സർവകലാശാലാ ഭൂമി തിരിച്ചെടുക്കൽ ; യു.പി സർക്കാർ ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു
ന്യൂഡൽഹി
രാംപൂരിലെ മുഹമ്മദലി ജൗഹർ സർവകലാശാലയ്ക്ക് അനുവദിച്ച 400 ഏക്കർ ഭൂമി തിരിച്ചെടുക്കാനുള്ള യു.പി സർക്കാർ ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഇതു സംബന്ധിച്ച കേസിൽ യു.പി സർക്കാറിന് നോട്ടീസയക്കാനും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
2005ൽ സ്ഥാപിതമായ സർവകലാശാലയ്ക്ക് 1950ലെ സമീന്ദാരി അബോളിഷൻ, ലാന്റ് റിഫോംസ് നിയമപ്രകാരമാണ് കെട്ടിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഭൂമി അനുവദിച്ചത്. എന്നാൽ 2020 മാർച്ചിൽ ഈ ഭൂമി തിരിച്ചെടുക്കാൻ രാംപൂർ സബ് ഡിവിഷണനൽ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു. ഈ ഭൂമിയിൽ കാംപസ് നിർമാണത്തിന്റെ ഭാഗമായി പള്ളി നിർമിച്ചതോടെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിട്ടത്. ഇതിനെതിരേ സർവകലാശാല നടത്തിപ്പുകാരായ മൗലാനാ മുഹമ്മദലി ജൗഹർ ട്രസ്റ്റ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാൻ തയാറായില്ല. പള്ളി നിർമിച്ചത് ജീവനക്കാർക്കും മറ്റും നിസ്‌കരിക്കാനാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. തുടർന്ന് ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സമാജ് വാദി പാർട്ടി നേതാവ് അഅ്‌സം ഖാനാണ് മൗലാനാ മുഹമ്മദലി ജൗഹർ ട്രസ്റ്റ് മേധാവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."