ലേഖിംപൂർ കേസ്; ആശിഷ് മിശ്രയുടെ ജാമ്യം: വിധി ഇന്ന്
ന്യൂഡൽഹി
ലേഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത ഹരജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്,ഹിമാ കോഹ് ലി എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറയുക. ഈ മാസം നാലിന് ഹരജിയിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിയിരുന്നു.
ആശിഷ് മിശ്രയ്ക്ക് അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ഉത്തർപ്രദേശ് സർക്കാരിനെതിരേ ബഞ്ച് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും കേസ് അന്വേഷണം നിരീക്ഷിക്കാൻ സുപ്രിംകോടതി നിയോഗിച്ച സമിതി ജാമ്യം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാൻ നിർദേശം നൽകിയിരുന്നില്ലേയെന്നും ബഞ്ച് ചോദിച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചുവരികയാണെന്നാണ് ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത്മലാനി കോടതിയെ അറിയിച്ചത്. ആശിഷ് മിശ്ര രാജ്യം വിട്ട് പോകുമെന്ന ആശങ്കയില്ലെന്ന നിലപാടും യു.പി സർക്കാർ സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."