ഭൂരിപക്ഷ മതവാദത്തെ മൗനത്താൽ 'എതിരിടുന്നവർ'
എൻ.കെ ഭൂപേഷ്
ഇന്ത്യ ഒരു ജനാധിപത്യ, മതേതര രാജ്യമായി തുടരണമെന്ന് ആഗ്രഹിക്കുന്ന ഈ നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ചെറുതെങ്കിലും ആശ്വാസകരമായ ചില സൂചനകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഏത് ചെറിയ കാര്യത്തിലും ആശ്വാസം കണ്ടെത്തുകയെന്നത് ആത്മവിശ്വാസത്തിന്റെ മാത്രം ലക്ഷണമൊന്നുമല്ല, മറിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവന്റെ അവസാനത്തെ പ്രതീക്ഷയാണ് അതിൽ നിഴലിക്കുന്നത്. അത്തരത്തിൽ ആത്മവിശ്വാസം കണ്ടെത്തുന്നവരുടെ പ്രതീക്ഷയെക്കുറിച്ചാണ് പറയുന്നത്. എന്നാൽ ആ പ്രതീക്ഷകളെ പോലും അസ്വസ്ഥമാക്കുന്ന, തകിടംമറിക്കുന്ന ചില രാഷ്ട്രീയപാർട്ടികളുടെ തന്ത്രപരമായ മൗനവും ഈ ദിവസങ്ങളിൽ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നുവെന്നതാണ് നമ്മുടെ കാലത്തെ രാഷ്ട്രീയ ദൗർഭാഗ്യം.
2024ലെ തെരഞ്ഞെടുപ്പിലേക്ക് ഇനി കൃത്യം രണ്ട് വർഷം മാത്രമാണ് ബാക്കി. അതിനു മുമ്പ് പല സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളാണ് ഇതിൽ പ്രധാനം. സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ശരിയായ സൂചനകൾ നൽകുമെന്നൊന്നും പറയാൻ കഴിയുന്ന സാഹചര്യമല്ല ഇന്ത്യയിൽ നിലനിൽക്കുന്നത്. കാരണം, ദേശീയതലത്തിൽ നരേന്ദ്രമോദിയൊടൊപ്പം മാധ്യമങ്ങൾ പരിഗണിക്കുന്ന നേതാവ് ഇല്ലെന്നതുതന്നെ. എന്നാൽ രാഷ്ട്രീയപാർട്ടികൾ തയാറാണെങ്കിൽ ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന രാഷ്ട്രീയസന്ദേശവും ചിലപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പുകൾ നൽകാറുണ്ട്.
അത്തരത്തിൽ കാണാവുന്ന ചില ഉപതെരഞ്ഞെടുപ്പ് ഫലങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പശ്ചിമബംഗാളിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികളാണ് വിജയിച്ചത്. ബിഹാറിൽ ആർ.ജെ.ഡിയും മഹാരാഷ്ട്രയിൽ കോൺഗ്രസും പശ്ചിമബംഗാളിൽ തൃണമൂലും വിജയിച്ചു. ബംഗാളിൽ അസൻസോൾ ലോക്‌സഭ സീറ്റും ബോളിഗഞ്ച് നിയമസഭ സീറ്റും തൃണമൂൽ കോൺഗ്രസിന് ലഭിച്ചു. ബിഹാറിലെ ബോച്ച്ഹാം നിയമസഭ സീറ്റിൽ ആർ.ജെ.ഡിയും മഹാരാഷ്ട്രയിലെ കോലാപൂർ നോർത്ത്, ഛത്തീസ്ഗഡിലെ ഖൈറാഗഡ് നിയമസഭാ സീറ്റുകളിൽ കോൺഗ്രസും വിജയിച്ചു.
ബിഹാറിൽ എൻ.ഡി.എയിൽ ഉണ്ടായിരുന്ന, വികാസ് ശീൽ പാർട്ടി മുന്നണിയിൽനിന്ന് പുറത്താകുകയും മത്സരിക്കുകയും ചെയ്തത് ആർ.ജെ.ഡിയ്ക്ക് സഹായകരമായി. ബി.ജെ.പി സ്ഥാനാർഥി മുപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന സി.പി.എം, ബി.ജെ.പിയെ പിന്നിലാക്കി ബോളിഗഞ്ചിൽ രണ്ടാംസ്ഥാനത്തെത്തിയെന്നതാണ് അവരിൽ തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകുന്നത്. അസൻസോൾ ലോക്‌സഭ സീറ്റിലേക്ക് നടന്ന മത്സരത്തിൽ ഇടതുപക്ഷം മൂന്നാംസ്ഥാനത്ത് മാത്രമാണ് എത്തിയത്. ബംഗാളിൽ ബി.ജെ.പി വരവറിയിച്ച മണ്ഡലമായിരുന്നു അസൻസോൾ. 2014 ലും 2019 ലും ബി.ജെ.പി അവിടെ വിജയിച്ചു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തോളം വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്ക് ഇത്തവണ ബി.ജെ.പി പരാജയപ്പെട്ടത്. ബി.ജെ.പിയുടെ ബംഗാളിലെ പൂർണ തകർച്ചയുടെ സൂചനയായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ കാണാം. അതേസമയം, ബോളിഗഞ്ച് ഇടതുപക്ഷത്തെ ബംഗാളിൽ എഴുതിത്തള്ളാൻ സമയമായിട്ടില്ലെന്ന് സൂചനയും നൽകുന്നു. അസൻസോളിൽ ഇടതുപക്ഷത്തിന് ഏഴ് ശതമാനത്തിലേറേ വോട്ടുകളാണ് ലഭിച്ചത്. അവിടെ കോൺഗ്രസിനെ മറികടന്ന് മൂന്നാംസ്ഥാനത്ത് അവർ എത്തുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ചിടത്തോളം പൊതുവെ ആശ്വാസകരമായ വിധിയെഴുത്താണ് ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്.
നിയമസഭ-ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകൾ പുറത്തുവന്ന സമയവും ശ്രദ്ധേയമാണ്. രാമനവമി ആഘോഷത്തിന്റെ പേരിൽ മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും അവരുടെ വ്യാപാരസ്ഥാപനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾ പുറത്തുവന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നത്. മുസ്‌ലിംസമുദായത്തിൽപ്പെട്ടവരെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടൊപ്പംതന്നെ വിദ്വേഷ പ്രചാരണങ്ങളും വലിയ രീതിയിൽ നടന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും പ്രധാനമന്ത്രിയുൾപ്പെടെ ഭരിക്കുന്നവർ ആരും ഇതിനെ അപലപിച്ചുമില്ല. മതാഘോഷങ്ങളും ചടങ്ങുകളും അന്യമതവിദ്വേഷം പടർത്തുവാൻ ഉപയോഗിക്കുന്ന അവസ്ഥ രാജ്യത്ത് സ്വാഭാവികവൽക്കരിക്കപ്പെടുന്നതിന്റെ സൂചനകളിൽ അവസാനമായി പുറത്തുവന്നതാണിത്. ഇതിനെതിരേ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ പൊതുവിൽ പ്രതികരിക്കുമെന്നാണ് ജനാധിപത്യവിശ്വാസികൾ കരുതുക. ഭരണകക്ഷി പ്രതികരിച്ചില്ലെന്നത് അവരുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി കാണാം. എന്നാൽ, രാമനവമിയുമായി ബന്ധപ്പെട്ട് ഹിന്ദുത്വ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ എതിർക്കുന്നതിൽ ചില പ്രതിപക്ഷ പാർട്ടികൾക്ക് എന്താണ് തടസം? കഴിഞ്ഞ ദിവസം ആക്രമണങ്ങൾക്കെതിരേ പ്രതികരിച്ച പ്രതിപക്ഷ നേതാക്കളുടെ കൂട്ടത്തിൽ ചില പ്രമുഖരുടെ പേരുണ്ടായിരുന്നില്ല. സോണിയാ ഗാന്ധി, ശരദ് പവാർ, മമതാ ബാനർജി, എം.കെ സ്റ്റാലിൻ, സീതാറാം യെച്ചൂരി തുടങ്ങിയവർ പുറത്തിറക്കിയ പ്രസ്താവനയിൽനിന്നാണ് ചില പ്രമുഖർ വിട്ടുനിന്നത്. അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാൾ, നവീൻ പട്‌നായിക്, കെ. ചന്ദ്രശേഖർ റാവു എന്നിവരുടെ പേരുകളാണ് പൊതുപ്രസ്താവനയിൽ അഭാവംമൂലം മുഴച്ചുനിന്നത്. ഇത് വളരെ നിർദോഷമാണോ എന്ന സംശയമുണ്ട്.
അവഗണിച്ചാൽ ഇല്ലാതാകുന്നതാണ് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം എന്ന തോന്നാലാണ് ഈ 'അടവ്' നയത്തിന്റെ പിന്നിൽ. ഹിന്ദുത്വത്തെ, അതു നടത്തുന്ന അതിക്രമങ്ങളെ വിമർശിച്ചാൽ, അതിനെ രാഷ്ട്രീയമായി എതിരിട്ടാൽ, രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന തോന്നലിന്റെ പേരാണ് മൃദുഹിന്ദുത്വം. ആ തോന്നൽ ഇന്ത്യയിലെ പ്രബലരായ ചില രാഷ്ട്രീയപാർട്ടികളെ സ്വാധീനിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മേൽ സൂചിപ്പിച്ചത്. ഇതൊരു രാഷ്ട്രീയതന്ത്രമാക്കി ആദ്യം മാറ്റിയത് ആം ആദ്മി പാർട്ടിയും അരവിന്ദ് കെജ്‌രിവാളുമാണ്. ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം നടന്നപ്പോഴും വർഗീയ കലാപം ഉണ്ടാകുകയും ചെയ്തപ്പോൾ അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്തത്. അതൊരു രാഷ്ട്രീയതന്ത്രമാണെന്ന് ചിലർ കരുതി. കോൺഗ്രസ് നേതാക്കൾ കമൽനാഥിനെപ്പോലുള്ളവർ പ്രത്യേകിച്ചും പലപ്പോഴും ഹിന്ദുത്വ ചിഹ്നങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയും ഇതിന്റെ തന്നെ ഭാഗമായി കാണാം. ഫലത്തിൽ ഇന്ത്യയിൽ ഹിന്ദുത്വം എന്നത് വളരെ സ്വാഭാവികവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്.
അരവിന്ദ് കെജ്‌രിവാളും നവീൻ പട്‌നായിക്കും അഖിലേഷ് യാദവും ചന്ദ്രശേഖർ റാവുവും ഇല്ലാതെ ഇന്ത്യയിൽ ശക്തമായ ബി.ജെ.പി വിരുദ്ധ മുന്നണിയുണ്ടാക്കാൻ കഴിയുമോ എന്നിടത്തേക്കാണ് ഈ ചർച്ച സ്വാഭാവികമായി കൊണ്ടുചെന്നെത്തുക. തങ്ങൾ കൂട്ടത്തിൽ അണിനിരക്കേണ്ടവരല്ലെന്നും മുന്നണിയെ നയിക്കേണ്ടവരുമാണെന്ന തോന്നൽ കൂടിയാവും പ്രതിപക്ഷ കൂട്ടായ്മയുടെ സൂചനകൾ നൽകുന്ന പ്രസ്താവനകളിൽനിന്നു പോലും വിട്ടുനിൽക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. അങ്ങനെയുള്ള ഘട്ടത്തിൽ ആരാണ് അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുവരിക. പ്രാദേശികതലത്തിൽ കോൺഗ്രസിന്റെ എതിരാളികളാണ് ഈ രാഷ്ട്രീയപാർട്ടികളിൽ പലതും. പ്രദേശികമായ രാഷ്ട്രീയ എതിർപ്പുകൾക്കപ്പുറം ജനാധിപത്യ, മതേതര സംരക്ഷണത്തിനായി പരസ്പരം സഹകരിക്കാനുള്ള രാഷ്ട്രീയ കടമകൾ ഈ പാർട്ടികൾ നിർവഹിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. അല്ലെങ്കിൽ ബംഗാളിലും മഹാരാഷ്ട്രയിലും ബിഹാറിൽനിന്നുമെല്ലാം ജനങ്ങൾ പ്രകടിപ്പിക്കുന്ന രാഷ്ട്രീയമോഹങ്ങൾ പ്രയോഗത്തിലെത്താതെ പോകും. അത് രാജ്യത്തെ മതേതരത്വത്തെയും ജനാധിപത്യത്തെയും വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലെത്തിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."