ഓക്സിജന്‍ കേണപേക്ഷിച്ചവരോട് ആല്മരച്ചോട്ടിലിരിക്കാന് യു.പി പൊലിസ്
ലഖ്നൗ: യു.പിയിലെ പ്രയാഗ്രാജില് ഓക്സിജനായി കേണപേക്ഷിച്ചവരോട് ആല്മരച്ചോട്ടിലിരിക്കാന് ഉത്തര്‍പ്രദേശ് പൊലിസ്. ആശുപത്രിക്ക് പുറത്ത് ചികിത്സകിട്ടാതെ കഴിയുന്ന രോഗികളുടെ ബന്ധുക്കളാണ് കണ്ണീരോടെ ഇക്കാര്യം വിവരിക്കുന്നത്. തങ്ങള്‍ വരുമ്പോള്‍ ആശുപത്രിയുടെ ഗേറ്റ് ചങ്ങലയിട്ട് പൂട്ടി പൊലിസ് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഓക്സിജനായി കേണപേക്ഷിച്ചപ്പോള്‍ ആല്മരച്ചോട്ടില്പ്പോയാല് ഓക്സിജന്‍ കിട്ടുമെന്നാണ് പറഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം ബന്ധുക്കള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
രോഗിയായ അമ്മയ്ക്കായി ഓക്സിജന്‍ തേടിയെത്തിപ്പോള്‍ സമാനമായ മറുപടിയാണ് പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു പ്രയാഗ്രാജ് സ്വദേശി പരാതിപ്പെട്ടു. ആല്മരച്ചുവട്ടില് പോയിരിക്കുന്നത് രോഗികളുടെ ശരീരത്തിലെ ഓക്സിജന്‍ ലെവല്‍ ഉയര്‍ത്തുമെന്നാണ് പൊലിസിന്റെ അവകാശ വാദം. ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുമ്പോഴും സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റുകളിലും ജീവശ്വാസത്തിനു വേണ്ടി പരക്കം പായുന്നവരുടെ എണ്ണം വളരെയധികമാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."