വിദ്യാര്‍ഥികളെ ദുരിതത്തിലാക്കി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് പുതിയ അപേക്ഷാഫോം
ഒലവക്കോട്: മത ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കല്‍ ഈ വര്‍ഷം ഓണ്‍ലൈന്‍ മുഖാന്തരമാക്കിയത് അപേക്ഷകരെ വട്ടംകറക്കുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ പദ്ധതി 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം വരെ വളരെ സുതാര്യമായ രീതിയില്‍ അപേക്ഷ സ്വീകരിച്ചിരുന്നപ്പോള്‍ ഈ വര്‍ഷം മുതലാണ് അപേക്ഷകരെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ കാര്യങ്ങള്‍ പുനഃക്രമീകരിച്ചത്.വര്‍ഷത്തില്‍ സ്‌കോളര്‍ഷിപ്പായി 1000 രൂപ ലഭിക്കുമ്പോള്‍ ചെലവായി ഇതിന്റെ പകുതിയിലധികം തുക ചിലവഴിക്കണം. അപേക്ഷാ ഫോറത്തിന് മൂന്നു രൂപയുണ്ടായിരുന്നത് ഇപ്പോള്‍ അക്ഷയകേന്ദ്രങ്ങളും ഇന്റര്‍നെറ്റ് കഫേകളിലും പത്തു മുതല്‍ 20 രൂപ വരെ ഈടാക്കുന്നു. അതിന് പുറമെ താമസം തെളിയിക്കുന്ന രേഖ, റേഷന്‍കാര്‍ഡിന്റെ കോപ്പി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ അധികൃതരുടെ പരിശോധനാ കുറിപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ജാതി തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഡിക്ലറേഷന്‍, വിദ്യാര്‍ഥിയുടെ ഫോട്ടോ, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫൈനല്‍ പരീക്ഷയില്‍ അന്‍പത് ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചതായി തെളിയിക്കുന്ന രേഖ എന്നിവയടക്കം പത്തിലധികം രേഖകളാണ് ആവശ്യപ്പെടുന്നത്.
മേല്‍പറഞ്ഞ രേഖകളെല്ലാം സഹിതം വീണ്ടും അക്ഷയ കേന്ദ്രങ്ങളിലോ ഇന്റര്‍നെറ്റ് കഫേകളിലോ എത്തി രേഖകളെല്ലാം സ്‌കാന്‍ ചെയ്ത് പകര്‍പ്പ് ഉള്‍ക്കൊള്ളിച്ച് സബ്മിറ്റ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സ്‌കൂളില്‍ സമര്‍പ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം.
അക്ഷയ കേന്ദ്രങ്ങളിലും കംപ്യൂട്ടര്‍ കഫേകളിലും ചിലവുകള്‍ മാത്രം 150 മുതല്‍ 200 രൂപ വരെയാണ്. രേഖകള്‍ സംഘടിപ്പിക്കാനുള്ള ചിലവുകളും കൂടിയാവുമ്പോള്‍ 500 രൂപയാകും. ഒരു അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്റര്‍നെറ്റ് കഫേകളിലെത്തുന്നവര്‍ക്ക് രണ്ടോ മൂന്നോ ദിവസത്തെ സമയം കൂടി നഷ്ടപ്പെടുന്നു. അതേസമയം ലഭിക്കുന്നതോ 1000 രൂപയുമായതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയിലധികം പേരും അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."