ഷിറ്റ്
സിനിമയില്‍ രാഷ്ട്രീയ നേതാക്കളായ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും കോളറില്‍ കുത്തിപ്പിടിച്ചുനെടുനെടുങ്കന്‍ ഡയലോഗുകള്‍ കാച്ചിയ സുരേഷ് ഗോപി സിനിമാസ്‌റ്റൈലില്‍ വച്ചു കാച്ചുന്നത് മിക്കതും അസ്ഥാനത്താവുകയും തിരുത്തിപ്പറയുകയും ചെയ്യേണ്ട ഗതികേടിലാണ്. ഏറ്റവും ഒടുവില്‍ ആലുവാ ശിവരാത്രി മഹോത്സവത്തിലാണ് സൂപ്പര്‍ സ്റ്റാറിന് തിരുത്തേണ്ടിവന്നത്. അവിശ്വാസികളെ മുച്ചൂടും നശിപ്പിക്കാന്‍ താന്‍ പ്രാര്‍ഥിക്കുമെന്നായിരുന്നു ഗോപിയുടെ പ്രസംഗം.
വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐയില്‍ തുടങ്ങി ഇന്ദിരാഗാന്ധിയില്‍ ആകൃഷ്ടനായി കോണ്‍ഗ്രസ് അനുഭാവിയാവുകയും തെരഞ്ഞെടുപ്പുകളില്‍ ഇടതു-വലതു സ്ഥാനാര്‍ഥികള്‍ക്ക് ഒരേ സമയം കാംപയിന്‍ നടത്തുകയും ചെയ്ത സുരേഷ് ഗോപിയെ ബി.ജെ.പിയിലെത്തിച്ചത് നരേന്ദ്രമോദിയാണ്. മോദി ഒരു ദിവസം അഹമ്മദാബാദിലേക്ക് വിളിപ്പിക്കുന്നു. അപ്പോത്തിക്കരി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. മൂന്നു ദിവസത്തേക്ക് ഷൂട്ടിങ് നിര്‍ത്തിവച്ച് സുരേഷ് ഗോപിയെ മോദിയെ കാണാന്‍ നിര്‍ബന്ധിച്ചയച്ചത് അപ്പോത്തിക്കരിയുടെ നിര്‍മാതാവാണെന്ന് സുരേഷ് ഗോപി പറയുമ്പോള്‍ അത് തള്ളെന്ന് കരുതേണ്ട. തന്റെ സാമൂഹ്യസേവനവും പ്രതിബദ്ധതയും നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയുടെ അവതരണത്തിലെ മികവും ഒക്കെയാണ് മോദിയെ സുരേഷ് ഗോപിയിലേക്ക് ആകര്‍ഷിച്ചത്. ഇടതു എം.എല്‍.എയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ശേഷം കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ലഭിച്ച പ്രമുഖനാണ് സുരേഷ് ഗോപി. കേരളം പക്ഷെ സിനിമാക്കാരെ രാഷ്ട്രീയത്തില്‍ വലുതായി പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നത് സുരേഷ് ഗോപിയുടെ കാര്യത്തിലും പ്രകടമാണ്.
2019ല്‍ തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച ഗോപി വോട്ട് മെച്ചപ്പെടുത്തിയെങ്കിലും ബി.ജെ.പിയെ മൂന്നാം സ്ഥാനത്തുനിന്ന് കയറ്റിയില്ല. തൃശൂരിനെ എനിക്കു വേണം, എനിക്കു തരണം, തൃശൂരിനെ ഞാനിങ്ങ് എടുക്കുവാ എന്നുപറഞ്ഞ സുരേഷ് ഗോപി തേക്കിന്‍കാട് മൈതാനത്ത് നടത്താനിരുന്ന നന്ദിപ്രസംഗം പോലും സ്വപ്നം കണ്ടു. ശബരിമലയെ എടുത്തിട്ട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കേസും ഉണ്ടായി.
ആലുവ ശിവരാത്രി വേദിയില്‍ എല്ലാ അവിശ്വാസികള്‍ക്കെതിരേയും ശാപപ്രാര്‍ഥന നടത്തുമെന്ന് പറഞ്ഞിട്ടില്ല. മതം സ്‌നേഹമാണെന്നും സ്‌നേഹം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കണമെന്നും പറഞ്ഞ സുരേഷ് ഗോപി എല്ലാ മതങ്ങളിലെയും ദൈവത്തെയും വേദഗ്രന്ഥങ്ങളെയും ഇഷ്ടപ്പെടുന്നുവെന്ന് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വിവാദ പരാമര്‍ശം നടത്തിയത്. അവിശ്വാസികളോട് സ്‌നേഹമില്ല. വിശ്വാസികളുടെ അവകാശങ്ങളിലേക്ക് ധ്വംസന രൂപേണ വരുന്നവരോട് പൊറുക്കില്ലെന്ന് സുരേഷ് ഗോപി. നിന്ദിക്കാന്‍ വരുന്നവർ സമാധാനത്തോടെ ജീവിക്കുന്ന അന്തരീക്ഷം ഒരുങ്ങിക്കൂടെന്നായിരുന്നു സൂപ്പര്‍ സ്റ്റാറിന്റെ പ്രസംഗം. ദൈവവിശ്വാസമാണ് താരത്തിന്റെ തുരുപ്പ് ചീട്ട് എവിടെയും. സിനിമ കുറഞ്ഞുപോയത് മനപ്പൂര്‍വമാണോ എന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ആദ്യം ദൈവനിശ്ചയം എന്നുപറഞ്ഞ നടന്‍ ഒടുവിലെത്തിയത് സിനിമ കുറഞ്ഞതിന് പിന്നില്‍ ചില പിശാചുക്കളെന്നതില്‍.
തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടയിലും ചില സിനിമകളില്‍ വേഷമിട്ട സുരേഷ് ഗോപി മലയാളത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ച നടനാണ്. 1965ല്‍ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ സത്യനോടൊപ്പം ബാലനടനായി എത്തിയ അദ്ദേഹം 1990കളില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തി. ജയരാജന്‍ സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലെ കണ്ണന്‍ പെരുവണ്ണാനെ അവതരിപ്പിച്ച് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങി. വില്ലന്‍ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയില്‍ ശ്രദ്ധേയനായത്. ഷാജി കൈലാസ് രഞ്ജി പണിക്കര്‍ സിനിമകളിലൂടെ ന്യായത്തിന് വേണ്ടി നിലകൊള്ളുന്ന പൊലിസ് ഓഫിസര്‍മാരടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ടെലിവിഷന്‍ ചാനലില്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയിലൂടെ സുരേഷ് ഗോപിയെ പുതിയ രൂപത്തില്‍ നാട് സ്വീകരിച്ചു
.
2016 ഏപ്രിലിലാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി ബി.ജെ.പി വാഴിക്കുന്നത്. ഒക്ടോബറില്‍ ബി.ജെ.പിയില്‍ അംഗമാവുകയും ചെയ്തു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കുകയെന്നതായിരുന്നു ബി.ജെ.പിയുടെ അജൻഡ. 2019ല്‍ തിരുവനന്തപുരത്തേക്ക് കുമ്മനം കുപ്പായം തയ്ച്ചതോടെ തൃശൂരിലേക്ക് മാറി. രാജ്യസഭാംഗത്തിന്റെ ഫണ്ട് കൂടുതല്‍ ചെലവഴിച്ചത് തിരുവനന്തപുരത്തായിരുന്നു. ആറന്മുള പൊന്നമ്മയുടെ ചെറുമകള്‍ രാധികാനായരാണ് സുരേഷ് ഗോപിയുടെ ഭാര്യ. മക്കള്‍ അഞ്ചുള്ളതില്‍ ഗോകുല്‍ മലയാള സിനിമയില്‍ സ്ഥാനം നേടി വരുന്നു.
ബീഫ് നിരോധനത്തെ പിന്തുണച്ച് അദ്ദേഹം പറഞ്ഞത് സാമൂഹ്യമാധ്യമങ്ങളില്‍ മറ്റൊരു വിഡിയെ ഇട്ട് ആഘോഷിച്ചു. ബീഫ് നിരോധനത്തെ അംഗീകരിക്കുമെന്നും ഞാന്‍ ബീഫ് കഴിക്കില്ല. വീട്ടില്‍ ബീഫ് കയറ്റില്ല എന്നെല്ലാം തട്ടിവിട്ട ഇദ്ദേഹം നാലു ദിവസം ബീഫ് കഴിച്ച് തടിച്ചതിന്റെ കഥ പറയുന്ന വിഡിയോയാണ് പുറത്തുവന്നത്.
ആഡംബര കാര്‍ വാങ്ങിയപ്പോള്‍ നികുതി വെട്ടിച്ചതിന്റെ പേരില്‍ പൊലിസ് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തിരുന്നു. പോണ്ടിച്ചേരി വിലാസത്തില്‍ കാറ് വാങ്ങിയാണ് നികുതി വെട്ടിച്ചത്. ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ചതും വാര്‍ത്തയായിരുന്നു. എം.പിയെ സല്യൂട്ട് ചെയ്തൂടെ എന്ന് ചോദിച്ചിരുന്നു. എം.എല്‍.എ, എം.പി എന്നിവരെ സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് പൊലിസ് പിന്നീട് വ്യക്തമാക്കി. അടുത്ത ജന്മത്തില്‍ പൂണൂലിട്ട് ഈശ്വരനെ സേവിക്കാന്‍ കഴിയണമേയെന്ന പ്രാര്‍ഥനയും സുരേഷ് ഗോപിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."