'പ്രകടനം' വേണ്ട; സര്‍ക്കാര്‍ കണ്ണടച്ചാലും കോടതിയുടെ പിടിവീഴും
ഇന്നുമുതല്‍ നാലുവരെ കര്‍ശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി, ലംഘിച്ചാല്‍ കേസ്
കൊച്ചി: ഇന്നുമുതല്‍ നാലുവരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ഒരു തരത്തിലുമുള്ള കൂടിച്ചേരലുകളും പാടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് കോടതി നിര്‍ദേശം. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അനധികൃതമായി ഒത്തുകൂടുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണം. രാഷ്ട്രീയപാര്‍ട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കരുതെന്നും പൊലിസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാനദണ്ഡങ്ങള്‍ പേപ്പറുകളില്‍ മാത്രം ഒതുങ്ങിയാല്‍ പോരെന്നു കോടതി വ്യക്തമാക്കി. ആള്‍ക്കൂട്ടമുണ്ടാകാതെ വോട്ടെണ്ണല്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമായി പാലിക്കാന്‍ കഴിയണം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലിസ് മേധാവിമാര്‍ക്കുമാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന കാലയളവില്‍ നടക്കുന്ന ആഹ്ലാദ പ്രകടനങ്ങളും കൂടിച്ചേരലുകളും ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജികള്‍ നാലിനു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."