സ്വകാര്യ കോളജുകളിലെ എൻ.ആർ.ഐ സീറ്റുകൾ ഒഴിവുള്ള സീറ്റുകൾ അറിയിക്കാൻ സുപ്രിംകോടതി നിർദേശം
ന്യൂഡൽഹി
കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഒഴിഞ്ഞുകിടന്ന എൻ.ആർ.ഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരായ ഹരജിയിൽ സുപ്രിംകോടതി സംസ്ഥാന സർക്കാർ, പ്രവേശന പരീക്ഷാ കമ്മിഷണർ, ഫീസ് നിർണയ സമിതി എന്നിവർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസയച്ചു. മോപ് അപ് കൗൺസലിങിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം അറിയിക്കാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. തൊടുപുഴയിലെ അൽ അസർ മെഡിക്കൽ കോളജ്, പാലക്കാട് കരുണ മെഡിക്കൽ കോളജ്, 38 എൻ.ആർ.ഐ വിദ്യാർഥികൾ എന്നിവരാണ് ഹരജി സമർപ്പിച്ചത്.
ഒഴിഞ്ഞുകിടന്ന എൻ.ആർ. ഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയ പ്രവേശന പരീക്ഷ കമ്മിഷണറുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചിരുന്നു. ആദ്യവട്ട കൗൺസലിങിന് ശേഷം യോഗ്യരായ എൻ.ആർ.ഐ വിദ്യാർഥികളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയത്. എന്നാൽ, മറ്റ് ചില കോളജുകളുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചതെന്ന് കോളജുകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും വാദിച്ചു. വിവിധ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ നാൽപ്പത്തിയാറോളം സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയതായി എൻ.ആർ.ഐ വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. എൻ.ആർ.ഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റാൻ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അധികാരമില്ലെന്നും വിദ്യാർഥികൾ വാദിച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."