ഭരണവിരുദ്ധത മറയ്ക്കുന്ന പ്രതിരോധ മുഖംമൂടികള്‍
പ്രൊഫ. റോണി കെ. ബേബി
കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയുടെ തീവ്രത തുറന്നുകാട്ടുന്നതിനും എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ബഹുജനങ്ങൾക്കിടയിൽ വിശദീകരിക്കുന്നതിനും വേണ്ടി എന്ന പ്രഖ്യാപനവുമായി ആരംഭിച്ച ജനകീയ പ്രതിരോധ യാത്ര സി.പി.എം പ്രതിരോധ യാത്രയായി മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ജാഥയിലൂടെ കേന്ദ്ര സർക്കാരിനെതിരേയുള്ള രാഷ്ട്രീയ പ്രചാരണം ശക്തമാക്കി കേരളത്തിലെ വിവാദ വിഷയങ്ങളിൽനിന്നും തലയൂരുക എന്നതായിരുന്നു സി.പി.എമ്മിന്റ ലക്ഷ്യം. പാർട്ടിയെയും സർക്കാരിനെയും ബാധിച്ച വിവാദങ്ങളെ മറിക്കടക്കുക എന്ന കൃത്യമായ അജൻഡയായിരുന്നു ജാഥ ആസൂത്രണം ചെയ്തപ്പോൾ പാർട്ടി നേതൃത്വത്തിന്റെ മുന്നിലുണ്ടായിരുന്നത്. പക്ഷേ ബജറ്റിലെ നികുതി വർധന, ലൈഫ് മിഷൻ കോഴ, തില്ലങ്കേരി വിഷയം, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങൾ നേരിടേണ്ടിവരുന്ന അതിക്രമങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തട്ടിപ്പുകൾ, പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ തുടങ്ങിയവയൊക്കെ ചർച്ചയായതോടെ ജനകീയ പ്രതിരോധ യാത്ര അക്ഷരാർഥത്തിൽ സി.പി.എം പ്രതിരോധ ജാഥയായി മാറി.
തിരിച്ചടിച്ച വർഗീയ അജൻഡകൾ
ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് ജാഥ ഉദ്ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയൻ ബോധപൂർവമായ വർഗീയ മുതലെടുപ്പിനാണ് ശ്രമിച്ചതെങ്കിലും ജമാഅത്തെ ഇസ്ലാമിയും സി.പി.എമ്മുമായി ഉണ്ടായിരുന്ന സുദീർഘബന്ധത്തിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവന്നതോടെ ആ തന്ത്രവും പൊളിഞ്ഞു. ലീഗിലെയും കോൺഗ്രസിലെയും ചിലരുടെ ഒത്താശയോടെയാണ് ചർച്ച നടത്തിയതെന്ന മുഖ്യമന്ത്രിയുടെ ആരോപണവും തിരിഞ്ഞുകൊത്തി. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് കോൺഗ്രസിനെയും ലീഗിനെയും കരിവാരിതേക്കാനുള്ള മുഖ്യമന്ത്രി നടത്തിയ ശ്രമം മാധ്യമങ്ങളെ പുറത്താക്കി ശ്രീഎമ്മിന്റെ മധ്യസ്ഥതയിൽ മുഖ്യമന്ത്രിയും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി നടത്തിയ ചർച്ചകളുടെ പഴയ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിറഞ്ഞതോടെ വെളുക്കാൻ തേച്ചത് പാണ്ടായിമാറി എന്ന അവസ്ഥയിലാക്കി.
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതീവരഹസ്യമായി ആർ.എസ്.എസ് നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വത്സൻ തില്ലങ്കേരി എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഇകണോമിക് ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ രചിച്ച 'The RSS And The Making of The Deep Nation' എന്ന പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ വിശദശാംശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത് അക്ഷരാർഥത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി. 1987ല്‍ ഇ.കെ നായനാർ സർക്കാർ അധികാരത്തിലെത്താന്‍ ആര്‍.എസ്.എസ് പരോക്ഷമായി സഹായിച്ചതായും പുസ്തകത്തിലുണ്ട്. 2014ൽ കണ്ണൂരിൽ സി.പി.എം പ്രവർത്തകർക്കായി ശ്രീഎം നടത്തിയ യോഗ ക്യാംപാണ് സി.പി.എം-ആർ.എസ്.എസ് ബന്ധത്തിന് തുടക്കം കുറിച്ചതെന്നും ഈ ക്യംപിൽ പിണറായി വിജയനും പങ്കെടുത്തിരുന്നുവെന്നും ദിനേഷ് നാരായണൻ പുസ്തകത്തിൽ എഴുതുന്നു. "ആർ.എസ്.എസിൻ്റെ വർഗീയ അജൻഡകൾക്കെതിരേ കേരളത്തിന്റെ പ്രതിരോധം രാജ്യത്തിന്റെ പൊതുബോധമായി ഉയർത്തുന്നതിനുള്ള യാത്ര" എന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രഖ്യാപിത ലക്ഷ്യംതന്നെ സി.പി.എം-ആർ.എസ്.എസ് ബാന്ധവത്തിന്റെ തെളിവുകൾ പുറത്തുവന്നതോടെ പൊളിഞ്ഞു.
കുരുക്ക് മുറുകുന്ന
ലൈഫ് മിഷൻ കോഴക്കേസ്
ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വീണ്ടും അറസ്റ്റിലായത് ജനകീയ പ്രതിരോധ ജാഥ തുടങ്ങിയ ദിവസംതന്നെയാണ് എന്നത് സി.പി.എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി. പദ്ധതിയുടെ കരാർ ലഭിക്കാൻ 4.48 കോടി രൂപ കോഴയായി നൽകിയെന്ന യൂനിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന വലിയ ചുമതലയായിരുന്നു ശിവശങ്കറിന്. ഒപ്പം ഐ.ടി സെക്രട്ടറി സ്ഥാനവും. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ഐ.ടി വകുപ്പ് കൂടി ഏറ്റെടുക്കുകയായിരുന്നു. നേരത്തെ സ്വർണക്കടത്തു കേസിലും എം. ശിവശങ്കർ പ്രതിയായിരുന്നു. സ്വർണക്കടത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രധാനമന്ത്രിക്കു കത്തെഴുതിയത് വലിയ വാർത്തയായിരുന്നു. കേന്ദ്ര ഏജൻസികൾ വരികയും അന്വേഷണം പല തലങ്ങളിലേക്കു നീളുകയും ലൈഫ് മിഷൻ ഭവന പദ്ധതി ഉൾപ്പെടെ അഴിമതിക്കേസുകൾ പുറത്തുവരികയും ചെയ്തതോടെ സർക്കാരും സി.പി.എമ്മും പ്രതിരോധത്തിലായി.
മുൻപ് 102 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശിവശങ്കർ പുറത്തുവന്നപ്പോൾ സ്‌പോർട്‌സ്-യുവജന ക്ഷേമ വകുപ്പു സെക്രട്ടറിയായി ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പുനർനിയമനം നൽകുകയാണ് സർക്കാർ ചെയ്തത്. ഇപ്പോൾ ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ വീണ്ടും ശിവശങ്കർ അറസ്റ്റിലായി അകത്തുകിടക്കുമ്പോൾ അതിന് ന്യായീകരണം നൽകേണ്ട ബാധ്യത സർക്കാരിനും സി.പി.എമ്മിനും ഉണ്ട്. നിലവില്‍ മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എം രവീന്ദ്രനിലേക്കും കോഴക്കേസിന്റെ അന്വേഷണം എത്തുമ്പോൾ മുഖ്യമന്ത്രി തന്നെ പ്രതിരോധത്തിലാകുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെതന്നെ ഏറ്റവും ശക്തരായ രണ്ടുപേരാണ് ഇപ്പോൾ ആരോപണവിധേയരായിട്ടുള്ള ശിവശങ്കറും രവീന്ദ്രനും. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി തന്നെ കത്ത് അയച്ചതിനാൽ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയമായി വേട്ടയാടുന്നു എന്ന ആരോപണം ഉന്നയിച്ച് സർക്കാരിന് പ്രതിരോധം തീർക്കാനും സി.പി.എമ്മിന് ജാഥയിൽ കഴിയില്ല. ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ ജനമധ്യത്തിൽ മുഖം നഷ്ടപ്പെട്ട നിലയിലാണ് സർക്കാരും പാർട്ടിയും.
ജനവിരുദ്ധ ബജറ്റ്
നിർദേശങ്ങൾ
നികുതികൾ കുത്തനെ ഉയർത്തി ജനജീവിതം ദുസഹമാക്കിയ സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരേ രോഷം അണപൊട്ടിയൊഴുകുമ്പോഴാണ് ജനകീയ പ്രതിരോധ ജാഥയുമായി സി.പി.എം കടന്നുവരുന്നത്. കേരളത്തിന്റെ യഥാർഥ ധനപ്രതിസന്ധി മറച്ചുവച്ച് നികുതിക്കൊള്ള നടത്തുന്ന ബജറ്റാണ് ധനമന്ത്രി കെ.എം ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. 3000 കോടിയുടെ നികുതിക്ക് പുറമെ കെട്ടിട നികുതിയായി 1000 കോടി പിരിച്ചെടുക്കാൻ തദ്ദേശസ്ഥാപനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്ന നികുതിഭാരം 4000 കോടിയാകും. സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറയുകയാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടനുസരിച്ച് 19 സംസ്ഥാനങ്ങളിൽ അഞ്ച് വർഷത്തിനിടെ നികുതി പിരിവ് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ദേശീയ തലത്തിൽ ആറ് മുതൽ 10 ശതമാനം വരെ നികുതിപിരിവിൽ വർധനവുണ്ടായപ്പോൾ കേരളത്തിൽ അത് രണ്ട് ശതമാനത്തിലൊതുങ്ങി. നികുതി പിരിവ് ദയനീയമായി പരാജയപ്പെട്ടു. സാമൂഹികക്ഷേമ പരിപാടികൾ നടപ്പാക്കി ബദൽനയമാണ് നടപ്പാക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അഞ്ച് വർഷത്തിനിടെ സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് വേണ്ടി ഏറ്റവും കുറവ് പണം നീക്കിവച്ച സംസ്ഥാനമാണ് കേരളമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
നാല് ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പൊതുകടം. ജി.എസ്.ഡി.പിയുടെ 39.1 ശതമാനമാണ് കടം. ഓരോ കുഞ്ഞും കേരളത്തിൽ പിറന്നുവീഴുന്നത് ഒരുലക്ഷം രൂപയുടെ കടത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്ര സർക്കാരിൽ കെട്ടിവച്ച് രക്ഷപ്പെടാനായിരുന്നു സർക്കാരിന്റെ നീക്കം. എന്നാൽ നികുതി പിരിവിലെ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി സി.എ.ജി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടും സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലം ജി.എസ്.ടി വിഹിതം നൽകിയില്ല എന്ന കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ എം.കെ പ്രേമചന്ദ്രൻ എം.പിക്ക് നൽകിയ മറുപടിയും സംസ്ഥാന സർക്കാരിന്റെ വാദങ്ങളുടെ മുനയൊടിച്ചു.
ആകാശ് തില്ലങ്കേരിയുടെ
വെളിപ്പെടുത്തൽ
പാർട്ടിയെ വെട്ടിലാക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദം കനത്ത ക്ഷീണമാണ് സി.പി.എമ്മിന് ഉണ്ടാക്കിയത്. സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ തണലിൽ വളർന്നവരാണ് തില്ലങ്കേരിയിൽ പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയത്. ഷുഹൈബ് വധം പാർട്ടി ഏൽപ്പിച്ചിട്ട് താൻ ചെയ്തതാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനു മുമ്പിൽ പാർട്ടി പതറിപ്പോയി എന്നുതന്നെ പറയാം. മുൻപ് രാഷ്ട്രീയപ്രതിയോഗികൾ ഉയർത്തിയ ആരോപണം വധക്കേസ് പ്രതിതന്നെ ശരിവയ്ക്കുമ്പോൾ പൊതുസമൂഹത്തിനു മുമ്പിൽ പാർട്ടിക്ക് ഉത്തരം നഷ്ടപ്പെടുകയാണ്. ക്വട്ടേഷന്‍ കേസുകള്‍ കുത്തിപ്പൊക്കിയെടുത്ത് ആകാശിനെ അഴിക്കുള്ളിലാക്കുമെന്ന് ഭീക്ഷണിപ്പെടുത്തി നിശബ്ദനാക്കാനാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്.ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുന്‍പ് ആകാശ് തില്ലങ്കേരി വിവാദം തീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിച്ച സി.പി.എം അതിന് രംഗത്തിറക്കിയത് പി. ജയരാജനെ തന്നെയായിരുന്നു എന്ന കൗതുകവും ഉണ്ട്. ക്വട്ടേഷൻ മാഫിയ ബന്ധത്തിൽ പാർട്ടിക്ക് പ്രതിരോധം തീർക്കേണ്ട അവസ്ഥയിലാണ് ജനകീയ പ്രതിരോധ ജാഥ കടന്നുപോകുന്നത്.
സി.പി.എം പ്രചാരണത്തിലെ
ഗീബൽസിയൻ തന്ത്രങ്ങൾ
ഹിറ്റ് ലര്‍ എന്നതിനൊപ്പം ചരിത്രം ചേര്‍ത്തുവായിക്കുന്ന പേരാണ് ജോസഫ് ഗീബല്‍സ്. ഗീബല്‍സ് ഹിറ്റ് ലറുടെ പ്രചാരണ മന്ത്രിയായിരുന്നു. ഒരുനുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് നേരായി ജനങ്ങള്‍ വിശ്വസിക്കുമെന്നായിരുന്നു ഗീബല്‍സിന്റെ ധാരണ. പച്ചനുണ, നട്ടാല്‍ മുളയ്ക്കാത്ത നുണ ആവര്‍ത്തിച്ച് പ്രചരിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യതൊഴില്‍. അതുകൊണ്ടുതന്നെ ഗീബല്‍സ് കുപ്രസിദ്ധനായി. നുണ പറച്ചിലിനെ രാഷ്ട്രീയകലയാക്കി വികസിപ്പിച്ച ഗീബല്‍സ് ഹിറ്റ് ലറിനെ കൈവിടാതെ എന്നും നന്ദിയോടെ കൂടെ നിന്നു.
വിവാദ വിഷയങ്ങളിൽനിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗീബൽസിയൻ തന്ത്രങ്ങളാണ് കേരളത്തിലെ സി.പി.എം ഒന്നിനുപിറകെ ഒന്നായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലെ മോദി ഭരണകൂടമാണ് ഇക്കാര്യത്തിൽ സി.പി.എമ്മിന് മുൻപിലുള്ള മാതൃക. നിരന്തരമായ നുണ പ്രചാരണങ്ങളിലൂടെ സത്യങ്ങളെ അസത്യങ്ങളാക്കി വക്രീകരിക്കുകയാണ് ജനകീയ പ്രതിരോധ ജാഥയിലൂടെ സി.പി.എം ചെയ്യുന്നത്. വിവാദങ്ങൾ ഒന്നിനുപിറകെ ഒന്നായി പൊട്ടിമുളക്കുമ്പോഴും എല്ലാ പ്രതിസന്ധികളെയും തങ്ങളുടെ സംഘടനാ കരുത്തിലൂടെയും നിരന്തരമായ പ്രചാരണതന്ത്രങ്ങളിലൂടെയും മറികടക്കാം എന്ന കടുത്ത ആത്മവിശ്വാസത്തിലാണ് പാർട്ടി. കേന്ദ്രത്തിൽ മോദി ചെയ്യുന്നതിന്റെ കേരള മാതൃകയാണ് സി.പി.എം ഇപ്പോൾ കേരളത്തിൽ പയറ്റുന്നത്. പക്ഷേ ജനാധിപത്യവ്യവസ്ഥയിൽ സത്യങ്ങളെ അധികം മൂടിവയ്ക്കാൻ കഴിയില്ല എന്ന പാഠമാണ് ചരിത്രം നമ്മളെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."