ഉല്ലാസയാത്ര, മേൽക്കൂരയില്ലാ ബസിൽ നഗരം ചുറ്റൽ വിനോദസഞ്ചാരികൾക്കായി വിവിധ പദ്ധതികളൊരുക്കി കെ.എസ്.ആർ.ടി.സി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ശമ്പളവിതരണത്തിലുൾപ്പെടെ പ്രതിസന്ധികൾ ഒരു ഭാഗത്ത് അലട്ടുമ്പോഴും വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിവിധ പദ്ധതികളൊരുക്കി കെ.എസ്.ആർ.ടി.സി. ആഡംബരക്കപ്പലിലും വിനോദസഞ്ചാരകേന്ദ്രത്തിലേക്കുമുള്ള ഉല്ലാസയാത്രയും തലസ്ഥാനനഗരം ചുറ്റാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസിലെ യാത്രയുമൊക്കെയാണ് പുതിയ പദ്ധതികൾ. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി സഹകരിച്ചാണ് കൊച്ചിയിൽ നെഫർറ്റിറ്റി എന്ന ആഡംബര ജലയാനത്തിൽ യാത്ര ഒരുക്കുന്നത്. മേയ് നാലിന് കണ്ണൂർ, തലശ്ശേരി, മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ യൂനിറ്റുകളിൽ നിന്നും യാത്ര ആരംഭിക്കും.
ആദ്യം ബുക്ക് ചെയ്യുന്ന 39 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് 9496131288,8089463675 (കണ്ണൂർ), 9961761708 (താമരശ്ശേരി), 9995726885(മലപ്പുറം, നിലമ്പൂർ,പെരിന്തൽമണ്ണ) നമ്പറുകളിൽ ബന്ധപ്പെടാം. മേയ് 14ന് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിന്ന് കൊല്ലം മൺറോതുരുത്തിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഒരാൾക്ക് 775 രൂപയാണ് ടിക്കറ്റ് നിരക്ക്. വിവരങ്ങൾക്ക് 9746970994. തലസ്ഥാനനഗരത്തിൽ വേറിട്ട അനുഭവം സൃഷ്ടിക്കുന്ന കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് ഇന്നലെ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെയും രാത്രിയും തലസ്ഥാന നഗരത്തിൽ മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്യാൻ അവസരം നൽകുന്നതാണ് പദ്ധതി. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാർക്ക് പലഹാരവും ശീതളപാനീയവും ലഭ്യമാക്കും. ഇതിനു പുറമേ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ശ്രദ്ധ നേടിയ സ്വിഫ്റ്റ് ബസുകളുടെ കൂടുതൽ ദീർഘദൂര സർവീസുകൾ വരുംദിവസങ്ങളിൽ ആരംഭിക്കാനും മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."