ജീവിതം തേടിപ്പോയ പത്തേമാരിക്കാലം
റഹീം വാവൂർ
പ്രവാസ ദൈന്യതയുടെ ആഴങ്ങളെ ദൈനംദിന ജീവിതത്തിന്റെ പരിശ്രമങ്ങളിലൂടെ മറികടന്ന ഒട്ടേറെപ്പേരിൽ ഒരാളാണ് ഗഫൂർ ഹാജി. ജീവിതത്തെ പരിശ്രമത്തിലേക്കും സഹനത്തിലേക്കും ചേർത്തുവച്ചാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ‘ബിച്ചാൻ’ സംസാരത്തെ എപ്പോഴും മുഴുമിപ്പിക്കാറുള്ളത്. സംസാരിക്കുമ്പോൾ ചിരിയുടെ അറ്റത്താണ് വാക്കുകളെ നിറുത്തുക. അതിനു മുകളിൽ സ്നേഹത്തിന്റെ ഒരു പൂവ് വിരിഞ്ഞു നിൽക്കുന്നുണ്ടാവും. വ്യക്തിപരമായ ഉന്മാദങ്ങളിൽ അഭിരമിക്കാതെ അപരന്റെ സങ്കടങ്ങളെ പരിഗണിക്കുന്ന സഹൃദയനായ ബിച്ചാൻ ആശ്രിതർക്ക് ആലംബവും ആകാശവുമാണ്. വിസ്തരിച്ചു പറയേണ്ടുന്ന കാര്യങ്ങളെയും ചുരുക്കിക്കെട്ടിയാണ് അവതരിപ്പിക്കുക. സ്വന്തം ജീവിതവർത്തമാനങ്ങളെയും അങ്ങനെ തന്നെയാണ് ഉപസംഹരിച്ചത്. വിലങ്ങുകളെ മുന്നേറിയും വിലക്കുകളെ മറികടന്നും ജീവിതത്തിന്റെ എതിർപോസ്റ്റിലേക്ക് പന്തുതട്ടി ജയം ഉറപ്പിച്ച ഒരാളായിട്ടും ജയിച്ച കഥകളിൽ നിന്നായിരുന്നില്ല അദ്ദേഹം സംസാരം തുടങ്ങിയത്.
***
1989ലാണ് ടി.കെ ഗഫൂറെന്ന പതിനെട്ടുകാരൻ പ്രവാസത്തിനിറങ്ങുന്നത്, മനസിന്റെ പ്രത്യാശകളെ മരുഭൂമി പുലർത്തിത്തരുമെന്ന പ്രതീക്ഷയിൽ. ജീവിതത്തെ രക്ഷിച്ചെടുക്കാൻ കടലുകടക്കലാണ് പോംവഴി എന്നു വീട്ടുകാരും നാട്ടുകാരും ഒന്നിച്ചുപറഞ്ഞപ്പോൾ എളാപ്പ അലവിക്കുട്ടി ഹാജിയാണ് യാത്രയ്ക്കുള്ള കാശു കൈയിൽ കൊടുത്തത്. കോഴിക്കോട്ടുനിന്ന് ട്രെയിൻ മാർഗം ഡൽഹിയിലേക്കാണ് ആദ്യം പോയത്. ഒട്ടും അലങ്കാരങ്ങളില്ലാത്ത കള്ളിത്തുണിയാണ് വേഷം. നാടൻതുണിയിൽ നിന്ന് 450 റിയാലിന്റെ ക്ലീനിങ് തൊഴിലിലേക്ക് ഇറങ്ങിയ ഒരുക്കമാണ് ഇന്ന് ഒട്ടേറെ ആളുകൾക്കു ശമ്പളം കൊടുക്കുന്ന ഉടമസ്ഥാഭിവൃദ്ധിയിലേക്ക് ജീവിതത്തെ എത്തിച്ചത്. ജീവിതം ഇനി എങ്ങനെയൊക്കെയാവും എന്ന വ്യഥയുടെ വേവലാതിയാൽ മനസ് നീറിയ ആദ്യപകലാണ് പ്രവാസത്തിന്റെ ആദ്യ നോവ്.
പ്രവാസമെന്നത് നാട്ടുകാർക്കന്ന് കഥയും കിനാവുമാണ്. ദുനിയാവിനെ കാർബോർഡ് പെട്ടിയിലാക്കി കരിപ്പൂരിലിറങ്ങുന്ന മനുഷ്യരുള്ള വീടുകൾ അന്ന് പ്രതാപത്തിന്റെ അടയാളമായി നിന്നു. കടലുകടന്ന് ജീവിതം തൊട്ടവർ വിസ്മയമായി. അവർ വരുമ്പോൾ മാത്രം പരക്കുന്ന ഗന്ധവും കിട്ടുന്ന രുചിയും മാത്രമാണ് വീട്ടുകാർക്കന്ന് പ്രവാസം. അറേബ്യൻ അത്തറിന്റെ നല്ലമണങ്ങൾ നാട്ടുകാർ അനുഭവിച്ചത് ബിച്ചാൻ ഗൾഫിൽ നിന്നെത്തി തുടങ്ങിയതോടെയാണ്. വീട്ടുകാരും അയൽപക്കങ്ങളും ഒരുപോലെ അവരെ കാത്തുനിന്നു. അങ്ങാടികളിലെ വൈകുന്നേരങ്ങൾക്ക് അവർ ഉണർവുകൾ നൽകി. വാവൂരങ്ങാടിയിലെ നായരുടെ പീടികയിലെ പാലുപാർന്ന ചായക്ക് നിരത്തിയിട്ട ബെഞ്ചുകളിലൊക്കെയും ആളുകൾ നിറഞ്ഞു.
വേദനയുടെ വേവുകൾ
ജീവിതം അളന്നിട്ടുപോയ വഴികളിലേക്ക് മനസുകൊണ്ട് തിരിഞ്ഞുനടക്കുമ്പോൾ ഓർമയുടെ നടവഴിയിലൂടെ വന്നുചേരുന്ന മുഖം ഉമ്മയുടേതാണ്. പള്ളിക്കാട്ടിലെ മൺവീട്ടിലേക്ക് ബാപ്പ നേരത്തെ താമസം മാറിയതുകൊണ്ട് മേൽക്കൂര ഇല്ലാതായ ജീവിതത്തിന് ഉമ്മയാണ് തണലിട്ടത്. രുചിക്കാൻ പാകത്തിൽ ജീവിതം പാകപ്പെട്ട പഴയകാല പ്രവാസികളുടെ വലിയൊരു നഷ്ടം അവരെ പോറ്റിപ്പുലർത്തിയ ഉമ്മ-ബാപ്പമാർ മക്കളുടെ നല്ലകാലത്തെ അറിയാനും അനുഭവിക്കാനും നിൽക്കാതെ കടന്നുപോയതാണ്. ബാപ്പ പോയിടത്തേക്ക് ഉമ്മ പോയ്മറഞ്ഞിട്ട് വർഷങ്ങളായി.
ബിച്ചാൻ തുടർന്നു; ദാരിദ്ര്യത്തിന്റെ നിലവിളികളാണ് എന്നെയും പ്രവാസിയാക്കിയത്. പുകയാത്ത അടുപ്പും പുലരാത്ത ജീവിതാനന്ദങ്ങളുമായിരുന്നു അക്കാലജീവിതത്തിന്റെ ആകത്തുക. അടുക്കളയിൽ നടന്നുതീർത്തത്ര വീടിന്റെ ചുറ്റിടങ്ങളിൽ അന്നുമ്മമാർ നടന്നിട്ടുണ്ടാവില്ല. വേവിക്കാൻ എന്തുണ്ടെന്ന വേദനയുടെ പിടിയിലമർന്ന അന്നത്തെ അടുക്കളക്കഥകൾ പറയുമ്പോൾ മനസിൽ കരിഞ്ഞ പുക നിറയുന്നപോലെ...
പ്രവാസമെന്നത് രസകരമായ ഒരനുഭവമല്ല. മധുരമുള്ളൊരു പാനീയം കുടിച്ചു വറ്റിക്കുന്നതു പോലെ അക്കാലത്തെ വറ്റിച്ചെടുത്ത് പറയാനുമാവില്ല. ജീവിതത്തിനു തണൽമരങ്ങൾ നടാൻ നാടുവിട്ടുപോകുന്ന ഏതൊരാളും തുടക്കംതൊട്ട് ഒടുക്കം വരെ അനുഭവിക്കുന്നത് ഒരേ ചൂടാണ്. അതൊരുതരം ഒറ്റയാകലാണ്.
നാടിന്റെ
വർത്തമാനങ്ങൾ
നാടിന്റെ മണ്ണിലും മനസിലും ജീവന്റെ വേരുപടർന്ന കാലമാണത്. നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് അതിയായ സന്തോഷവും ആത്മാഭിമാനവുമുണ്ടാകും. പാർട്ടി പ്രവർത്തനമെന്നത് അന്നത്തെ തലമുറക്ക് ആഭിചാരക്രിയ ആയിരുന്നില്ല. അതിന്റെ പ്രവർത്തനങ്ങൾക്കു രാവും പകലുമെന്ന അതിർത്തികളുണ്ടായിരുന്നില്ല.
നോട്ടിസൊട്ടിച്ചും സ്റ്റേജ് കെട്ടിയും പാർട്ടിപരിപാടികൾ നിരന്തരമായി നടന്നുപോവുന്ന കാലം. പാർട്ടിചരിത്രത്തിന്റെ ഉള്ളുകളും പാർട്ടിയെ പടുത്തുയർത്താൻ നേതാക്കൾ അനുഭവിച്ച സാഹസവുമടക്കം പാർട്ടി പിറന്ന കാലത്തെയും പടർന്ന ലോകത്തെയും കുറിച്ച് നല്ല അവബോധമുള്ളവരായിരുന്നു അന്നത്തെ ചെറുപ്പക്കാർ.
നേതാക്കളും അണികളും പാർട്ടിയുടെ ഉന്നമനത്തിനു വേണ്ടി ഉണർവോടെ പരിശ്രമിച്ചതു കൊണ്ടാണ് ഇന്നതൊരു പ്രസന്നമായ പച്ചക്കടലായി നിലകൊള്ളുന്നത്. ജിസാൻ സെൻട്രൽ കമ്മിറ്റി കെ.എം.സി.സി ചെയർമാൻ, സമസ്ത ഇസ്ലാമിക് സെന്റർ പ്രൊവിഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളെ സംഘടനാ മികവിനു വേണ്ടി, നേതൃത്വത്തിന്റെ നിർബന്ധങ്ങൾക്കു വഴങ്ങി ഏറ്റെടുത്തതും കുഞ്ഞുനാൾ തൊട്ടുള്ള സംഘടനാപരിചയം ഉള്ളിലുള്ളതു കൊണ്ടാണ്- അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റികളിൽ മാത്രം ഭാരവാഹിത്വമുള്ള എന്നെ യാത്രയാക്കാൻ അന്നത്തെ മഞ്ചേരി എം.എൽ.എ ഇസ്ഹാഖ് കുരിക്കൾ വീട്ടിൽ വന്നിരുന്നു. ഒരു സാധാരണ പ്രവർത്തകനെപ്പോലും നേതാക്കൾ പരിഗണിച്ചിരുന്നതിന്റെ സ്നേഹാംശം അതിലുണ്ടായിരുന്നു. കാര്യകാരണങ്ങളേതുമില്ലാതെ പ്രവർത്തകരും നേതാക്കളും തമ്മിലുള്ള ബന്ധം ഇളക്കം തട്ടാതെ കൊണ്ടുപോകാൻ കഴിയുമ്പോഴാണ് ഏതൊരു പ്രസ്ഥാനവും ജനകീയമാവുന്നത്. ഒരുപാട് ആളുകളുടെ ‘ഒരാളാ’ണല്ലോ നേതാവ്.
അടിത്തട്ടനുഭവങ്ങൾ
പ്രവാസത്തിന്റെ വേദന അറിയണമെങ്കിൽ ലേബർ ക്യാംപുകളിൽ ചെന്നെത്തണം. മരുഭൂമിയുടെ ഇരുണ്ട ഇടങ്ങളിൽ അവരുടെ ജീവിതം തേഞ്ഞുതീരുന്നു. ഓർമകളെ ഭൂതകാലത്തു നിന്നവർ കടമെടുക്കുന്നു. സ്വപ്നങ്ങളെ ഭാവികാലത്തേക്കു വേണ്ടിയവർ നട്ടുപിടിപ്പിക്കുന്നു. പെരുന്നാളിനുപോലും ലീവില്ലാതെ തുടർച്ചയായി വർഷങ്ങളോളം പണിയെടുത്ത് കഴിയുന്നവരെ എനിക്കറിയാം. ഇട്ടുടുത്തത് അലക്കാനോ നാട്ടിലെ കുടുബങ്ങളുമായി സംസാരിക്കാനോ കഴിയാത്ത ആ പാവങ്ങളും നാട്ടിലെ ഗൾഫുകാരനാണ്. അവർ വരുമ്പോൾ കൊണ്ടുവന്ന അത്തറിന്റെ മണം കുറഞ്ഞുപോയി എന്നുപറഞ്ഞ് എ.സി റൂമിലിരുന്ന് കലഹിക്കുന്ന ബന്ധുക്കളെക്കുറിച്ച് ഈയിടെ ഒരാൾ വേദന പറഞ്ഞിരുന്നു.
ജീവിച്ചുകൊണ്ടിരിക്കെ കഥാവശേഷരായിപ്പോവുന്ന ഇത്തരം മനുഷ്യരാണ് പ്രവാസത്തിന്റെ യഥാർഥ മുഖങ്ങൾ. ‘എന്റൊരു ചെങ്ങാതിയുടെ’ എന്ന ആമുഖത്തിൽ പുറപ്പെട്ടുപോയ മനുഷ്യർ പറയുന്ന കഥകളിൽ ഭൂരിഭാഗവും അവരവരുടെ തന്നെ അനുഭവത്തിന്റെ ഒരു ചീന്താണ്... പറയുമ്പോൾ കഥാപാത്രങ്ങളുടെ പേരുമാറ്റി അവരവതരിപ്പിക്കുന്ന ഒരു കഥയും കഥയല്ല, പണം പറിക്കാൻ പ്രവാസത്തിനു പോയപ്പോൾ ജീവിതം വീണുപോയതിന്റെ നോവുകളാണവ.
കഥയ്ക്കാവശ്യമില്ലാതെ വരുമ്പോൾ കഥാപാത്രങ്ങളെ പുറത്തുനിർത്തുന്ന പോലെ ആയുസിന്റെ നാലുമണി നേരത്ത് പ്രിയപ്പെട്ടവർപോലും അവരെ കൈയൊഴിയുന്നത് മറ്റൊരു വേദനയാണ്.
ഹൃദയത്തിലേക്ക്
വച്ച കാലുകൾ
കത്തുകൾക്ക് കത്തുന്നൊരു കാലമുണ്ടായിരുന്നു. ‘ഇതൊരു കത്തല്ല, കത്തലാണ് ’എന്ന ആമുഖത്തോടെ അന്നെഴുതിയ കത്തുകളിൽ ഇന്നും ഹൃദയരക്തത്തിന്റെ ചുവപ്പടയാളം കാണാനാവും. മലയാളി വിരഹണികൾ അവരവരുടെ ആണഭയങ്ങൾക്കയച്ച കത്തുകൾ പ്രവാസ ചരിത്രത്തിൽ ഇനിയും കണ്ടെടുക്കപ്പെട്ടിട്ടില്ലാത്ത അമൂല്യനിധികളിൽ ഒന്നാണ്. എഴുത്തായിരുന്നു സംവേദനത്തിന്റെ ആദ്യമാർഗം. പറയാനുള്ളതിനെയൊക്കെയും അന്ന് ഞങ്ങൾ എഴുതി അയച്ചുകൊണ്ടിരുന്നു.
കടലിനക്കരെയുള്ള പ്രിയപ്പെട്ടവരോട് സംസാരിക്കാനുള്ള ശ്രമമായിരുന്നു അത്. വീട്ടുകാര്യവും നാട്ടുവിശേഷവുമൊക്കെ കത്തുകളിലൂടെയാണ് അന്നറിഞ്ഞത്. ചോരയോടൊട്ടി നിൽക്കുന്ന പലരും ജീവിതത്തിൽനിന്ന് അപ്രത്യക്ഷമായ കാര്യമറിയാനും മാസങ്ങൾ കഴിയണം. ഓരോ കത്ത് വായിക്കുമ്പോഴും വീടും വീട്ടുകാര്യവും നാടും നാട്ടുമനുഷ്യരും ഒരു ചിത്രംപോലെ മുന്നിൽ തെളിയും.
അപ്പപ്പോഴുള്ള കാര്യങ്ങൾ അന്നേരങ്ങളിൽ തന്നെ പരസ്പരം പങ്കുവയ്ക്കുന്ന രീതിയിലേക്ക് ടെക്നോളജി വളർന്നപ്പോൾ പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കാൻ എസ്.ടി.ഡി ബൂത്തിനു മുന്നിൽ കാവലിരിക്കുന്നതൊരു ശീലമായി. നാട്ടിൽ ലാൻഡ്ഫോൺ വിരളമായിരുന്നന്ന്. ഫോണുള്ള വീടുകൾ ഒരു നാട്ടിൽതന്നെ ഒന്നോ രണ്ടോ ഉണ്ടാവുകയുള്ളൂ. ആ വീടുകളാണ് ആശ്രയങ്ങൾ. നടന്നുനടന്നാണ് ബൂത്തിൽ എത്തുക. അവിടെ എത്തുമ്പോൾ നീണ്ട വരിയുണ്ടാവും. ഓരോരുത്തരും ഊഴം കാത്തുനിൽക്കും. വാവൂരങ്ങാടിയിലെ കോലയിൽ മമ്മദ് ഹാജിയുടെ വീട്ടിലേക്കാണു വിളിക്കുക.
കടലു കടന്നുള്ള ഒട്ടേറെ വിളികളെ ആ വീട്ടുകാരണവർ നടന്നുചെന്ന് വിളിക്കുന്നവരുടെ വീടുകളിൽ ചെന്നറിയിച്ചു കൊണ്ടിരുന്നു. ഒട്ടും മടികൂടാതെ അവരന്ന് ചെയ്ത ആ നടത്തങ്ങൾ രണ്ടു കരകൾക്കിടയിൽ ജീവിക്കുന്ന മനുഷ്യരുടെ ഹൃദയത്തിലേക്ക് നടപ്പാലം തീർത്തു. കാലുകൊണ്ട് ഹൃദയംതൊട്ട പഴയ നാട്ടുമനുഷ്യരുടെ പ്രനിധിയായിരുന്നു മമ്മദ് ഹാജി. ഒരാൾ നടന്ന ദൂരങ്ങൾ മറ്റൊരാൾ കേൾക്കുന്ന ശബ്ദമായി മാറുന്നു എന്ന പ്രത്യേകതയും ആ നടത്തങ്ങൾക്കുണ്ട്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."