പാർട്ടി കോൺഗ്രസിൽ പോകരുതെന്ന് തന്നോട് പറഞ്ഞിട്ടില്ല: കെ.വി തോമസ് എ.ഐ.സി.സി അച്ചടക്ക സമിതിയുടെ നോട്ടിസിന് മറുപടി നൽകി
മട്ടാഞ്ചേരി
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തത്തിന് എ.ഐ.സി.സി അച്ചടക്ക സമിതി നൽകിയ കാരണം കാണിക്കൽ നോട്ടിസിന് പ്രൊഫ. കെ.വി തോമസ് മറുപടി നൽകി. സെമിനാറിൽ പോകരുതെന്ന് തന്നോട് കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞിട്ടില്ലെന്നും വികസന കാര്യത്തിൽ രാഷ്ട്രീയം വേണ്ടെന്ന് പറഞ്ഞത് എ.കെ ആന്റണിയാണെന്നും അതിനപ്പുറം താനൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം മറുപടിയിൽ പറഞ്ഞു.
താനൊരു കോൺഗ്രസുകാരനാണ്, എന്നും അങ്ങനെ തന്നെയായിരിക്കും. പാർട്ടി നിലപാടിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തോമസ് മറുപടിയിൽ വ്യക്തമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് ഇമെയിലായും സ്പീഡ് പോസ്റ്റ് വഴിയുമാണ് മറുപടി നൽകിയത്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നൽകിയ പരാതിയിലെ ആരോപണങ്ങളാണ് തോമസിന് നൽകിയിരുന്ന നോട്ടിസിൽ പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് പുറമേ പത്രസമ്മേളനം നടത്തി പാർട്ടിക്ക് അപമാനമുണ്ടാക്കിയെന്നതാണ് മറ്റൊരു കാരണം.
ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചപ്പോൾ അക്കാര്യം തന്നോട് പറഞ്ഞിട്ടില്ല. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയപ്പോഴും പറഞ്ഞില്ല. പ്രായമാണ് പ്രശ്നമെങ്കിൽ തന്നേക്കാൽ പ്രായമുള്ളവർ പദവികൾ വഹിക്കുന്നുണ്ടെന്നും തനിക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറൊരു നീതിയുമാണെന്നും മറുപടിയിൽ കുറ്റപ്പെടുത്തുന്നു. നേതൃത്വത്തിനെതിരേ രൂക്ഷമായ വിമർശനവും മറുപടിയിലുണ്ടെന്നാണ് സൂചനകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."