'ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോകുന്നതാണോ മതേതരത്വം'?; കോടഞ്ചേരി വിഷയത്തില്‍ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം
കോട്ടയം: കോടഞ്ചേരിയിലെ മിശ്രവിവാഹത്തിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ദീപിക ദിനപത്രത്തിലെ മുഖപ്രസംഗം. ജോയ്‌സ്‌നയുടെ കുടുംബത്തിന്റെ ആരോപണം ന്യായമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് വിഷയത്തില്‍ വിമര്‍ശനവുമായി ദീപിക ദിനപത്രം രംഗത്തെത്തിയത്.
മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ല. ഹൈന്ദവ ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങളില്‍പ്പെട്ടവര്‍ ഇത് ചിന്തിക്കണമെന്നും അല്ലാത്തപക്ഷം ഇസ്ലാമിക തീവ്രവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് മുസ്ലിം സമുദായത്തിലെ നിരപരാധികള്‍ പഴികേള്‍ക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് മുഖപ്രസംഗം പറയുന്നു.ഒപ്പം സിപിഐഎമ്മിനെയും പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്.
മാതാപിതാക്കളെ അറിയിക്കേണ്ടെന്നും പാര്‍ട്ടിയെ അറിയിക്കണമായിരുന്നുവെന്ന സിപിഎം നേതാവ് ജോര്‍ജ് എം തോമസിന്റെ പ്രതികരണം വിചിത്രമാണ്. ഷെജിന് പാര്‍ട്ടിയെ അറിയിക്കണം, പക്ഷെ ജോയ്‌സ്‌നയുടെ മാതാപിതാക്കളോട് പറയേണ്ടതില്ല. അവര്‍ക്ക് സ്വന്ത് മകളോട് സംസാരിക്കാന്‍ പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോവുന്നതാണോ മതേതരത്വം.? ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സിപിഎമ്മിന് പോലും തീവ്രവാദികളുടെ നീക്കങ്ങളെ കുറിച്ച് ഭയമുണ്ട്. വിഷയം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യണം, ഒരക്ഷരം പുറത്തുപറയരുത് എന്നാണോ നയം എന്ന് മുഖപ്രസംഗം ചോദിക്കുന്നു.
ജോയ്‌സ്‌നയുടെ വിഷയത്തില്‍ സംശയങ്ങള്‍ പരിഹരിക്കുകയും ദുരൂഹതയുടെ മറനീക്കുകയുമാണ് വേണ്ടത്. അല്ലാതെ നിസ്സഹായരായ മാതാപിതാക്കളെ മതേതരത്വത്തിന്റേയോ മതസൗഹാര്‍ദത്തിന്റേയോ പേരുപറഞ്ഞ് ഭയപ്പെടുത്തുകയല്ല വേണ്ടത് എന്നും മുഖപ്രസംഗം പറയുന്നു.
ഏപ്രില്‍ ഒമ്പതിന് വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എം എസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജ്യോത്സ്‌ന ജോസഫും വീട് വിട്ടിറങ്ങിയത്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്‌ന രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."