ഗാരോ ഹിൽസും നാഗാസഭയും
ഗിരീഷ് കെ. നായർ
നാഗാലാൻഡിലും മേഘാലയയിലും ഫെബ്രുവരി 27ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ദേശീയ രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്ന യുദ്ധമാണ് നാഗാലാൻഡിൽ നടക്കുന്നത്. ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും സംസ്ഥാന ഭരണം നേടുമെന്നല്ല പ്രസംഗിച്ചത്. പകരം കേന്ദ്രഭരണം നേടുമെന്നതിന്റെ ഉദാഹരണമായി നാഗാലാൻഡ് തെരഞ്ഞെടുപ്പ് മാറുമെന്നാണ്. അവകാശവാദത്തിൽ വിജയം ഏത് പാർട്ടിക്കായിരിക്കുമെന്ന് രാജ്യം ശ്രദ്ധിക്കാൻ കാരണമതാണ്.
മേഘാലയ
സങ്മമാരുടെ പാർട്ടികൾ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പാണ് മേഘാലയയിൽ. മുഖ്യമന്ത്രി നാഷനൽ പീപ്പിൾസ് പാർട്ടിയുടെ(എൻ.പി.പി) കോൺറാഡ് സങ്മ മുൻ മുഖ്യമന്ത്രി തൃണമൂലിന്റെ മുകുൾ സങ്മയുടെ പാർട്ടിയോടാണ് ഏറ്റുമുട്ടുന്നത്. മേഘാലയയിൽ ഗാരോ ഹിൽസിനെ ചുറ്റിപ്പറ്റിയാണ് തെരഞ്ഞെടുപ്പ് ചിത്രം ഉരുത്തിരിയുന്നത്. ആകെയുള്ള 12 ജില്ലകളിൽ അഞ്ചും സാങ്മമാർ താമസിക്കുന്ന ഈ മേഖലയിലാണ്. 60 അംഗ സഭയിൽ 24 സീറ്റുകളാണ് ഇവിടെയുള്ളത്. ഗാരോ പിടിച്ചാൽ ജയിക്കാമെന്നർഥം. സൗത്ത് തൂറയിൽ കോൺറാഡ് മത്സരിക്കുമ്പോൾ മുകുൾ സോങ്‌സാക്കിലും തിക്രികില്ലയിലും ജനവിധി തേടുന്നു. ക്രൈസ്തവ മേധാവിത്വമുള്ള സംസ്ഥാനത്ത് ഖാസി എന്ന വിഭാഗമാണ് കൂടുതൽ. രണ്ടാം സ്ഥാനത്തുള്ള ഗാരോസ് 29.6 ലക്ഷമുള്ള ജനസംഖ്യയുടെ മൂന്നിലൊന്നിനെ പ്രതിനിധീകരിക്കുന്നു.
ബി.ജെ.പിയും എൻ.പി.പിയുംമ ഉൾപ്പെടെയുള്ള സഖ്യമാണ് 2018ൽ ഭരണം നേടിയത്. എൻ.പി.പിക്ക് 19ഉം ബി.ജെ.പിക്ക് 2ഉം സീറ്റുകൾ ലഭിച്ചു. മേഘാലയ ജനാധിപത്യമുന്നണിയെന്ന പേരിൽ ഏഴു പാർട്ടികളുടെ മഴവിൽ സഖ്യമാണ് എൻ.പി.പിയുടെ നേതൃത്വത്തിൽ ഭരണത്തിലുണ്ടായിരുന്നത്. ഇത്തവണ സഖ്യമില്ലെന്നു മാത്രമല്ല, എൻ.പി.പിയും ബി.ജെ.പിയും സ്വരച്ചേർച്ചയിലുമല്ല. ഗാരോഹിൽസിൽ വേശ്യാലയം നടത്തിയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർണാർഡ് ആർ. മരാകിനെ തൂക്കി അകത്തിട്ട കോൺറാഡ് സങ്മ, ഭരണം പോയാലും അനീതി പൊറുപ്പിക്കില്ലെന്ന് ശക്തമായ മുന്നറിയിപ്പാണ് ബി.ജെ.പിക്ക് നൽകിയത്. ഇതാണ് സഖ്യം തകരാനുള്ള കാരണങ്ങളിൽ ഒന്ന്. എന്നാൽ ദേശീയതലത്തിൽ പാർട്ടിക്ക് സങ്മയെ പിണക്കാൻ കഴിയുമായിരുന്നില്ല. സംസ്ഥാനഘടകത്തെ ഒപ്പംനിർത്താൻ വേണ്ടിമാത്രമാണ് സഖ്യം ഉപേക്ഷിക്കുന്നതിനോട് ദേശീയ നേതൃത്വം യെസ് മൂളിയത്.
17 സീറ്റുകൾ നേടിയ കോൺഗ്രസായിരുന്നു പ്രതിപക്ഷത്ത്. 57 സീറ്റിൽ എൻ.പി.പി മത്സരിക്കുമ്പോൾ 60 മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികളെ നിർത്തി. തൃണമൂൽ 58 സീറ്റിൽ മത്സരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 17 സീറ്റ് പിടിക്കാനായെങ്കിലും 12 പേരും പാർട്ടി വിട്ട് തൃണമൂലിൽ ചേക്കേറിയത് കോൺഗ്രസിന് വൻ തിരിച്ചടിയായിരുന്നു. മുകുൾ ശർമയും അങ്ങനെയാണ് തൃണമൂലിലെത്തിയത്. അസം-മേഘാലയ അതിർത്തി പ്രശ്‌നമാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി തൃണമൂൽ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്. പ്രത്യേകിച്ച് അഞ്ച് മേഘാലയക്കാർ കൊല്ലപ്പെട്ട മുക്റോ വെടിവയ്പ്.
2018ൽ ആറ് സീറ്റ് നേടിയ യു.ഡി.പിക്ക് ഖാസി ക്രൈസ്തവവിഭാഗത്തിൽ സ്വാധീനമുണ്ട്. 30 സീറ്റുകളിലാണ് യു.ഡി.പി ഇവിടെ മത്സരിക്കുന്നത്. ഗാരോസിലെ 16 സീറ്റിലും മത്സരിക്കുന്നു. യു.ഡി.പിയിലേക്ക് തൃണമൂലിന്റെയും കോൺഗ്രസിന്റെയും എച്ച്.എസ്.പി.ഡി.എഫിന്റെയും ഒരു സ്വതന്ത്രനുമുൾപ്പെടെ 5 എം.എൽ.എമാർ എത്തിയിരുന്നു. സഖ്യസർക്കാരിലെ പി.ഡി.പിയും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. 2018ൽ നാല് സീറ്റ് നേടിയെങ്കിലും രണ്ടുപേർ കളംമാറി എൻ.പി.പിയിലെത്തി. മേഘാലയയുടെ ചരിത്രത്തിൽ പ്രാദേശിക പാർട്ടികളാണ് അഞ്ചു വട്ടം സർക്കാർ രൂപീകരിച്ചത്. ഇടക്കാലത്ത് മൂന്നുവട്ടം തകരുകയും ചെയ്തു. എന്നാൽ ദേശീയ കക്ഷികളോടൊപ്പം കൈകോർത്തപ്പോഴൊക്കെ തികച്ചു ഭരിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. കാരണം ഒട്ടുമിക്ക മണ്ഡലങ്ങളിലും ബഹുകോണ മത്സരമാണ്.
നാഗാലാൻഡ്
പ്രാദേശിക പാർട്ടികൾ ശക്തികാട്ടാൻ ശ്രമിക്കുമ്പോൾ വിജയം നേടാൻ എൻ.ഡി.പി.പി-ബി.ജെ.പി സഖ്യസർക്കാരിന് നന്നായി വിയർപ്പൊഴുക്കേണ്ടിവരും. എൻ.ഡി.പി.പിയുടെ മുഖ്യമന്ത്രി റിയോയിൽ വിശ്വാസമർപ്പിച്ചാണ് ബി.ജെ.പി മുൻ സഖ്യകക്ഷിയായിരുന്ന എൻ.പി.എഫിനെ വിട്ട് 2018 തെരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരം പിടിച്ചത്. എൻ.പി.എഫിന്റെ സമ്മർദരാഷ്ട്രീയം പൊളിക്കാൻ അവരെത്തന്നെ പൊളിച്ചാണ് മുൻ മുഖ്യമന്ത്രിയായിരുന്ന റിയോയെ പുറത്തെത്തിച്ച് എൻ.ഡി.പി.പിയെന്ന പ്രാദേശിക പാർട്ടി രൂപീകരിക്കാൻ ബി.ജെ.പി സഹായിച്ചത്. സ്വന്തമായി അംഗങ്ങളില്ലാതിരുന്ന ബി.ജെ.പി മറ്റു പാർട്ടി എം.എൽ.എമാരെ അടർത്തിയെടുത്താണ് കിഴക്കൻ സംസ്ഥാനങ്ങളിൽ പൊതുവെ നിയമസഭകളിൽ സാന്നിധ്യമായത്. നാഗാലാൻഡിൽ 11 എം.എൽ.എമാരാണ് പാർട്ടിക്കുള്ളത്. നാഗ പ്രശ്‌നം തീർക്കുന്നതിനുപകരം പണമിറക്കിയുള്ള കളിയാണ് ബി.ജെ.പിയുടേതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. ഇത് നിഷേധിക്കുന്ന ബി.ജെ.പി 20 സീറ്റുകളിലും എൻ.ഡി.പി.പി 40 സീറ്റുകളിലും സഖ്യമായി മത്സരിക്കുന്നു. എൻ.ഡി.പി.പിക്ക് സീറ്റു കുറയുകയും ബി.ജെ.പിക്ക് കൂടുതൽ ലഭിക്കുകയും ചെയ്താൽ മുഖ്യമന്ത്രി സ്ഥാനം റിയോക്ക് കൈവിടേണ്ടിവരും. പ്രാദേശിക പാർട്ടികളോട് കൈ കോർത്ത് അവരെ വിഴുങ്ങിയ ചരിത്രമാണ് ബി.ജെ.പിക്കുള്ളതെന്ന് നിതീഷ് കുമാറിനെ പോലുള്ളവർക്ക് അറിയാം. അസം ഗണപരിഷത്തിനെയും എന്തിന് ശിവസേനയെപ്പോലും തകർക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു എന്നത് പ്രാദേശികപാർട്ടികളെ അലട്ടുന്നുണ്ട്.
ആം ആദ്മി പാർട്ടി അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ്. ജെ.ഡി.യു, ആർ.ജെ.ഡി, എൽ.ജെ.പി എന്നീ പാർട്ടികളും രംഗത്തുണ്ട്. ബി.ജെ.പിയുമായി ദേശീയതലത്തിൽ ചങ്ങാത്തത്തിലായിരുന്നപ്പോൾ നിതീഷ് കുമാറിന്റെ ജെ.ഡി.യു 2018ലെ തെരഞ്ഞെടുപ്പിൽ ഇവിടെ ഒരു സീറ്റ് നേടിയിരുന്നു. ഇന്ന് ബി.ജെ.പിയുടെ എതിർപക്ഷത്താണ് അവർ. ഇത്തവണ 60ൽ 59 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. പത്രിക പിൻവലിക്കുന്ന സമയം പൂർത്തിയായപ്പോൾ എതിരാളിയില്ലാതെ ബി.ജെ.പി സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എൻ.പി.എഫ് ആരുമായും ചേർന്ന് ഭരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2018ൽ സംപൂജ്യരായിരുന്ന കോൺഗ്രസ് ഇത്തവണ പ്രതീക്ഷയിലാണ്.
തൊഴിലില്ലായ്മയും തകർന്ന ആരോഗ്യരംഗവും കോൺഗ്രസ് തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോൾ പ്രാദേശിക പാർട്ടികൾ നാഗ ഭൂപ്രദേശവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ശ്രദ്ധ ഊന്നുന്നത്. ഇതിനിടെ, ചരിത്രത്തിൽ ആദ്യമായി വനിതാ പ്രതിനിധി നാഗാസഭയിലെത്തുമോ എന്ന് കാത്തിരുന്നു കാണാം. നാലു വനിതകൾ ഇത്തവണ മത്സരരംഗത്തുണ്ട്. അതേസമയം, പൂർവ നാഗാലാൻഡിൽ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് ഇ.എൻ.പി.ഒയുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനമുണ്ട്. 20 മണ്ഡലങ്ങളെ ഇത് ബാധിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."