കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി: പി.ജെ കുര്യനും കെ.വി തോമസിനും വിമർശനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരേയും രാഹുൽ ഗാന്ധിയെ വിമർശിച്ച പി.ജെ കുര്യനെതിരേയും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ രൂക്ഷവിമർശനം. ഇന്നലെ രാവിലെ യോഗം തുടങ്ങിയപ്പോൾ തന്നെ ടി.എൻ പ്രതാപനാണ് വിമർശനത്തിന് തുടക്കമിട്ടത്. പി.ജെ കുര്യനും കെ.വി തോമസും പാർട്ടിയിൽനിന്ന് എല്ലാം നേടിയിട്ട് പാർട്ടിയെ തള്ളിപ്പറഞ്ഞുവെന്ന് പ്രതാപൻ വിമര്‍ശിച്ചു. രണ്ടുപേർക്കുമെതിരേ കർശനമായ അച്ചടക്ക നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.വി തോമസിനെതിരേയുള്ള പരാതി അച്ചടക്കസമിതി പരിഗണിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ മറ്റു നിലപാടുകൾ വേണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കി. പി.ജെ കുര്യൻ രാഹുൽ ഗാന്ധിക്കെതിരേ ഉയർത്തിയ വിമർശനം ഹൈക്കമാൻഡിന്റെ ശ്രദ്ധയിലുണ്ടെന്നും അവർ നിലപാട് എടുക്കട്ടെയെന്നും കെ.പി.സി.സി നേതൃത്വം വിശദീകരിച്ചു. ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനാൽ അംഗത്വ വിതരണത്തിലെ ഗ്രൂപ്പ് ഇടപെടലുകളും ആഭ്യന്തര കലാപങ്ങളും കാര്യമായി ചർച്ച ചെയ്തില്ല. അംഗത്വ വിതരണത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തത് മെംബർഷിപ്പിനെ ബാധിച്ചുവെന്ന വിമർശനം ചില നേതാക്കൾ രാഷ്ട്രീയ കാര്യസമിതിയിൽ ഉന്നയിച്ചു. കേന്ദ്ര നേതൃത്വം നിർദ്ദേശിച്ച സമയക്രമം പാലിക്കുന്നതിൽ വീഴ്ച പറ്റി. കുറഞ്ഞ സമയത്തിനുള്ളിൽ അംഗത്വവിതരണം തീർക്കുന്നതിൽ വെല്ലുവിളി ഉണ്ടായെന്ന് കെ. സുധാകരൻ മറുപടി നൽകി. ഡിജിറ്റൽ വഴിയും കടലാസ് വഴിയും 35 ലക്ഷത്തിലധികം അംഗങ്ങളെ ചേർക്കനായെന്നും കെ. സുധാകരൻ അറിയിച്ചു. തൃക്കാക്കരെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചു. ഇന്ന് കെ.പി.സി.സി എക്സിക്യുട്ടീവ് ചേർന്ന് യോഗങ്ങളുടെ തീരുമാനങ്ങൾക്ക് അംഗീകാരം നൽകും. അതേസമയം ഇന്നലെ നടന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ നിന്നും പി.ജെ കുര്യനും മുല്ലപ്പള്ളി രാമചന്ദ്രനും വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."