ജൗഹറ പുസ്തകങ്ങൾ നെയ്തെടുത്ത ജീവിതം
സുഹൈൽ ജഫനി
പരീക്ഷാസഹായ പുസ്തകങ്ങൾ മാർക്കറ്റിൽ സുലഭമാണ്. ഇത്തരം പുസ്തകങ്ങൾ വിപണിയിൽ വലിയരീതിയിൽ വിറ്റഴിക്കപ്പെടുന്നുമുണ്ട്. പലയിടത്തുള്ള ചോദ്യങ്ങൾ ഒരുമിപ്പിച്ച് പുസ്തകം തയാറാക്കാൻ ആർക്കും കഴിയുമെന്ന വർത്തമാനങ്ങൾ വെറും വാക്കുകൾ മാത്രമാണ്. കാരണം, അതിനായി അന്വേഷണത്തിന്റെയും സഹനത്തിന്റെയും സമയത്തിന്റെയുമൊക്കെ കടൽ കടക്കാനുണ്ട്. ഒരാൾ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകത്തിൽ നിന്ന് 85 ശതമാനവും പരീക്ഷയിൽ ചോദിക്കുന്നുണ്ടെന്ന് മത്സരാർഥികൾ സാക്ഷ്യപ്പെടുത്തുമ്പോൾ എന്തുമാത്രം കണിശതയും സൂക്ഷ്മതയും പുസ്തകം തയാറാക്കുമ്പോൾ പുലർത്തുന്നുണ്ടാവും? പഠിതാക്കൾക്കുവേണ്ടി പതിനായിരക്കണക്കിനു ചോദ്യപേപ്പറുകൾ അപഗ്രഥനം ചെയ്ത് പുസ്തകമാക്കി പുറത്തിറക്കി വിജയിച്ച വീട്ടമ്മയെ പരിചയപ്പെടാം. കിട്ടുന്ന കുറഞ്ഞ സമയത്തെ വലിയ വിലയിൽ ചെലവഴിച്ച് വിജയത്തിലെത്തിച്ച വിസ്മയജീവിതം. മലപ്പുറം ജില്ലയിലെ കോട്ടക്കൽ ചാപ്പനങ്ങാടിയിലെ ജൗഹറ മെഹ്റിൻ. കഠിനാധ്വാനത്തിന്റെയും പരിശീലനത്തിന്റെയും പൂർണതയിലേക്ക് എത്തിനോക്കി നേടിയെടുത്ത ജീവിതം.
ഒരു വർഷത്തിനിടെ ജൗഹറ സ്വന്തം പേരിലാക്കിയത് ഒമ്പത് അവാർഡുകൾ. കേരളത്തിലുടനീളം ജൗഹറയുടെ 40,000ത്തോളം പുസ്തകങ്ങളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. വിദ്യാർഥികൾ കൂടുതലായി ചോദിച്ചുവരികയും അവർക്ക് ആവശ്യമായ പുസ്തകങ്ങൾ തയാറാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അവളെഴുതുന്ന പുസ്തകങ്ങളിലെ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷാപേപ്പറിൽ ഉണ്ട് എന്നതാണ് പുസ്തകങ്ങൾ ഇത്രയധികം ശ്രദ്ധിക്കപ്പെടാൻ കാരണമായത്. 113 (വൺ വൺ ത്രീ) എന്ന സ്വന്തം പബ്ലിക്കേഷനിലൂടെയാണ് പുസ്തകങ്ങൾ വിതരണത്തിന് എത്തിക്കുന്നത്. ചെറുപ്പം മുതലേ എഴുത്തിനോടും ബിസിനസിനോടുമായിരുന്നു താൽപര്യം. പക്ഷേ, ഇത്തരം എഴുത്തിലേക്ക് എത്തപ്പെട്ടത് ദൈവാനുഗ്രഹംകൊണ്ടു മാത്രമാണെന്ന് ജൗഹറ. ഇതും ഒരു ബിസിനസാണല്ലോയെന്നും.
നിലവിൽ യൂനിവേഴ്സൽ റെക്കോർഡ് ഫോറം അവാർഡ് 2022, ഏഷ്യൻ എജ്യുക്കേഷൻ അവാർഡ് 2022, ഫയർഫോക്സ് ഇന്റർനാഷനൽ ബുക് ഓഫ് റെക്കോർഡ് അവാർഡ് 2022, ഇന്റർനാഷനൽ വുമൺസ് പ്രീമിയം അവാർഡ് 2022, ഇന്ത്യൻ ഗ്ലോറി അവാർഡ് 2022, ഇന്ത്യൻ ടോപ്പ് ഹൺഡ്രഡ് ഓതേഴ്സ് അവാർഡ് 2022, വുമൺ ലീഡർഷിപ്പ് അവാർഡ് 2022, ബെസ്റ്റ് അച്ചീവ്മെന്റ് അവാർഡ് 2022, ഇന്ത്യൻ വുമൺ ടാലന്റ് അവാർഡ് 2022 എന്നിവയാണ് ലഭിച്ചിട്ടുള്ളത്.
ഇപ്പോൾ കെ ടെറ്റ് പരീക്ഷകൾക്കുള്ള പുസ്തകമാണ് ജൗഹറ തയാറാക്കിക്കൊണ്ടിരിക്കുന്നത്. അതായത്, എച്ച്.എസ്, എച്ച്.എസ്.എസ്, എൽ.പി, യു.പി വിഭാഗത്തിലെ സ്കൂൾ ടീച്ചേഴ്സിനുള്ള യോഗ്യതാ പരീക്ഷയ്ക്ക് പഠിക്കാനുള്ള പരീക്ഷാസഹായപുസ്തകം.
എഴുതിത്തെളിഞ്ഞ വഴി
മൂന്നാർ കോളജിൽനിന്നാണ് ജൗഹറ ബി ടെക് ഇലക്ട്രോണിക് പഠനം പൂർത്തിയാക്കിയത്. വിവാഹം കഴിഞ്ഞു. ഇപ്പോൾ എം.ബി.എ ചെയ്തുകൊണ്ടിരിക്കുന്നു. ബി.എഡിനു പഠിക്കുന്ന ഭർതൃസഹോദരിയോടൊപ്പം പുസ്തകം വാങ്ങാൻ കടയിൽ പോയതാണ് എഴുത്തിന്റെ വഴി കാണിച്ചത്. ആ പുസ്തകം കിട്ടാൻ സാധ്യതയില്ലെന്നും വിപണിയിൽ ലഭ്യമല്ലെന്നും കടക്കാരൻ. ഭർതൃസഹോദരിയെ സഹായിക്കാൻ ജൗഹറ പുസ്തകത്തിന്റെ സിലബസും മറ്റും റഫറൻസ് ചെയ്തു തുടങ്ങി. പ്ലസ്ടുവിനു ശേഷം എൻട്രൻസ് ചെയ്തതിനാൽ കെമിസ്ട്രിയിലും മാത്സിലും മിടുക്കിയായിരുന്നു അവൾ. ആ വിഷയങ്ങൾ പ്രതിപാദിക്കുന്ന കാറ്റഗറികളും മുൻ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങൾ തേടിപ്പിടിച്ചും പരീക്ഷാ മോഡലുകൾ കണ്ടെത്തിയും അവൾ പുസ്തകം തയാറാക്കാൻ ആദ്യമായൊന്ന് ശ്രമിച്ചു. കുടുംബത്തിന്റെ പൂർണ സഹകരണത്തോടും സഹായത്തോടും കൂടിയാണ് ആ വലിയ സംരംഭത്തിനു തുടക്കം കുറിച്ചു. നിരന്തരമായി വിവിധ പുസ്തകങ്ങൾ റഫർ ചെയ്തും സൈറ്റുകൾ പരിശോധിച്ചുമാണ് വലിയ കടമ്പകൾ കടന്നത്. ഒടുവിൽ അതൊരു പുസ്തക രൂപത്തിലേക്കെത്തി. എൻജിനീയറായ ഭർത്താവ് സുബൈറിന്റെ പിന്തുണയും ഉണ്ടായപ്പോൾ മുന്നോട്ടുള്ള ചുവടുകൾ എളുപ്പമായി. ഒരുപാട് അന്വേഷണങ്ങളുടെ ഫലമായി പുസ്തകം തയാറാക്കുകയും നല്ലരീതിയിൽ വിറ്റുപോവുകയും ചെയ്തു.
വിദ്യാർഥികളുടെ ഫീഡ്ബാക്കാണ് കൂടുതൽ എഴുത്തിലേക്ക് പ്രചോദനമേകിയത്. ബി ടെക് വിദ്യാർഥിനി കെ ടെറ്റ് പോലുള്ള പരസ്പര ബന്ധമില്ലാത്ത വിഷയങ്ങൾക്കു സിംപിളായ മാർഗങ്ങൾ കാണിച്ചുകൊടുക്കുന്നു! അതും രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ വീട്ടമ്മകൂടിയാകുമ്പോൾ ഒന്നിനും സമയമില്ലെന്ന പതിവുസംസാരത്തിനു എവിടെയും പ്രസക്തിയില്ലെന്ന് തെളിയിക്കുകയായിരുന്നു ജൗഹറ. കെ ടെറ്റ്, SET, NET, HSST, HSA, പാരാമെഡിക്കൽ, മെഡിക്കൽ ലാബ്, ചോദ്യപേപ്പർ ബുക്ക്ലെറ്റ് തുടങ്ങി 18 വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. കെ ടെറ്റ് നാച്വറൽ സയൻസ്, കെ ടെറ്റ് സോഷ്യൽ സയൻസ്, കെ ടെറ്റ് ഫിസിക്കൽ സയൻസ്, കെ ടെറ്റ് മാത്തമാറ്റിക്സ്, കെ ടെറ്റ് ഇംഗ്ലീഷ് ഗ്ലാമർ തുടങ്ങിയവ പ്രധാനപ്പെട്ടവയാണ്. കൂടാതെ മറ്റുള്ള പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് മാത്സ് പുസ്തകങ്ങളിൽ കണക്കുകൾ സോൾവ് ചെയ്ത് ഇതിനൊപ്പം ചേർത്ത പുസ്തകങ്ങളാണ് പുറത്തിറക്കുന്നത് എന്നതാണ്.
കേരളത്തിലുടനീളം ബുക്സ്റ്റാളുകളിലും അല്ലാതെയും ഓൺലൈൻ വഴിയും 40,000 പുസ്തകങ്ങളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. മെഡിക്കൽ ലാബിന്റെ അഞ്ചോളം പുസ്തകങ്ങളും പി.എസ്.സി പുസ്തകങ്ങളും ഇനിയും ഇറങ്ങാനിരിക്കുന്നുണ്ട്. പുസ്തകം തയാറാക്കാൻ ആളുകൾ ആവശ്യപ്പെടുന്നുമുണ്ട്.
കഠിനാധ്വാനവും പ്രയത്നവും
ബിസിനസ് മോഹവുമായായിരുന്നു ജൗഹറയുടെ ജീവിതം. അതിനൊരു മാർഗമായി പുസ്തക പ്രസിദ്ധീകരണം മാറി എന്നുമാത്രം. കെ ടെറ്റ് lll പുസ്തകം ബുക്സ്റ്റാളുകളിൽ ലഭ്യമല്ലാത്തതിനാൽ ഏറ്റവും ഡിമാൻഡ് ഉള്ളതിലേക്ക് ഫോക്കസ് ചെയ്തു അതിലൂടെ വിജയം വരിക്കുകയായിരുന്നു. ബിസിനസാണെങ്കിലും മേന്മയും ഉപകാരവും സത്യസന്ധതയും നിറഞ്ഞ രൂപത്തിലുള്ളതാകണമെന്ന ശാഠ്യവും ജൗഹറക്കുണ്ട്.
വിവിധ സൈറ്റുകളും മുമ്പുള്ള പരീക്ഷാ പേപ്പറുകളും വിശകലനം ചെയ്തുള്ള ഗവേഷണങ്ങൾക്കുശേഷമാണ് പുസ്തകരൂപത്തിലാക്കി എടുക്കുന്നത്. പുസ്തകങ്ങൾ പൂർണമായും ടൈപ്പ് ചെയ്യുകയും ബുക്ലെറ്റ് മാതൃകയാക്കി പ്രിന്റിങ്ങിന് അയക്കുന്നതും ജൗഹറ തന്നെയാണ്.
പുസ്തക പ്രസിദ്ധീകരണത്തിനായി നല്ലൊരു മൂലധനം ഇറക്കുന്നുണ്ട്. ലഭിക്കുന്ന പ്രതിഫലം കുടുംബത്തിന് ജീവിതമാർഗം കൂടിയാണ്. കിട്ടുന്ന പണം നല്ല മാർഗങ്ങളിൽ ചെലവഴിക്കണമെന്ന ഉമ്മയുടെ വാക്കുൾക്കു പിറകെത്തന്നെയാണ് ജൗഹറ. മക്കളായ ഇഷ മെഹ്റിന് അഞ്ചു വയസും ഹയ മെഹ്റിന് രണ്ടു വയസുമാണ് പ്രായം. പിതാവ് അബ്ദുൽ സത്താർ മൗലവിയുടെയും മാതാവ് സുബൈദയുടെയും കലവറയില്ലാത്ത പിന്തുണകൂടിയുണ്ട് ഈ വിജയത്തിനു പിന്നിൽ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."