ഇടതുപക്ഷത്തെ ഉള്‍പ്പോര് ആലപ്പുഴയില്‍ പ്രതിഫലിക്കുമോ?
ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പുതന്നെ സി.പി.എമ്മിലും സി.പി.ഐയിലുമുള്ള ഉള്‍പ്പോര് മറനീക്കി പുറത്തുവന്നതാണ് ആലപ്പുഴയെ ശ്രദ്ധേയമാക്കുന്നത്. വോട്ടെണ്ണുന്നതിനു മുമ്പ് ആരോപണപ്രത്യാരോപണം ഉയര്‍ന്നതും അച്ചടക്ക നടപടി സ്വീകരിച്ചതുമാണ് ആലപ്പുഴ ജില്ലയുടെ ഫലത്തെ ഉറ്റുനോക്കാന്‍ പ്രേരിപ്പിക്കുന്നത്.
2016ല്‍ ഒമ്പതില്‍ എട്ടു മണ്ഡലങ്ങളിലും മികച്ച വിജയം നേടിയ എല്‍.ഡി.എഫിന്റെ ആത്മവിശ്വാസത്തില്‍ ഇടിവുണ്ടായത് ജില്ലയിലെ മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്, പി. തിലോത്തമന്‍ എന്നിവരെ മത്സരരംഗത്തുനിന്ന് ഒഴിവാക്കിയതോടെയാണ്. തെരഞ്ഞെടുപ്പിനു ശേഷം സുധാകരന്‍ തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ നടത്തുന്ന നീക്കം വാര്‍ത്താസമ്മേളനം നടത്തി തുറന്നടിച്ചതോടെയാണ് സി.പി.എമ്മിലെ നീറുന്ന വിഭാഗീയത മറനീക്കി പുറത്തുവന്നത്. സുധാകരന്റെ പൊളിറ്റിക്കല്‍ ക്രിമിനല്‍ പ്രയോഗം വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
അമ്പലപ്പുഴയില്‍ തന്റെ പകരക്കാരന്‍ എച്ച്. സലാമിനുവേണ്ടി വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ചിലരുടെ നീക്കത്തിനെതിരേയാണ് സുധാകരന്‍ പൊട്ടിത്തെറിച്ചത്. അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ സുധാകരന്റെ ചിത്രം പതിച്ച പോസ്റ്റര്‍ കീറിയ ശേഷം എ.എം ആരിഫ് എം.പിയുടെ ചിത്രമുള്ള പോസ്റ്ററൊട്ടിച്ചതും വിവാദമായിരുന്നു. എം.പിയുടെ പോസ്റ്റര്‍ പാര്‍ട്ടിയുടെ അനുമതിയോടെയല്ലെന്ന് ജില്ലാ നേതൃത്വവും വ്യക്തമാക്കിയിരുന്നു. മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ഭാര്യ സുധാകരനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്നു പറഞ്ഞ് പൊലിസില്‍ പരാതി നല്‍കിയതും സി.പി.എമ്മിലെ വിഭാഗീയതയുടെ പ്രതിഫലനമായി മാറി.
കായംകുളത്തെ സി.പി.എം സ്ഥാനാര്‍ഥി യു. പ്രതിഭ കാലുവാരല്‍ സൂചന നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും പിന്നീട് അത് സുധാകരനെതിരേയുള്ള പ്രചാരണമായതും വിവാദമായിരുന്നു. പ്രതിഭ ആദ്യം അക്കൗണ്ട് ഹാക്ക് ചെയെ്തന്നു പറഞ്ഞും പിന്നീട് ചര്‍ച്ച അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭ്യര്‍ത്ഥന നടത്തിയും വിവാദത്തില്‍നിന്ന് തലയൂരിയെങ്കിലും അതിന്റെ അനുരണനങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ആലപ്പുഴയില്‍ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ പ്രാദേശിക നേതാക്കള്‍ക്കെതിരേ നടപടിയെടുത്തതിലുള്ള അമര്‍ഷം എങ്ങനെ ആലപ്പുഴ മണ്ഡലത്തിലെ ഫലത്തില്‍ പ്രതിഫലിക്കുമെന്നതും ശ്രദ്ധേയമാകും.
ഇതിനിടയില്‍ ചേര്‍ത്തലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രസാദിനെതിരേ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മന്ത്രി തിലോത്തമന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗത്തിനെതിരേ ഫലം വരുന്നതിനു മുമ്പ് പാര്‍ട്ടി നടപടി സ്വീകരിച്ചതും വിവാദമായി. സി.പി.ഐയിലെ ചേരിപ്പോരാണ് നടപടിയിലൂടെ പുറത്തുവന്നത്.
എല്‍.ഡി.എഫിലെ പോര് തങ്ങള്‍ക്കനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാല്‍ അഭിപ്രായഭിന്നതകള്‍ വിജയപ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുകയില്ലെന്ന ഉറപ്പിലാണ് എല്‍.ഡി.എഫ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."