സമസ്ത പൊതുപരീക്ഷ: ഉന്നതവിജയം നേടി മദ്റസകൾ
കോഴിക്കോട്
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ നടന്ന പൊതുപരീക്ഷയിൽ കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ഉന്നത വിജയം നേടി മദ് റസകൾ. അഞ്ചാം ക്ലാസിൽ പരീക്ഷ എഴുതിയ 1,09,707 കുട്ടികളിൽ 1,04,923 പേർ വിജയിച്ചു. 95.64 ആണ് വിജയശതമാനം. 1,085 ടോപ് പ്ലസും 9,246 ഡിസ്റ്റിങ്ഷനും 24,923 ഫസ്റ്റ് ക്ലാസും 17,129 സെക്കൻഡ് ക്ലാസും 52,540 തേർഡ് ക്ലാസും ലഭിച്ചു.
ഏഴാം ക്ലാസിൽ പരീക്ഷയ്ക്കിരുന്ന 99,758 കുട്ടികളിൽ 98,050 പേർ വിജയിച്ചു. 98.29 ആണ് വിജയശതമാനം. 1,013 ടോപ് പ്ലസും 13,162 ഡിസ്റ്റിങ്ഷനും 36,561 ഫസ്റ്റ് ക്ലാസും 17,593 സെക്കൻഡ് ക്ലാസും 29,721 തേർഡ് ക്ലാസും ലഭിച്ചു. പത്താം ക്ലാസിൽ 39,422 കുട്ടികളിൽ 38,552 പേർ വിജയിച്ചു. 97.79 ആണ് വിജയശതമാനം. 599 ടോപ് പ്ലസും 6,813 ഡിസ്റ്റിങ്ഷനും 14,152 ഫസ്റ്റ് ക്ലാസും 6,649 സെക്കൻഡ് ക്ലാസും 10,339 തേർഡ് ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസിൽ പരീക്ഷയ്ക്കിരുന്ന 6,551 കുട്ടികളിൽ 6,399 പേർ വിജയിച്ചു. 97.68 ശതമാനം. 52 ടോപ് പ്ലസും 658 ഡിസ്റ്റിങ്ഷനും 1,923 ഫസ്റ്റ് ക്ലാസും, 1,159 സെക്കൻഡ് ക്ലാസും 2,607 തേർഡ് ക്ലാസും ലഭിച്ചു.
ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികളെ അഞ്ച്, ഏഴ് ക്ലാസുകളിൽ രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയൽ ഇസ് ലാമിക് മദ്‌റസയാണ്. അഞ്ചാം ക്ലാസിൽ 260 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതിൽ 234 പേർ വിജയിച്ചു. ഏഴാം ക്ലാസിൽ 215 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 204 പേർ വിജയിച്ചു. പത്താം ക്ലാസിൽ എടപ്പാൾ ഹിദായ നഗർ ദാറുൽ ഹിദായ മദ്‌റസയാണ്. 128 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 125 പേർ വിജയിച്ചു. പ്ലസ്ടു ക്ലാസിൽ വി.കെ പടി ദാറുൽ ഇസ് ലാം അറബിക് മദ്റസയാണ്. 26 കുട്ടികളിൽ എല്ലാവരും വിജയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ലയിലെ എടപ്പാൾ ദാറുൽ ഹിദായ മദ്‌റസയിലാണ്. ഇവിടെ 454 പേർ വിജയിച്ചു. ഇന്ത്യയിലെ ഇതരഭാഗങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ്. 10,716 വിദ്യാർഥികൾ പരീക്ഷ എഴുതി. വിദേശ രാഷ്ട്രങ്ങളിൽനിന്നും കൂടുതൽ വിദ്യാർഥികളെ ഓൺലൈൻ പരീക്ഷക്കിരുത്തിയത് യു.എ.ഇയിലാണ്. ഇവിടെ 1,038 വിദ്യാർഥികൾ വിജയിച്ചു.
കേരളത്തിനകത്തും പുറത്തുമായി 10,462 മദ്‌റസകൾ സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 12 ലക്ഷം കുട്ടികളും ഒരു ലക്ഷത്തോളം അധ്യാപകരുമുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ കൂടാതെ വിദേശ രാജ്യങ്ങളിലും മദ്‌റസ പ്രവർത്തിക്കുന്നുണ്ട്.
അൽബിർ, അസ്മി എന്നീ സംവിധാനത്തിലൂടെ പ്രീപ്രൈമറി മേഖലയിലും എൻജിനീയറിങ് കോളജ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നൂറുകണക്കിന് സ്ഥാപനങ്ങൾക്കും സമസ്ത വിദ്യാഭ്യാസ ബോർഡ് നേതൃത്വം നൽകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."