മധുവിനൊപ്പമില്ലാത്ത അഞ്ചാണ്ട്
ഇ.കെ ദിനേശൻ
അട്ടപ്പാടിയിലെ മധു എന്ന യുവാവിനെ ഒരുകൂട്ടം മനുഷ്യർ തല്ലിക്കൊന്നത് 2018 ഫെബ്രുവരി 22നാണ്. ആ സംഭവം നടന്നിട്ട് അഞ്ചുവർഷം പൂർത്തിയാകുമ്പോൾ കേരളം പല സമാനസംഭവങ്ങൾക്കും സാക്ഷ്യംവഹിച്ചു. ഒടുവിൽ വിശ്വനാഥൻ എന്ന 46 വയസുകാരന്റെ ആത്മാഭിമാനത്തിനേറ്റ മുറിവ് ആത്മഹത്യയിൽ എത്തിച്ചു. ഈ വർഷത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം- മുത്തങ്ങ സമരം നടന്നിട്ട് രണ്ടുപതിറ്റാണ്ട് പൂർത്തിയായി. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ആദിവാസി, ദലിത് ജീവിതത്തിൻ്റെ സോഷ്യൽ ഓഡിറ്റിങ് ഗൗരവപ്പെട്ടതാവുന്നത്. അതിൽ പ്രധാനപ്പെട്ടത്, മധുവിന് കിട്ടേണ്ട നീതി നീണ്ടുപോകുന്നതിനു പിന്നിലെ കാരണങ്ങളാണ്. ലോകത്ത് എവിടെ ജീവിക്കുന്ന മലയാളിക്കും ഈ വിഷയത്തിൽ അപമാനം തോന്നേണ്ടതാണ്. അതുണ്ടാവാത്തത് എന്തുകൊണ്ടാണ്? മധുവിനെ മറവിയിലേക്ക് തള്ളിവിട്ടവരിൽ രാഷ്ട്രീയക്കാർ മാത്രമല്ല എന്നു പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. പ്രബുദ്ധതയെ ആഘോഷമാക്കിയ സാംസ്കാരിക മനുഷ്യരും മധുവിൻ്റെ കാര്യത്തിൽ മൗനത്തിലാണ്. ഇതാണ് ഇന്നത്തെ പുരോഗമന കേരളത്തിൻ്റെ അവസ്ഥ.
മധുവിന്റെ ആൾക്കൂട്ട വധത്തിന് കാരണമായ വസ്തുതകൾ എന്തായാലും മധു എന്നതും ആൾക്കൂട്ടം എന്നതും കൃത്യമായി രണ്ടു സാമൂഹികതലങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇതുതന്നെയാണ് വിശ്വനാഥന്റെ ആത്മഹത്യ രൂപപ്പെടുത്തിയതും. കേരളത്തിൻ്റെ സവിശേഷ സാമൂഹിക പൊതുബോധം പുരോഗാത്മകമാണ് എന്നാണ് പറയാറ്. അതിൻ്റെ ഘടനാരൂപം നവോത്ഥാനത്തോടെ ശക്തിപ്പെട്ടത് ജാതി, മത, സാമ്പത്തിക മേൽക്കോയ്മകളുടെ അധീശത്വത്തെ നിഷേധിച്ചുകൊണ്ടാണ്. മറ്റു പല ഘടകങ്ങൾക്കൊപ്പം ജന്മിത്വത്തെയും ജാതിമേൽക്കോയ്മയെയും തകർക്കൽ പ്രധാന അജൻഡയായിരുന്നു. എന്നിട്ടും ആദിവാസികൾക്ക് ശരാശരി ജീവിതപരിസരത്ത് എത്താൻ കഴിഞ്ഞില്ല. അതിൻ്റെ ഒടുവിലത്തെ തെളിവാണ് മധുവിൻ്റെ കേസിൽ സംഭവിച്ച ഉദാസീനതയും കാലതാമസവും. അത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ഇനിയെങ്കിലും കേരളം ചർച്ച ചെയ്യേണ്ടതുണ്ട്. നീതി നിർവഹണത്തിന് വ്യക്തികളുടെ സോഷ്യൽ സ്റ്റാറ്റസ് ഒരുതരത്തിലും പരിഗണിക്കപ്പെടരുത്. ഇവിടെ മധുവിന് നീതി വൈകാൻ കാരണം, അയാളുടെ സോഷ്യൽ പദവി തന്നെയാണ്. അതായത് മനുഷ്യൻ്റെ സാമൂഹ്യ അസ്തിത്വം സമ്പത്തുകൊണ്ടും പദവികൊണ്ടും നിയന്ത്രിക്കപ്പെടുകയാണ്. ഇതിനെയാണ് ചോദ്യം ചെയ്യേണ്ടത്.
ജാതിയും ജീവിതവും
മധുവിൻ്റെ വിഷയത്തിലെ വിവേചന കാരണം, അയാളുടെ ജാതിയും ജീവിത പശ്ചാത്തലവുമാണ്. കാലങ്ങളായി മനുഷ്യൻ്റെ സാംസ്കാരിക പദവികളെ ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്ന പൊതു മാനദണ്ഡങ്ങളിൽ സവർണതക്ക് പ്രധാന പങ്കുണ്ട്. അവർണന് സമ്പത്തുകൊണ്ട് നേടിയെടുക്കാൻ കഴിയുന്നതല്ല സാമൂഹിക പദവികൾ. കാരണം, അതിന് ജാതിഘടനയുമായി കൃത്യമായ ബന്ധമുണ്ട്.
മധുവിനെ കൊന്നവരിലും വിശ്വനാഥനെ അക്രമിച്ചവരിലും വ്യത്യസ്ത രാഷ്ട്രീയ, സാംസ്കാരിക പരിസരങ്ങളിൽ ജീവിക്കുന്നവരുണ്ട്. അതിനർഥം അവിടെ അവരുടെ അറിവോ രാഷ്ട്രീയബോധമോ ഇരകളോടുള്ള മൃദുസമീപനത്തിന് വിഘാതമായി പ്രവർത്തിച്ചില്ല. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ അഞ്ചുവർഷമായി മധുവിന്റെ കേസുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ ഇഴഞ്ഞുപോക്ക്. ഇതിൽ ഭരണകൂടത്തിന് കൃത്യമായ പങ്കുണ്ട്. സർക്കാർ മധുവിൻ്റെ കുടുംബത്തിനും സഹോദരി ചന്ദ്രികക്കും നൽകിയ തൊഴിൽ, സാമ്പത്തിക സുരക്ഷ ഇതൊന്നും മറച്ചുപിടിച്ചല്ല ഈ നിരീക്ഷണം. സമാന കേസിൽ കാണുന്ന താൽപര്യവും രാഷ്ട്രീയസൂക്ഷ്മതയും സാമൂഹികശ്രദ്ധയും മധുവിൻ്റെ കേസിൽ ഉണ്ടായിട്ടില്ല എന്നത് വെറും ആരോപണമല്ല.
നീതിയും ഭരണകൂട സമീപനവും
കഴിഞ്ഞ അഞ്ചുവർഷമായിട്ടും മധുവിന്റെ കേസ് ഇഴഞ്ഞുനീങ്ങിയതിനു പിന്നിലെ കാരണം എന്താണ്? അതിനോടുള്ള ഭരണകൂടത്തിന്റെ സമീപനം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. എക്കാലത്തും സാമൂഹിക വിഭജനങ്ങളുടെ സങ്കീർണ അവസ്ഥകളെ പരിഹരിക്കാനാണ് പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങൾ ശ്രമിച്ചിട്ടുള്ളത്. പക്ഷേ, എന്തുകൊണ്ടോ കേരളത്തിലെ ആദിവാസി, ദലിത് മനുഷ്യരുടെ സാമൂഹിക ജീവിതാവസ്ഥയെ ഉയർത്തിക്കൊണ്ടുവരാൻ ഭരണകൂടത്തിന് കഴിയുന്നില്ല. മധുവിൻ്റെ കേസുമായി ബന്ധപ്പെട്ട നാൾവഴി അതാണ് സൂചിപ്പിക്കുന്നത്.
നിരന്തരമായ സമ്മർദ, പ്രതിഷേധത്തെ തുടർന്നാണ് മധുവിൻ്റെ കേസ് വിചാരണയ്ക്ക് എത്തുന്നത്. കുടുംബാംഗങ്ങൾ പലതവണ വിഷയവുമായി ബന്ധപ്പെട്ട് ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്. കേസിന്റെ തുടക്കത്തിൽ തന്നെ അകാരണമായി ചേർക്കപ്പെട്ടവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് എന്ന പരാതിയുണ്ടായിരുന്നു. ഹാജരാക്കിയ പല സാക്ഷികളും വിചാരണ വേളയിൽ കൂറുമാറി. മധുവിൻ്റെ ബന്ധുവടക്കം അമ്പതോളം പേർ വിചാരണ വേളയിൽ കൂറുമാറിയതാണ്. സാക്ഷികൾ കൂറുമാറിയത് പല രീതിയിലുള്ള സമ്മർദങ്ങളുടെ ഫലമാണ്. ഈ കേസിൽ ഭരണകൂട സംവിധാനങ്ങൾപോലും ഇരക്ക് ഒപ്പമല്ല. മധുവിൻ്റെ അമ്മ നൽകിയ പരാതിയിൽ പൊലിസിനെതിരേയാണ് ആരോപണം ഉയർന്നത്. സംഭവം നടന്ന സ്ഥലത്തുനിന്ന് അരമണിക്കൂർകൊണ്ട് അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മധുവിനെ എത്തിക്കാം. എന്നിട്ടും എങ്ങനെ മണിക്കൂറുകൾക്കുശേഷം ആശുപത്രിയിൽ മരണപ്പെട്ടു എന്ന് സംശയിച്ചിരുന്നു. ഇത് പ്രതിചേർക്കപ്പെട്ടവർക്ക് പ്രതീക്ഷയാണ്. മറ്റൊന്ന്, ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫിസറുമായ ജെറോമിക് ജോർജ് കോടതിയിൽ നൽകിയ മൊഴിയാണ്. മധുവിനെ കസ്റ്റഡിയിലെടുത്തപ്പോൾ പരുക്കുണ്ടായിരുന്നില്ലെന്ന് സാക്ഷിമൊഴികളിൽനിന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണത്.
കേസുമായി ബന്ധപ്പെട്ട നാൽപതിലേറെ തവണ രാജേഷ് എം. മേനോൻ സ്പെഷൽ പ്രോസിക്യൂട്ടറായും അഡിഷണലായും പ്രസ്തുത കേസിൽ കോടതിയിൽ എത്തിയിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിന് ശമ്പളവും യാത്രാബത്തയും തടഞ്ഞുവച്ചത് വിവാദമായിരുന്നു. കേസിന്റെ ചെലവിനായി വന്ന 1,63,520 രൂപ അനുവദിക്കണമെന്ന് പറഞ്ഞ് അദ്ദേഹം ജില്ലാ കലക്ടർക്ക് കത്ത് നൽകിയിരുന്നു. പിന്നീടാണ് 47,000 രൂപ അനുവദിക്കപ്പെട്ടത്. ഈ കേസിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? മറ്റു പല കേസുകൾക്കും ഉപദേശം തേടാൻ വേണ്ടി മാത്രം ഒരു കോടിയിൽ ഏറെ രൂപ ചെലവഴിച്ചിട്ടുണ്ട് സർക്കാർ. ഇതിനൊപ്പം ഓർക്കേണ്ട മറ്റൊരു കാര്യം, ജസ്റ്റിസ് സുരേന്ദ്രൻ മോഹൻ നൽകിയ കത്ത് ഹരജിയായി പരിഗണിച്ച ഹൈക്കോടതി ദലിത് സ്ഥിതിയെക്കുറിച്ച് സോഷ്യൽ ഓഡിറ്റിങ്ങിന് ഉത്തരവിട്ടിരുന്നു. ഈ കാര്യത്തിലും സർക്കാർ അമാന്തമാണ് കാണിച്ചത്. കേവലം മധുവിനെ ബാധിക്കുന്ന വിഷയം മാത്രമല്ല ഇത്. ജനസംഖ്യയിൽ 9 ശതമാനം വരുന്ന ആദിവാസി, ദലിത് സമൂഹത്തിൻ്റെ ജീവിതാവസ്ഥ മുഖ്യധാരാ മനുഷ്യരുടെ സാമൂഹിക ജീവിതത്തിൻ്റെ അയലത്തുപോലും എത്തിയിട്ടില്ല. അവർ അനുഭവിക്കുന്നത് സാമൂഹിക സുരക്ഷയല്ല, ഭീതിയാണ്. അട്ടപ്പാടിയിൽ തുടരുന്ന പട്ടിണി മരണവും ഇതിൻ്റെ തെളിവാണ്. ഇത്തരം വസ്തുതകളുടെ വെളിച്ചത്തിൽ കേരളത്തിലെ മുഖ്യധാരയിൽ വിഷയമായി മാറേണ്ട മധുവിന്റെയും വിശ്വനാഥെൻ്റയും കൊലപാതകം എന്തുകൊണ്ട് നമ്മുടെ സാംസ്കാരിക ബുദ്ധിജീവി മണ്ഡലങ്ങളിൽ ഇപ്പോഴും നിർജീവമായിരിക്കുന്നു?
ആദിവാസി ഉന്മൂലനവും
സാംസ്കാരിക മൗനവും
മുത്തങ്ങ സമരത്തിൻ്റെ ഇരുപതാം വാർഷികത്തിലും അട്ടപ്പാടി മധുവിന്റെ കൊലയുടെ അഞ്ചാം വർഷത്തിലും വിശ്വനാഥന്റെ കൊലപാതകത്തിലും എന്തുകൊണ്ട് കേരളം മൗനത്തിലാണ്ടു? അതേസമയം, ഉപരി, മധ്യവർഗ വിഭാഗങ്ങളിൽ പെട്ട ഏതെങ്കിലും വ്യക്തികൾക്കോ വിഭാഗങ്ങൾക്കോ സർക്കാരിൽ നിന്നോ അതിൻ്റെ ഭാഗമായി നിൽക്കുന്ന മറ്റു സംവിധാനങ്ങളിൽ നിന്നോ നീതി വൈകിയാൽ തെരുവുകൾ സമരച്ചൂടിൽ തിളയ്ക്കും. അതിനുവേണ്ടി കൂട്ട ഒപ്പുശേഖരണവും സാംസ്കാരിക ഒന്നിപ്പുകളും രാഷ്ട്രീയമായ പൊതുബോധ പ്രതികരണങ്ങളും ഉണ്ടാവും. ഇത് പുരോഗമന കേരളത്തിൻ്റെ രണ്ട് മനോതലങ്ങളെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഡൽഹി നഗരത്തിൽ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ ഇന്ത്യ തിളച്ചു മറിഞ്ഞത് നാം കണ്ടതാണ്. അത്തരം പ്രതികരണം ഇനിയും ആവശ്യമാണ്. അങ്ങനെ ഉണ്ടാവണം. എന്നാൽ ഉത്തരേന്ത്യയിൽ ദിവസേന ദലിതുകൾക്ക് നേരെ ഉയരുന്ന മനുഷ്യത്വവിരുദ്ധ സമീപനത്തോട് ഇത്തരം പ്രതികരണം കാണാറില്ല. ഈ സാഹചര്യം കേരളത്തിൽ എന്തുകൊണ്ട് നിലനിൽക്കുന്നു? മധുവും വിശ്വനാഥനും കാര്യമായ രാഷ്ട്രീയ വിഷയങ്ങളിലേക്ക് ഉയർന്നുവരുന്നില്ല. പ്രതിപക്ഷത്തിന് വിശ്വനാഥനെ മുൻനിർത്തിക്കൊണ്ട് ആദിവാസി സമൂഹത്തോടുള്ള സർക്കാർ നിലപാടിനെ തുറന്നുകാട്ടാമായിരുന്നു. അതിന് കഴിയാതെ പോകുന്നത് ഒറ്റ കാരണം കൊണ്ടാണ്. അവരെ രാഷ്ട്രീയമായി ഉപയോഗിച്ചതുകൊണ്ട് കാര്യമായ ഗുണമില്ല. എന്നുമാത്രമല്ല, തങ്ങൾക്ക് അനുകൂലമായ പൊതുബോധത്തെ പോലും അതു ബാധിക്കും എന്ന പിന്തിരിപ്പൻ തിരിച്ചറിവും.
എന്നാൽ ബുദ്ധിജീവി സാംസ്കാരിക മണ്ഡലത്തിന് ഈ ഭയം ആവശ്യമില്ല. അങ്ങനെയാണ് നിഷ്കളങ്ക മനുഷ്യർക്ക് തോന്നുക. അത് ശരിയല്ലെന്ന് തെളിയിച്ചിട്ടുണ്ട് കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമീപകാല സമരം. അവിടെ സിനിമ എന്ന സാംസ്കാരിക ഉൽപന്നത്തിന്റെ സാമൂഹിക ഉത്തരവാദിത്വം മനസിലാക്കിയ എത്ര ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും സമരക്കാർക്കൊപ്പം നിന്നു? അങ്ങനെ സംഭവിക്കാതിരിക്കാൻ കാരണം, അത് കലാരംഗത്തെ ജാതിമേൽക്കോയ്മക്കും ബ്രാഹ്മണിക്കൽ സാംസ്കാരികബോധത്തിനും എതിരായിരുന്നു. ഇന്ത്യയിലെയും കേരളത്തിലെയും സാംസ്കാരിക ബുദ്ധിജീവി മണ്ഡലങ്ങളിൽ സവർണത കൃത്യമായി പ്രവർത്തിക്കുന്നു എന്നതിൻ്റെ തെളിവുകളാണ് ഇതൊക്കെ.
പൊതുവിഷയങ്ങളിൽ ഇത്തരം മനുഷ്യർ പ്രകടിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ എപ്പോഴും ഭൂരിപക്ഷ താത്പര്യത്തിന് ഒപ്പമായിരിക്കും. ഇവിടെ ഭൂരിപക്ഷം എന്നു പറയുന്നത് തങ്ങളുടേതു കൂടിയായ താൽപര്യങ്ങളെയാണ്. അതുകൊണ്ടാണ് കെ.ആർ നാരായണൻ ഫിലിം സ്ഥാപനത്തിലെ മേധാവി ശങ്കർമോഹൻ രാജിവച്ചപ്പോൾ അവർക്കൊപ്പം സ്ഥാപനത്തിലെ മറ്റുള്ളവരും ഒന്നിച്ചുനിന്നത്. ഇതാണ് ഇത്തരം മനുഷ്യരുടെ സാംസ്കാരിക നിലപാട്.മധുവിന്റെയും വിശ്വനാഥന്റെയും വിഷയം അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധതയുടേതാണ്. എന്നിട്ടും ഇത്തരം വിഷയങ്ങൾ മുഖ്യധാരാ സാംസ്കാരിക വ്യവഹാരങ്ങളിലേക്ക് കടന്നുവരുന്നില്ല. എന്തുകൊണ്ടാണത്? സവർണത ഉൽപാദിപ്പിക്കുന്നതും കണ്ടെത്തുന്നതുമായ സാംസ്കാരിക മൂല്യങ്ങളെ അതിൻ്റെ വ്യത്യസ്തമായ ആവിഷ്കാരങ്ങളെ ഉൾക്കൊള്ളാനോ സംവദിക്കാനോ കഴിയാത്ത മനുഷ്യരെ എന്തിന് ശ്രദ്ധിക്കണം എന്നൊരു തോന്നൽ കൂടി ഈ മൗനം അഡ്രസ് ചെയ്യുന്നുണ്ട്.
ഇനിയും എത്രപേർ?
മുത്തങ്ങ സമരത്തിൻ്റെ ഇരുപതാം വർഷത്തിൽ മധുവിനെയും വിശ്വനാഥനെയും ഓർക്കുന്ന മനുഷ്യത്വമുള്ളവർ ചോദിക്കേണ്ട ചോദ്യമാണ്, ഈ വഴിയിൽ ഇനിയും എത്ര പേർ? കേരളത്തിലെ ബൗദ്ധിക പുരോഗതിയിലും ജീവിത ഔന്നത്യത്തിലും ഇടമില്ലാത്തവരല്ല ആദിവാസികൾ. നിരന്തരമായ തിരസ്കാരണത്തിലൂടെ നാം അവരെ അങ്ങനെയാക്കിത്തീർത്തതാണ്. അവരുടേതായ ജീവിതപരിസരത്ത് മാന്യമായി ജീവിക്കാനുള്ള അവകാശവും അധികാരവും ഭരണഘടന നൽകുന്നുണ്ട്. എന്നിട്ടും പൊതു ഇടങ്ങളിൽ അവരെ നോട്ടംകൊണ്ടും ചിന്തകൊണ്ടും അന്യരായി കാണുന്ന പ്രബുദ്ധതയെ തിരുത്താൻ മനുഷ്യത്വമുള്ളവർ തയാറാവണം. മധുവിന് നീതി കിട്ടണം, വിശ്വനാഥൻ്റെ മരണം ആത്മഹത്യയല്ല എന്ന കുടുംബത്തിൻ്റെ പരാതി അന്വേഷിക്കണം. മധുവിനും വിശ്വനാഥനുംശേഷം സമാന അനുഭവം ആവർത്തിക്കാതിരിക്കാൻ, നമ്മളിൽ പെട്ടവരാണ് അവരും എന്ന് പറയാൻ പ്രബുദ്ധ മലയാളിക്ക് കഴിയണം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."