കൊവിഡ് ഭയം: അമ്മയുടെ മൃതദേഹത്തിനരികെ ഒന്നരവയസുള്ള കുഞ്ഞ് പട്ടിണികിടന്നത് രണ്ടുദിവസത്തിലേറെ
മുംബൈ: കൊവിഡ് പേടിച്ച് നാട്ടുകാര്‍ ആരും അടുക്കാതിരുന്നതോടെ അമ്മയുടെ മൃതദേഹത്തിനരികെ 18 മാസം പ്രായമായ കുഞ്ഞ് ഭക്ഷണമോ വെള്ളമോ കിട്ടാതെ കഴിഞ്ഞത് രണ്ടു ദിവസത്തിലേറെ. മഹാരാഷ്ട്രയിലെ പൂനെയിലാണ് കൊവിഡ് കാലത്തെ ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. പുനെയിലെ പിംപ്രി ചിഞ്ചാഡ് പ്രദേശത്ത് അമ്മയും കുഞ്ഞുമടങ്ങിയ കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടയില്‍ അമ്മ മരണപ്പെട്ടു. എന്നാല്‍ കൊവിഡ് ഭയം മൂലം ആരും സഹായത്തിന് തയാറായില്ല. വീട്ടിലേക്ക് അയല്‍വാസികള്‍ എത്തിനോക്കുകപോലും ചെയ്തില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മൃതദേഹത്തിന്റെ ഗന്ധം രൂക്ഷമായതോടെ വീട്ടുടമ പൊലിസിനെ വിളിച്ചു മരണവിവരം അറിയിച്ചു.
വീട്ടിലെത്തിയ പൊലിസാണ് ഹൃദയഭേദകമായ രംഗത്തിന് സാക്ഷിയായത്. പൊലിസ് വാതില്‍ പൊളിച്ച് അകത്ത് കടക്കുമ്പോള്‍ അമ്മയുടെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു കുഞ്ഞ്. ശനിയാഴ്ചയാണ് മാതാവ് മരിച്ചതെന്നാണ് പൊലിസ് സംശയിക്കുന്നത്. പൊലിസ് എത്തിയിട്ടും അയല്‍വാസികളാരും കുഞ്ഞിനെ ഏറ്റെടുക്കാനും ഭക്ഷണം കൊടുക്കാനും തയാറായില്ല. അവസാനം വനിതാ പൊലിസ് ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ എടുക്കുകയും പാലുകൊടുക്കുകയും ചെയ്തത്. ബിസ്‌ക്കറ്റും വെള്ളവുമൊക്കെ കഴിപ്പിച്ച ശേഷം കുഞ്ഞിന് കൊവിഡ് ടെസ്റ്റും നടത്തി. ഫലം നെഗറ്റീവായിരുന്നു. കുഞ്ഞിനെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
പൊലിസ് കോണ്‍സ്റ്റബിള്‍മാരായ സുശീല ഗഭാലേയും രേഖ വാസെയുമാണ് കുട്ടിക്ക് പാല്‍ നല്‍കിയത്. കുട്ടി വളരെ വേഗത്തിലാണ് പാല്‍ കുടിച്ചതെന്നും വല്ലാതെ വിശന്നിട്ടുണ്ടാവണമെന്നും സുശീല ഗബാലെ പറഞ്ഞു.
അമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം ഫലം ഇനിയും പുറത്തുവന്നിട്ടില്ല. കൊവിഡ് ബാധിച്ചിരുന്നോയെന്നും സ്ഥിരീകരിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ്. അയാള്‍ തിരിച്ചെത്തിയാല്‍ കുഞ്ഞിനെ കൈമാറുമെന്നും പൊലിസ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."