വനിതാ ടി20 ലോകകപ്പ് സെമിയിൽ പൊരുതി വീണ് ഇന്ത്യ; വിജയം കൈവിട്ടത് അഞ്ച് റൺസ് അകലെ
കേപ്ടൗണ്‍: വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് റണ്‍സകലെ
വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്ക് മുൻപിൽ വീണു. ഓസ്ട്രേലിയയെ വിറപ്പിക്കാനായെങ്കിലും വിജയം കൈവിട്ടതോടെ ഇന്ത്യൻ സംഘത്തിന് നിരാശയോടെ മടക്കം. ഇതോടെ തുടര്‍ച്ചയായ ആറാം തവണ ഓസ്ട്രേലിയ ടി20 ലോകകപ്പ് ഫൈനലിലെത്തി. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 172-4, ഇന്ത്യ 20 ഓവറില്‍ 167-8.
തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ഇന്ത്യൻ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ ഇരുവരും മടങ്ങിയതോടെ ഇന്ത്യ പൊരുതി വീണു.
അവസാന അഞ്ചോവറില്‍ 38 റണ്‍സും അവസാന ഓവറില്‍ 16 റണ്‍സുമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. വാലറ്റത്ത് ദീപ്തി ശര്‍മ(16) പൊരുതിയെങ്കിലും ഓസീസ് കരുത്തിനെ മറികടക്കാനായില്ല.
പവര്‍ പ്ലേയില്‍ 28 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ ജെമീമ റോഡ്രിഗസും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ജെമീമയും ഹര്‍മനും ചേര്‍ന്ന് ഇന്ത്യയെ 59 റണ്‍സിലെത്തിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ബെത്ത് മൂണിയുടെയും മെഗ് ലാനിങിന്റെയും ആഷ്ലി ഗാര്‍ഡ്നറുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചു. ബെത് മൂണി 37 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ലാനിങ് 34 പന്തില്‍ 49 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ഗാര്‍ഡ്നര്‍ 18 പന്തില്‍ 31 റണ്‍സടിച്ച് പുറത്തായി. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളാണ് മത്സരത്തില്‍ ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മയും രാധാ യാദവും ഓരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."