കാലുമാറി ശാസ്ത്രക്രിയ: ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ പി ബെഹിര്‍ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അഡീഷണല്‍ ഡിഎംഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം ആവശ്യമാണെന്ന് എഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദഗ്ധ വൈദ്യ സംഘം കൂടുതല്‍ പരിശോധന നടത്തും. തിങ്കളാഴ്ച ആശുപത്രി അധികൃതരെ ഉള്‍പ്പടെ വിളിച്ചുവരുത്തി തെളിവെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയത്.
നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി കൂടിയാണ് ഡോ പി ബെഹിര്‍ഷാന്‍. പരാതി വന്ന ദിവസം ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങളില്‍ ബഹിര്‍ഷാന്‍ തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ടെന്ന് ശസ്ത്രക്രിയക്ക് വിധേയയായ സജ്‌നയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
കക്കോടി സ്വദേശിനിയായ സജ്‌ന (60)യാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. വാതിലിന് ഉള്ളില്‍ കുടുങ്ങി കാലിന്റെ ഞരമ്പിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് സജ്‌ന ആശുപത്രിയില്‍ ചികിത്സ തേടിയത്. ഏറെ കാലത്തെ ചികിത്സയ്ക്കു ശേഷമാണ് ഡോ. ബഹിര്‍ഷാന്‍ സജ്‌നയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കായി രോമം നീക്കി വൃത്തിയാക്കിയ ഇടതുകാലിന് പകരം രോമം കളയാത്ത വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടപ്പോള്‍ കാല്‍ അനക്കാന്‍ പറ്റാതായതോടെയാണ് ഇടതു കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് തിരിച്ചറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."