'കീഴടങ്ങുക, അല്ലെങ്കിൽ പ്രത്യാഘാതം നേരിടുക' ഉക്രൈൻ സൈനികർക്ക് റഷ്യയുടെ അന്ത്യശാസനം
കീവ്
ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ പ്രത്യാഘാതം നേരിടാൻ തയാറായിക്കൊള്ളുകയെന്ന് മരിയപോളിലെ ഉക്രൈൻ സൈനികർക്ക് റഷ്യയുടെ അന്ത്യശാസനം. ആയുധംവച്ച് കീഴടങ്ങുന്നവരെ വെറുതെവിടുമെന്നും അല്ലാത്തവർ മരണം നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. എന്നാൽ, അന്ത്യശാസന സമയപരിധി ഇന്നലെ വൈകീട്ടോടെ കഴിഞ്ഞെങ്കിലും ഇതിനോട് ഔദ്യോഗികമായി ഇതുവരെ ഉക്രൈൻ പ്രതികരിച്ചിട്ടില്ല.
ഉക്രൈൻ സൈന്യത്തിന് കീഴിലുള്ള എല്ലാ യൂനിറ്റുകളും വിദേശ കൂലിപ്പടയാളികളും 24 മണിക്കൂറിനുള്ളിൽ നഗരത്തിൽനിന്ന് പുറത്തുകടക്കണമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി റിയ റിപ്പോർട്ട് ചെയ്തു. ഒരുലക്ഷത്തോളം ആളുകൾ മരിയപോളിലും തൊട്ടടുത്ത പ്രദേശങ്ങളിലും ഉണ്ടെന്നാണ് റിപ്പോർട്ട്. നഗരത്തിൽ റഷ്യൻ സേന രൂക്ഷമായ ആക്രമണം തുടരുന്നതിനിടെയാണ് അന്ത്യശാസനം.
കീവിന്റെ പ്രാന്തപ്രദേശത്തെ ആയുധകേന്ദ്രം റഷ്യ നശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം അർധരാത്രി ബ്രോവറിക്ക് സമീപത്തെ ആയുധ ഫാക്ടറിക്ക് മുകളിൽ തുടർച്ചയായി മിസൈൽ വർഷിച്ചാണ് കേന്ദ്രം തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."