വിയോജിക്കുന്നത് കുറ്റമല്ല
ഉൾക്കാഴ്ച
മുഹമ്മദ്
അങ്ങനെ ബീവി ബരീറ അടിമത്വത്തില്‍നിന്ന് മോചനം നേടി. ഇനി അവര്‍ സ്വതന്ത്രയാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കാം. ആരുടെയും അനുമതിക്കു കാത്തുനില്‍ക്കാതെ കാര്യങ്ങള്‍ നിര്‍വഹിക്കാം. സ്വാതന്ത്ര്യത്തിന്റെ ശ്വാസവായു കിട്ടിയപ്പോള്‍ അവരെടുത്ത ആദ്യ തീരുമാനം അത്ര സുഖമുള്ള ഒന്നായിരുന്നില്ല. ഭര്‍ത്താവ് മുഗീസിനെ ഇനി വേണ്ടെന്ന തീര്‍പ്പിലാണ് അവര്‍ ഉറച്ചുനിന്നത്.
പാവം മുഗീസ്! ബരീറയെ പോലെ അടിമത്വത്തിന്റെ നുകവും തോളിലേന്തി കഴിയേണ്ടിവന്ന മനുഷ്യന്. ബരീറയെ അദ്ദേഹം ഹൃദയമറിഞ്ഞു സ്നേഹിച്ചിരുന്നു. മുറിച്ചുമാറ്റാന്‍ കഴിയാത്ത സ്നേഹം. പറഞ്ഞിട്ടെന്ത്? ബരീറയ്ക്ക് അദ്ദേഹത്തെ വേണ്ടെന്നുതന്നെ.
പ്രണയഭാജനത്തിനു പിന്നാലെ ദാഹാര്‍ത്തനായി ഓടുന്ന പ്രണയാതുരനെപ്പോലെ മുഗീസ് ബരീറയ്ക്കു പിന്നാലെ നടന്നു. അതുകണ്ട് മനസലിഞ്ഞ പുണ്യപ്രവാചകര് ബരീറയോട് പറഞ്ഞു: 'മുഗീസിനെ തിരിച്ചെടുത്തിരുന്നെങ്കില്‍ അതൊരു നല്ല കാര്യമായേനേ'.
ബരീറ ചോദിച്ചു: 'തിരിച്ചെടുക്കാന്‍ അങ്ങ് കല്പിക്കുകയോ? അങ്ങനെയെങ്കില്‍ അതനുസരിക്കാന്‍ ഞാനൊരുക്കമാണ്'
‘അല്ല, അദ്ദേഹത്തിനുവേണ്ടി ശുപാര്‍ശ ചെയ്തുവെന്നേയുള്ളൂ...’
‘എങ്കില്‍ എനിക്ക് അദ്ദേഹത്തെ വേണ്ടാ...’ -ബരീറയുടെ മാറ്റമില്ലാത്ത പ്രതികരണം.
ഒരാളെ ആത്മാര്‍ഥമായി സ്നേഹിക്കുകയെന്നതു തെറ്റല്ല. എത്ര സ്നേഹിച്ചിട്ടും സ്നേഹം തിരിച്ചുകിട്ടാത്തതിന്റെ പേരില്‍ സങ്കടമുണ്ടാകുന്നതും തെറ്റല്ല. പ്രണയം ഏകപക്ഷീയമാകുന്നതു വേദനാജനകം തന്നെ. അത്തരം സാഹചര്യങ്ങളില്‍ മനസിലുണരുന്ന വേദനയും സങ്കടവുമെല്ലാം തികച്ചും സ്വാഭാവികം. അവയെ നിയന്ത്രിക്കാന്‍ കഴിയുകയാണു വേണ്ടത്. ദുഃഖമുണ്ടാകുന്നതിനു കുഴപ്പമില്ല. ദുഃഖിച്ചിരിക്കാതിരുന്നാല് മതി. പുണ്യപ്രവാചകര് മുഗീസിനോട് നീ അവളെ മറന്നേക്കൂ എന്നു പറയുകയല്ല, അദ്ദേഹത്തിന്റെ കാര്യത്തില്‍ ബരീറയോടു സംസാരിക്കുകയാണു ചെയ്തത്.
ഒരാളോട് സ്നേഹം തോന്നാതിരിക്കുന്നതു തെറ്റല്ല. പ്രണയിക്കുന്നവരോടെല്ലാം പ്രണയം കാണിക്കണമെന്നു ശഠിക്കുന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന ഏര്‍പ്പാടാകും ചിലപ്പോള്‍. ഹൃദയത്തിലുണരാത്ത പ്രണയം മുഖത്തുമാത്രം വരുത്തിത്തീര്‍ക്കുന്നതു കാപട്യവുമാകും. എല്ലാവരെയും സ്നേഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആരെയും വെറുക്കാതിരുന്നാല്‍ മതി. ഭര്‍ത്താവിനെ വേണ്ടെന്നുവച്ച ബരീറയെ പുണ്യപ്രവചാകര് കുറ്റപ്പെടുത്തിയതേയില്ല. തീരുമാനം പുനഃപരിശോധിക്കാനുള്ള പ്രചോദനം നല്‍കുക മാത്രമേ ചെയ്തുള്ളൂ. ഇഷ്ടമില്ലാത്തവരുടെ കൂടെ കഴിയാന്‍ നിര്‍ബന്ധിപ്പിക്കുന്നത് പീഡനമാണല്ലോ.
ആര്‍ക്കും എങ്ങനെയും വിനിയോഗിക്കാവുന്ന ചരക്കല്ല സ്ത്രീ. സ്വന്തമായ ആഗ്രഹങ്ങളും തീരുമാനങ്ങളും സ്വപ്നങ്ങളുമുള്ള മനുഷ്യനാണ്. അതു വകവച്ചുകൊടുത്ത പുണ്യപ്രവാചകര് എക്കാലവും മാതൃകയര്ഹിക്കുന്നു. മകളെ അവള്ക്കിഷ്ടമില്ലാത്തയാള്ക്കു വധുവാക്കിക്കൊടുക്കുന്ന പിതാവ് അവളുടെ സ്ത്രൈണതയ്ക്കുമേല് മണ്ണുവാരിയിടുകയാണ്. ഹൃദയം ഹൃദയവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ശരീരങ്ങള്‍ ഒത്തിട്ടോ അടുത്തിട്ടോ കാര്യമില്ല. വിവാഹാലോചനാ വേളയില്‍ വധുവിന്റെയും വരന്റെയും തൂക്കവും പൊക്കവുമൊക്കെ പരിഗണിക്കപ്പെടാറുണ്ട്. അതാവാം. പക്ഷേ, മനപ്പൊരുത്തം കഴിഞ്ഞിട്ടുമതി മെയ്പൊരുത്തം. മനപ്പൊരുത്തമില്ലാത്തിടത്ത് പോരുകള്‍ മുറുകും.
എല്ലാ ശ്രമങ്ങളും വിജയത്തിലെത്തണമെന്നില്ലെന്ന പാഠംകൂടി പ്രസ്തുത സംഭവം പറഞ്ഞുതരുന്നു. വിജയിച്ചാല്‍ മെച്ചമായി. ഇല്ലെങ്കില്‍ ശ്രമിച്ചതിന്റെ പുണ്യം മിച്ചമായി കിട്ടും. ഫലിച്ചോ എന്നല്ല, ശ്രമിച്ചോ എന്നാണു നോക്കുക. നെല്ലോലകള്‍ കതിരണിഞ്ഞില്ലെന്നതു കൊണ്ട് കര്ഷകന് ചോദ്യം ചെയ്യപ്പെടില്ല. വിതയ്ക്കാതിരുന്നാലാണു പ്രതിയാവുക. ശുപാര്‍ശ കൊള്ളപ്പെടുകയോ തള്ളപ്പെടുകയോ ചെയ്യാം. രണ്ടായാലും നഷ്ടമില്ല. സ്വീകരിക്കപ്പെട്ടാല്‍ ഒരാളെ സഹായിച്ചതിന്റെ പുണ്യമായി. തിരസ്കരിക്കപ്പെട്ടാല്‍ ഒരാള്‍ക്കുവേണ്ടി സംസാരിച്ചതിന്റെ പുണ്യവുമായി.
ശുപാര്‍ശ തിരസ്കരിക്കപ്പെടുന്നത് ശുപാര്ശകനു കുറച്ചിലല്ല. തിരുനബി ഒരു രാഷ്ട്രത്തലവനാണ്. ഉന്നത പദവിയിലിരിക്കുന്ന ന്യായാധിപന്. സര്‍വോപരി സര്വലോകനായകനും. എന്നിട്ടുകൂടി അവിടുത്തെ ശുപാര്‍ശ തള്ളപ്പെട്ടു. തള്ളിയതാകട്ടെ കഴിഞ്ഞ ദിവസംവരെ അടിമയായി ജീവിച്ച ഒരു സ്ത്രീയും. എന്നിട്ടും അവിടുത്തെ പദവിക്കോ മഹിമയ്ക്കോ കോട്ടമുണ്ടായില്ലെന്നു മാത്രമല്ല, പ്രസ്തുത സംഭവം അവിടുത്തെ മഹിമയ്ക്കു മാറ്റേറ്റുകയാണു ചെയ്തത്. ഞാന്‍ സംസാരിച്ചാലൊന്നും അദ്ദേഹം സ്വീകരിക്കില്ലെന്നു പറയരുത്. സ്വീകരിക്കപ്പെടുമെന്നുറപ്പുള്ള കാര്യത്തില്‍ മാത്രം ഇടപെടുന്നതല്ല; സ്വീകരിക്കപ്പെട്ടാലും തിരസ്കരിക്കപ്പെട്ടാലും ഇടപെടാന്‍ ധൈര്യം കാണിക്കുന്നിടത്താണു ഒരു നേതാവിന്റെ കരുത്ത്.
ശുപാര്‍ശ തിരസ്കരിക്കുന്നത് കുറ്റമോ കുറവോ അല്ല. തനിക്കു യോജിക്കാന്‍ കഴിയാത്ത കാര്യത്തില്‍ സ്നേഹപൂര്‍വം വിയോജിക്കുന്നതു തന്നെയാണു ഉറച്ച നിലപാടുതറയുള്ളവരുടെ സവിശേഷത. ശുപാര്‍ശകന്റെ ഒൗന്നത്യത്തിനു മുന്നില്‍ ഒലിച്ചുപോകാന്‍ മാത്രം ദുര്‍ബലമാകരുത് ഒരു നിലപാടും. കഴിയാത്തതാണെങ്കില്‍ കഴിയില്ലെന്നു തന്നെ പറയണം. എങ്ങനെ കഴിയില്ലെന്നു പറയും എന്നു ചിന്തിച്ച് നിലപാട് മാറ്റിയാല്‍ തല്ക്കാലം ശുപാര്‍ശകന്റെ തൃപ്തി സമ്പാദിക്കാമെങ്കിലും തുടര്‍ജീവിതം അവതാളത്തിലായാല്‍ അവനവന് തന്നെയായിരിക്കും ഉത്തരവാദി. ഇല്ല എന്നു പറയേണ്ടിടത്ത് ഇല്ല എന്നു പറയുന്നതാണു ധീരത. അതു ശുപാര്ശകനോടുള്ള ധിക്കാരമായി വ്യാഖ്യാനിക്കേണ്ടതില്ല. ബീവി ബരീറ പുണ്യനബിയെ തള്ളിയതല്ല. തന്റെ നിലപാട് തുറന്നറിയിക്കുക മാത്രം ചെയ്തതാണ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."