കരുണയുടെ കൈനീട്ടം
അൻവർ സാദിഖ് ഫൈസി
അന്നൊരു വൈകുന്നേരം പ്രവാചക സദസിലേക്ക് ഒരു അതിഥി വന്നു. വിശന്നുവലഞ്ഞ ഒരു സാധു മനുഷ്യൻ. അയാളുടെ ദയനീയത കണ്ടപ്പോൾ മുഹമ്മദ് നബി (സ) സ്വന്തം വീട്ടിലേക്കോടി. അയാൾക്ക് ഭക്ഷിക്കാൻ വല്ലതും കൊണ്ടുവരികയായിരുന്നു ലക്ഷ്യം. ഭാര്യമാരുടെ മുറികളിലെല്ലാം അന്വേഷിച്ചു. അവിടെ യാതൊന്നും ഉണ്ടായിരുന്നില്ല. പ്രവാചകൻ നിരാശയോടെ പള്ളിയിലേക്കു തിരിച്ചു. അവിടെ ഇശാ നിസ്കാരത്തിനെത്തിയ ഒരുപറ്റം സ്വഹാബികളുണ്ട്. 'ഇന്ന് നമുക്ക് ഒരു അതിഥിയുണ്ട്. അദ്ദേഹത്തെ ഇന്ന് സൽക്കരിക്കുന്നവർ അല്ലാഹുവിൻ്റെ പ്രത്യേക കാരുണ്യത്തിനു പാത്രീഭൂതരാകും...' പ്രവാചകരുടെ വാക്കുകൾ കേട്ടപ്പോൾ സ്വഹാബികൾ പരസ്പരം നോക്കാൻ തുടങ്ങി. എല്ലാവർക്കും അതിഥിയെ കൊണ്ടുപോകാൻ ആഗ്രഹമുണ്ട്. പക്ഷേ, അവരും ഏറെ പ്രയാസപ്പെട്ട് ജീവിക്കുന്നവരാണ്. വീട്ടിൽ വല്ലതും ബാക്കിയുണ്ടോ എന്ന് ഉറപ്പില്ലാത്തവർ. ആരും ഒന്നും ഉരിയാടാതിരുന്നപ്പോൾ, അബൂത്വൽഹത്തിൽ അൻസ്വാരി (റ) എഴുന്നേറ്റുനിന്നു പറഞ്ഞു. പ്രവാചകാ, ഞാൻ ഇദ്ദേഹത്തെ അതിഥിയായി കൊണ്ടുപോകാം'. പ്രവാചകനു സന്തോഷമായി. അതിഥിയുമായി അബൂത്വൽഹ വീട്ടിലെത്തി. ഭാര്യ ഉമ്മുസുലൈമിനോട് അതിഥിയുടെ കാര്യം പറഞ്ഞു. 'നമ്മുടെ മക്കൾക്ക് കഴിക്കാൻ എടുത്തുവച്ച ഭക്ഷണം മാത്രമേ ഇവിടെയുള്ളൂ. അതുതന്നെ വലിയ ഒരാൾക്ക് കഴിക്കാൻ തികയുകയുമില്ല'. ഉമ്മുസുലൈം ഉള്ളതു പറഞ്ഞു. ഇരുവരും ധർമസങ്കടത്തിലായി. പ്രവാചകൻ പറഞ്ഞയച്ച അതിഥിയാണ്. വെറുതെ വിടുന്നത് ശരിയല്ല.
അവസാനം അബൂത്വൽഹ ഒരു സൂത്രം കണ്ടെത്തി. അദ്ദേഹം പറഞ്ഞു. 'ഉമ്മുസുലൈം, മക്കളെ നീ എന്തെങ്കിലും രാക്കഥകൾ പറഞ്ഞ് ഉറക്കുക. അവർ ഉറങ്ങിയാൽ ഞങ്ങൾക്ക് ഭക്ഷണം കൊണ്ടുവന്നു തരിക. ഞങ്ങൾ ഭക്ഷണത്തിനു മുന്നിൽ കഴിക്കാൻ ഇരുന്നാൽ നീ വിളക്ക് ഊതുക. അപ്പോൾ എനിക്ക് ഭക്ഷണം കഴിക്കുന്നതു പോലെ അഭിനയിക്കാം. അതിഥിക്ക് മുഴുവൻ തിന്നുകയും ചെയ്യാം'. പറഞ്ഞതുപോലെ ഉമ്മുസുലൈം ചെയ്തു. അതിഥി നന്നായി ഭക്ഷണം കഴിച്ചു. അദ്ദേഹം സന്തോഷത്തോടെ തിരിച്ചുപോയി. പിറ്റേ ദിവസം സുബഹി നിസ്കരിക്കാൻ പള്ളിയിൽ എത്തിയതാണ് അബൂത്വൽഹ. പ്രവാചകൻ അദ്ദേഹത്തെ അടുത്തേക്ക് വിളിച്ചു. 'ഇന്നലെ രാത്രി നിങ്ങളും ഭാര്യയും അതിഥിയോടു കാണിച്ച കാര്യത്തിൽ അല്ലാഹു പോലും വിസ്മയം പൂണ്ടിരിക്കുന്നു' പ്രവാചകൻ പറഞ്ഞു.
ഇരുവരുടെയും സാഹസികതയെയും കാരുണ്യത്തെയും പുകഴ്ത്തി ഖുർആൻ വചനം അവതരിച്ചിരിക്കുന്നു. 'ദാരിദ്ര്യം ഉണ്ടായാൽ പോലും സ്വന്തത്തെക്കാൾ അവർ മറ്റുള്ളവർക്ക് പ്രാധാന്യം നൽകും. മനസിനെ പിശുക്കിൽ നിന്ന് കാത്തുസൂക്ഷിക്കുന്നവരാണ് വിജയികൾ' (ഖുർആൻ 59:9).
സ്വന്തത്തെക്കാൾ മറ്റുള്ളവരെ തിരഞ്ഞെടുക്കുക സത്യവിശ്വാസികളുടെ ലക്ഷണമാണ്. അബൂത്വൽഹയും ഉമ്മുസുലൈമും അതിൻ്റെ ഉത്തമ മാതൃകയാണ്. സ്വഹാബികൾ ഉത്തമസമൂഹമായത് ഈ സ്വഭാവഗുണങ്ങൾ അവരിൽ നിലനിന്നതു കൊണ്ടുകൂടിയാണ്. ഒരിക്കൽ ഒരു സ്വഹാബിക്ക് ഒരു ആട്ടിൻതല സമ്മാനമായി സമർപ്പിക്കപ്പെട്ടു. അദ്ദേഹമത്, എൻ്റെ ഇന്നാലിന്ന സഹോദരനാണ് ഇതിന് കൂടുതൽ ആവശ്യമെന്നു പറഞ്ഞ് അയാൾക്ക് സമ്മാനിച്ചു. അത് കിട്ടിയയാൾ തന്നെക്കാൾ കൂടിയ ആവശ്യമുള്ള സഹോദരനുണ്ടെന്ന് പറഞ്ഞ് വേറൊരാൾക്കും. അങ്ങനെ അത് ഏഴു പേരിലൂടെ കറങ്ങി ആദ്യത്തെ ആളുടെ കൈയിൽ തന്നെ എത്തി. ഇതാണ് സഹജീവികളെ തന്നെക്കാൾ പരിഗണിക്കാനുള്ള മനസ്. വിശ്വാസി ആർജിക്കേണ്ടത് ഈ മനസു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."