വൈയാകരണന്റെ കൈയൊപ്പ്
‘പശ്ചിമഘട്ടം കയ്യേറ്റക്കാരുടെ പിടിയിൽ’
‘നിയമസഭയിലെ കയ്യാങ്കളിക്കേസ് ’
‘ഐഫോൺ ശിവശങ്കറിന്റെ കയ്യിൽ’
‘സ്നേഹത്തിന്റെ കയ്യൊപ്പ് ’
കൈയുമായി ബന്ധപ്പെട്ടതെല്ലാം ഏതാണ്ടെല്ലാ മാധ്യമങ്ങളിലും ചാനലുകളിലും കണ്ടുവരുന്നത് ഇങ്ങനെയാണ്. അപവാദം ഇല്ലാതില്ല. കൈ എന്നതാണ് ഭാഷയിൽ സ്വീകൃതമായ രൂപം, കയ് അല്ല. അതിനാൽ കയ്യേറ്റം, കയ്യാങ്കളി, കയ്യിൽ, കയ്യൊപ്പ്, കയ്യേറ്റം, കയ്യാമം ഇത്യാദി രൂപങ്ങളെല്ലാം തെറ്റ്. കൈയേറ്റം, കൈയാങ്കളി, കൈയിൽ, കൈയൊപ്പ്, കൈയേറ്റം, കൈയാമം എല്ലം ശരി.
വൈയാകരണനെയും മാധ്യമങ്ങൾ തെറ്റിച്ച് വയ്യാകരണനാക്കുന്നു. 'ഇത് കൈയെഴുത്ത് എന്നതിനെ കയ്യെഴുത്ത് എന്നു തെറ്റി എഴുതുന്നതുപോലെ ആണെന്നേ വിചാരിപ്പാൻ ന്യായം ഉള്ളൂ' എന്ന് കേരളപാണിനി എഴുതിയത് കൈയെഴുത്തിനും വൈയാകരണനും അംഗീകാരമാവുന്നു. ജയിൽ, ദയ, ശരി തുടങ്ങിയവ വായ്മൊഴി രൂപത്തിൽ വരുമ്പോൾ ജെയിലും ദെയയും ശെരിയും ആകുന്നതു പോലെയായിരിക്കാം കൈയൊപ്പ് കയ്യൊപ്പായത്, മറ്റുള്ളവയും. പിന്നീടത് ലിപിയെ സ്വാധീനിച്ചിരിക്കാം.
വിധാനമല്ല വിതാനം
‘വേഷവിധാനങ്ങൾ മാറിയതോടെ ഷോപ്പിങ്ങിന്റെ പ്രധാന ഇനമായി ചെരുപ്പുകൾ’ പഴയ ഒരു പത്രവാർത്തയിൽ നിന്ന്.
വിധാനം എന്ന പദത്തിന് ഒരുക്കൽ, സംവിധാനം, നിർവഹണം, പ്രവൃത്തി എന്നെല്ലാം അർഥം. വിതാനത്തിന് അലങ്കാരം, അലങ്കരണം എന്നിവ പ്രധാന അർഥം. വേഷവിധാനത്തെക്കാൾ ഈ വാക്യത്തിനു യോജിക്കുക വേഷ വിതാനം തന്നെ.
കടത്തിവെട്ടിയ
അബദ്ധം
പൊരുത്തമില്ലാത്ത പദങ്ങളുപയോഗിക്കുമ്പോൾ വിപരീതാർഥമാണ് കിട്ടുകയെന്നതിന് ഉദാഹരണമായി ഒരു വാർത്ത:
‘പൊതു ചടങ്ങുകൾക്ക് ചുരുങ്ങിയത് രണ്ടു മണിക്കൂർ വൈകിയേ എത്തൂ എന്നാണ് മന്ത്രിമാരെക്കുറിച്ച് ജനങ്ങൾക്കുള്ള ധാരണ. ഇനിയെങ്കിലും അതു മാറ്റിയേ പറ്റൂ. അല്ലെങ്കിൽ അത് മാറ്റണമെന്ന് ധൈര്യസമേതം പറയാൻ ഇതാ ഒരു മന്ത്രി. അക്കാര്യത്തിൽ തന്റെ മുൻഗാമികളെയും കടത്തി വെട്ടുന്നയാളാണ് താനെന്ന് മന്ത്രി മാധ്യമപ്രവർത്തകരടക്കമുള്ളവർക്ക് മനസ്സിലാക്കിക്കൊടുത്തു’.
വായന കഴിഞ്ഞാൽ ആകപ്പാടെ ആശയക്കുഴപ്പം!
മന്ത്രിമാർ ചടങ്ങിന് വൈകിയെത്തുന്നത് തെറ്റാണെന്നും ആ പ്രവണത മാറ്റണമെന്നും പറയാൻ കഥാപുരുഷനായ മന്ത്രി ധൈര്യം കാണിച്ചുവെന്ന് ആദ്യത്തെ രണ്ടു വാചകങ്ങളിൽ നിന്ന് വായനക്കാർ ഗ്രഹിക്കുന്നു. എന്നാൽ 'അക്കാര്യത്തിൽ തന്റെ മുൻഗാമികളേയും കടത്തിവെട്ടുന്നയാളാണ് താനെന്ന്' എന്ന ഭാഗം വായിക്കുമ്പോൾ ചിന്താക്കുഴപ്പം ഉടലെടുക്കുകയായി. ഏതു കാര്യത്തിൽ എന്നു സംശയം തോന്നുന്നു. വൈകിയെത്തുന്ന കാര്യത്തിൽ എന്നായിരിക്കും ഉത്തരം. കാരണം മന്ത്രിമാർ ചടങ്ങുകൾക്ക് രണ്ടു മണിക്കൂറെങ്കിലും വൈകി എത്തുന്നവരാണെന്ന ധാരണ ജനങ്ങൾക്കുണ്ടല്ലോ? അപ്പോൾ അക്കാര്യത്തിൽ തന്റെ മുൻഗാമികളെ കടത്തിവെട്ടുന്നയാളാണ് താനെന്ന് മാധ്യമപ്രവർത്തകരടക്കമുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കണമെങ്കിൽ മന്ത്രി രണ്ടു മണിക്കൂറിലേറെ സമയമായിരിക്കും വൈകിയെത്തിയിട്ടുണ്ടായിരിക്കുക. അങ്ങനെയെങ്കിൽ ‘അത് മാറ്റണമെന്ന് ധൈര്യപൂർവം നേരത്തേ പറഞ്ഞ’ മന്ത്രി എങ്ങനെ വൈകിയെത്തി? ആകപ്പാടെ ആശയക്കുഴപ്പം.
‘അക്കാര്യത്തിൽ തന്റെ മുൻഗാമികളെ കടത്തി വെട്ടുന്ന’ എന്നു തുടങ്ങിയ ഭാഗമാണ് ഇവിടെ വില്ലനായത്. ഇതിനു പകരം ‘ചടങ്ങുകൾക്ക് നേരം വൈകി വരുന്ന മുൻഗാമികളുടെ പ്രവണതയ്ക്ക് ഒരു താക്കീതെന്നവണ്ണം കൃത്യസമയത്തിനും വളരെ മുമ്പേയെത്തിയ മന്ത്രി മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവർക്കു മുമ്പിൽ മാതൃകയായി’ എന്നെഴുതിയാൽ അർഥശങ്ക ഒഴിവായി.
സെക്രട്ടേറിയറ്റുകൾ എത്ര?
സംസ്ഥാനത്ത് എത്ര സെക്രട്ടേറിയേറ്റുകൾ ഉണ്ട്?
ഒന്ന് എന്നു മറുപടി പറയുന്നതിനു മുമ്പ് ചാനലിൽ വന്ന വാർത്ത കാണുക, കേൾക്കുക: ‘സർക്കാറിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യുവജന മോർച്ച സംസ്ഥാന വ്യാപകമായി സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി’.
സംസ്ഥാന വ്യാപകമായെങ്ങനെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും? സെക്രട്ടേറിയറ്റ് ഒന്നല്ലേ ഉള്ളൂ?
വാസ്തവമെന്താണ്? അതറിയണമെങ്കിൽ അന്നേ ദിവസത്തെ മറ്റു പത്രങ്ങൾ പരതുകയോ മറ്റു ചാനൽ വാർത്തകളെ ആശ്രയിക്കുകയോ ചെയ്യണം. അപ്പോൾ ചിത്രം വ്യക്തമാകുന്നു. ‘സർക്കാറിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ ധർണയും നടത്തിയ’താണ് സംഭവം.
തത്സമയ വിവരണം
കടുത്താൽ...
മുമ്പൊരിക്കൽ മകരവിളക്കു ദിവസം ദൂരദർശന്റെ തത്സമയ സംപ്രേഷണം കേൾക്കാനിടയായി. ദൃശ്യങ്ങൾക്കു മികവുണ്ടെങ്കിലും അതോടൊപ്പമുള്ള വിശദീകരണം നാട്ടിൻ പുറത്തെ ഫുട്ബോൾ കളിയുടെ കമന്ററിയെക്കാൾ ദുസ്സഹം!
ഒരുദാഹരണം: ‘ഇവിടെ കൂടിയിരിക്കുന്ന ഭക്ത ജനങ്ങൾക്കിടയിൽ സിനിമാ നടന്മാരുണ്ട്, മന്ത്രിമാരുണ്ട്, ഉദ്യോഗസ്ഥന്മാരുണ്ട്, പണ്ഡിതന്മാരുണ്ട്, പാമരന്മാരുണ്ട്...’ പ്രേക്ഷകന്റെ കൈയിൽ റിമോട്ടുമുണ്ടല്ലോ? രക്ഷ!
‘കടുത്ത പ്രോത്സാഹനം സദസ്സിൽ നിന്നുണ്ടായത് അവതാരകർക്ക് ഊർജം പകർന്നു’- ചാനലിൽ കേട്ടത്. കടുത്ത വിമർശനത്തിൽ പതറാത്തവർ പോലും കനത്ത പ്രോത്സാഹനത്തിൽ തകർന്നു പോകും. കാരണം രൂക്ഷമായ, ഉഗ്രമായ, കടുപ്പമേറിയ തുടങ്ങിയ അർഥമാണ് ‘കടുത്ത’യ്ക്കുള്ളത്. കടുത്ത പ്രോത്സാഹനം എത്ര വേണ്ടപ്പെട്ടവരിൽ നിന്നായാലും അസഹനീയം തന്നെ. കടുത്ത ചായക്കു ക്ഷണിക്കാം, കടുത്ത പ്രയോഗം വേണ്ട.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."