കൊലപാതകങ്ങളിൽ വിറങ്ങലിച്ച് സംസ്ഥാനം; ആഭ്യന്തര വകുപ്പിലെ ഉന്നതർ വിനോദയാത്രയിലും
കോഴിക്കോട്: പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നിലയിൽ ആശങ്ക ഉയരുമ്പോഴും ആഭ്യന്തര വകുപ്പിലെ ഉന്നതർ വിനോദയാത്രയിൽ. ഇന്റലിജൻസ് എ.ഡി.ജി.പി വിനോദ് കുമാറും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസുമാണ് വിനോദയാത്രയ്ക്കായി അവധിയെടുത്തത്.
ഇന്റലിജൻസ് എ.ഡി.ജി.പി വിനോദ് കുമാർ ഈ മാസം 12 മുതൽ ഹിമാചൽ പ്രദേശിലാണ്. 22 ന് ശേഷമേ ഇദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തുകയുള്ളൂ. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചിരിക്കുന്ന, ഇന്ത്യയിലെവിടെയും യാത്ര ചെയ്യാവുന്ന ലീവ് ട്രാവൽ കൺസഷൻ പ്രകാരം വിനോദ് കുമാർ ഹിമാചൽ പ്രദേശിൽ സുഖവാസത്തിനാണ് പോയിരിക്കുന്നത്. പൊലിസ് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് വിനോദ് കുമാർ മടങ്ങിയെത്തുന്നതു വരെ ഇന്റലിജൻസ് വിഭാഗത്തിൻ്റെ ചുമതല നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ പൊലിസ് ഇന്റലിജൻസ് സംവിധാനത്തിലെ പാളിച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പ്രധാന കാരണമെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലും അവധി ഉപേക്ഷിച്ച് തിരിച്ചെത്താൻ പോലും ഉദ്യോഗസ്ഥന് നിർദേശം നൽകിയിട്ടില്ല.
അതിനിടെ ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസും ഭാര്യയും മകളും അമൃത്സറിലേക്ക് ഇന്നലെ യാത്ര തിരിച്ചു. ലീവ് ട്രാവൽ കൺസഷൻ പദ്ധതി പ്രകാരം തന്നെയാണ് ഇദ്ദേഹത്തിന്റെയും യാത്ര. ഈ മാസം 25 നു ശേഷമാണ് ടി.കെ ജോസ് സംസ്ഥാനത്ത് മടങ്ങിവരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."