കൂടിക്കാഴ്ചയിൽ പങ്കെടുത്ത മുസ്‌ലിം സംഘടനകളെല്ലാം. ഈ സംഘടനകൾ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റി ആർ.എസ്.എസുമായി സംവദിക്കുമ്പോൾ സംഭവിക്കുന്നത് ഹൈന്ദവ ഫാസിസ്റ്റുകളെ സെന്റർ സ്റ്റേജിലേക്ക് അഥവാ കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവരികയാണ്. തങ്ങളുടെ നിലനിൽപ്പിന്റെ രാഷ്ട്രീയത്തെപ്പറ്റി ആർ.എസ്.എസുമായി ചർച്ച ചെയ്യുക വഴി ജമാഅത്ത് ചെയ്തത് ആർ.എസ്.എസിന്റെ തീവ്ര ഫാസിസത്തിനു ലെജിറ്റിമസി നൽകുകയാണ്. ഇങ്ങനെയൊരു സാധുത തീവ്ര ഹിന്ദത്വ പ്രത്യയശാസ്ത്രത്തിന്ന് നൽകിയതിലൂടെ മുസ് ലിം സംഘടനകൾ മതേതരശക്തികളുടെ പോരാട്ടത്തിന് മാരകമായ പരുക്കാണ് ഏൽപിച്ചത്. ഗവണ്മെന്റിന്റെ പ്രതിനിധികളുമായോ ബി.ജെ.പിയുമായിത്തന്നെയോ ആയിരുന്നില്ല കൂടിക്കാഴ്ച എന്നോർക്കുക.


ഇനി ഒരു ഹൈപോതറ്റിക്കൽ ചോദ്യം. ഈ കൂടിക്കാഴ്ച നടത്തിയത് മറ്റേതെങ്കിലും മത/സാമുദായിക സംഘടന ആയിരുന്നുവെങ്കിലോ! ജമാഅത്തെ ഇസ്‌ലാമി അതിനെ എങ്ങനെ ആയിരുന്നേനെ കാണുക? കേരളത്തിലെ സുന്നി സംഘടനകളുടെ രാഷ്ട്രീയവിധേയത്വങ്ങളെ കളിയാക്കാനുള്ള ദൗത്യം സദാ ഏറ്റെടുത്തവരാണ് ജമാഅത്തുകാർ. അടുത്തകാലത്ത് ഒരു മുജാഹിദ് സംഘടനയുടെ സമ്മേളനത്തിൽ ബി.ജെ.പി നേതാക്കൾ പങ്കെടുത്തതിനെ ജമാഅത്ത് വൃത്തങ്ങൾ സോഷ്യൽ മീഡിയയിലിട്ട് ഒലുമ്പിയതിന്ന് കൈയും കണക്കുമില്ല. ഇതുവച്ചു ചിന്തിക്കുമ്പോൾ ചോദ്യത്തിന്റെ ഉത്തരം വ്യക്തമാണ്. കൊടുത്തത് ജമാഅത്തിനും കിട്ടുന്നു എന്നത് കാവ്യനീതി. പാടത്ത് പണിയും വരമ്പത്ത് കൂലിയുമെന്നത് എല്ലാവർക്കും ബാധകം.


ഭയം സമൂഹത്തെ ആമൂലാഗ്രം ഗ്രസിച്ച അവസ്ഥയിൽ അതിജീവനത്തിന്റെ വഴികൾ എത്രയെത്ര വിചിത്രം!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago