പാതിവഴിയിലെ നോമ്പുതുറ
കോഴിക്കോട്ടുകാരനാണെങ്കിലും വര്‍ഷങ്ങളായി കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. കണ്ണൂര്‍ സര്‍വകലാശാലക്കു കീഴിലെ തളിപ്പറമ്പ് സ്ഥിതി ചെയ്യുന്ന ട്രെയിനിങ് കോളജിലെ പ്രിന്‍സിപ്പാളായി ചുമതലയേറ്റെടുത്തത് മുതല്‍ നോമ്പു തുറ പലപ്പോഴായി യാത്രക്കിടയില്‍ തന്നെയായിരുന്നു. കൊവിഡ് കാലത്ത് വീട്ടില്‍ നിന്നും കോളജ് വരെ കാറില്‍ തന്നെയാണ് യാത്ര. വീട്ടിലേക്കുള്ള യാത്രക്കിടയില്‍ തന്നെയാവും പലപ്പോഴായി മഗ്‌രിബ് ബാങ്ക് കേള്‍ക്കുക. വണ്ടി റോഡിന് വശത്തേക്ക് ഒതുക്കി നോമ്പ് തുറക്കും. കൊവിഡ് കാലത്തിനും മുമ്പെ യാത്ര ചെയ്തിരുന്നത് ബസിലും ട്രെയിനിലുമായിരുന്നു.
നാദാപുരം തൂണേരിയില്‍ നിന്നും തലശേരി വരെ സ്വന്തം വാഹനത്തിലെത്തി അവിടെ നിന്നും തളിപ്പറമ്പിലേക്ക് ട്രെയിനിലോ ബസിലോ ആയിരുന്നു യാത്ര. തിരിച്ചും ഇങ്ങനെ തന്നെയായിരുന്നു. പ്രിന്‍സിപ്പാളായതിനാല്‍ അഞ്ചു മണിക്ക് ഓഫിസ് സമയം കഴിയാതെ കോളജില്‍ നിന്നും ഇറങ്ങാന്‍ പറ്റില്ല. അഞ്ചു മണിക്ക് ഇറങ്ങിയാല്‍ പോലും 5.50 ന്റെ ട്രെയിന്‍ പലപ്പോഴായി മിസ്സാവും. പിന്നെ അടുത്ത ട്രെയിനിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. അപ്പോഴേക്കും ചിലപ്പോള്‍ മഗ്‌രിബ് ബാങ്കു കൊടുക്കും. ചിലപ്പോള്‍ ട്രെയിന്‍ പാതി വഴിയിലെത്തുമ്പോള്‍ ബാങ്കു കൊടുക്കുന്നുണ്ടാവും. രാവിലെ വീട്ടില്‍ നിന്നിറങ്ങും മുന്‍പ് കൈയില്‍ കരുതിയ ഈത്തപ്പഴവും വെള്ളവും കൊണ്ട് നോമ്പ് മുറിക്കും. പിന്നെ വീട്ടിലെത്തിയ ശേഷമാണ് മഗ്‌രിബ് നിസ്‌കാരവും ഭക്ഷണം കഴിക്കലും.
മുന്‍ വര്‍ഷങ്ങളില്‍ തളിപ്പറമ്പിലെ യു.പി സ്‌കൂളില്‍ അധ്യാപികയായിരുന്ന ഭാര്യ സമീറയും കൂടെയുണ്ടാവാറുണ്ടായിരുന്നു. രണ്ടു പേരും ഒരുമിച്ച് കാറില്‍ തന്നെ ആയിരുന്നു യാത്ര. തളിപ്പറമ്പു മുതല്‍ തുണേരിവരെ. ചിലപ്പോള്‍ വീട്ടില്‍ നോമ്പുതുറക്കുന്ന സമയത്ത് എത്തമെന്ന് കരുതും, പക്ഷെ ബ്ലോക്കില്‍ കുടുങ്ങി, ബാഗില്‍ കരുതിയ മിഠായി ഉപയോഗിച്ചും നോമ്പ് തുറന്നിട്ടുണ്ട്. വീട്ടിലെത്തുമ്പോഴേക്കും രണ്ടു പേരും നല്ല രീതിയില്‍ ക്ഷീണിക്കും. എങ്കിലും രാത്രിയിലേക്കുള്ള ഭക്ഷണം പാകം ചെയ്തും അത്താഴത്തിനേക്കുള്ള ഭക്ഷണമൊരുക്കിയും ഭാര്യ അടുക്കളയില്‍ സജീവമാകും. കൊവിഡിന് മുന്‍പേ പലപ്പോഴായി തളിപ്പറമ്പില്‍ തന്നെ ജോലി ചെയ്യുന്ന നാട്ടുകാരനായ ഹാരിസും കൂടെയുണ്ടാവും. അധിക ദിവസവും ഞങ്ങള്‍ കയറിയ ബസ് ചൊക്ലിയിലെത്തുമ്പോഴാണ് മഗ്‌രിബ് ബാങ്കു വിളിക്കാറ്. രണ്ടു പേരും കൈയില്‍ കരുതിയ വെള്ളവും കാരക്കയും ഷെയര്‍ ചെയ്ത് നോമ്പ് മുറിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."