മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ ഉത്തരവിൽ പിഴവ്; റദ്ദാക്കി പൊതുഭരണ വകുപ്പ്
സ്വന്തം ലേഖകൻ
കോഴിക്കോട്
മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ്.
ഉത്തരവിൽ വസ്തുതാപരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ തന്നെ നിയന്ത്രണത്തിലുള്ള വകുപ്പ് ഉത്തരവ് റദ്ദാക്കിയതായി വീണ്ടും ഉത്തരവിറക്കിയത്. ജനുവരി 11 മുതൽ 26 വരെ അമേരിക്കയിൽ മിനിസോട്ടയിലെ മയോക്ലിനിക്കിലെ ചികിത്സയ്ക്കാണ് 29.82 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 30 ന് മുഖ്യമന്ത്രി നേരിട്ട് അപേക്ഷ സമർപ്പിച്ചത്. ഇതു പരിശോധിച്ച ശേഷം ഈ മാസം 13ന് മുഖ്യമന്ത്രിക്ക് ചെലവായ തുക മുഴുവനായും അനുവദിച്ച് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം ഉത്തരവിറക്കി. ഈ ഉത്തരവിൽ വസ്തുതാപരമായ പിശക് സംഭവിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം ഉത്തരവ് റദ്ദ് ചെയ്തത്. ആദ്യമിറക്കിയ ഉത്തരവിൽ '' തുടർ പരിശോധനയിൽ ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നൽകിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടക്കണം'' എന്ന് നിഷ്‌കർഷിക്കുന്നുണ്ട്. ഇതാണ് ഉത്തരവിലെ പ്രധാന പിഴവായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുക തിരിച്ചടയ്ക്കണമെന്ന പരാമർശം മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവിൽ ചൂണ്ടികാണിച്ചിരിക്കുന്നത് ഉചിതമല്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് സാധാരണ ഗതിയിൽ മുഖ്യമന്ത്രിക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാറുള്ളത്. എന്നാൽ ഇവിടെ മുഖ്യമന്ത്രി നേരിട്ടാണ് അപേക്ഷ സമർപ്പിച്ചത്. തനിക്ക് ചെലവായ തുക തരണമെന്ന് തന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിൽ മുഖ്യമന്ത്രി അപേക്ഷ സമർപ്പിക്കുന്നത് ഔചിത്യമല്ലെന്നതും ചൂണ്ടിക്കാണിച്ചാണ് ഉത്തരവ് റദ്ദാക്കിയത്. പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കുന്നതിന് മുഖ്യമന്ത്രിക്ക് പകരം, പ്രൈവറ്റ് സെക്രട്ടറി പുതിയ അപേക്ഷ സമർപ്പിക്കും. പിന്നീട് തുക നൽകാനായി പുതിയ ഉത്തരവിറക്കുമെന്നാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."