ഇസ്രാഈൽ - ഫലസ്തീൻ ചർച്ച ഇന്ന് ജോർദ്ദാനിൽ നടക്കും
ജോർദ്ദാൻ: ഇസ്രാഈൽ ഫലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇരു രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. ചെങ്കടൽ തുറമുഖ നഗരമായ അഖാബയിൽ വെച്ചായിരിക്കും ചർച്ച നടക്കുക. ഏറെ നാളുകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നത്. ഇരു രാജ്യങ്ങളുടെ ഉദ്യോഗസ്ഥർക്ക് പുറമെ യു.എസ്, ഈജിപ്ത് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
ഒരിടവേളക്ക് ശേഷം ഫലസ്തീനുമേൽ ഇസ്രാഈൽ നടത്തുന്ന ആക്രമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ചർച്ച നടക്കുന്നത്. ഫലസ്തീൻ ജനതക്കുമേൽ ഇസ്രാഈൽ നടത്തുന്ന ഏകപക്ഷീയമായ നടപടികളെ തുടർന്നുണ്ടാവുന്ന സംഘർഷം കുറക്കാൻ ജോർദാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് രാഷ്ട്രീയ സുരക്ഷാ യോഗം.
തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ മൂലം ഫലസ്തീനികൾ നിലവിൽ ഏറെ സുരക്ഷാ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഈ വർഷം ഇതുവരെ മുതിർന്നവരും കുട്ടികളും ഉൾപ്പടെ 62 പേരാണ് ഇസ്രാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങൾക്ക് പുറമെ സാമ്പത്തിക പ്രശ്നങ്ങളും ഫലസ്തീനെ അലട്ടുന്നുണ്ട്. ഈ പ്രശ്നങ്ങളെ പരമാവധി ഒഴിവാക്കുകയാണ് ചർച്ചയുടെ ലക്ഷ്യമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ജോർദാൻ രാജാവ് അബ്ദുല്ല യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായും ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഫലസ്തീൻ വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."