ചുട്ടുപൊള്ളി കേരളം; ചൂട് 40 ഡിഗ്രിയിലേക്ക്, വരൾച്ച ആശങ്ക
മാർച്ച് മാസം തുടങ്ങുന്നതിന് മുൻപ് തന്നെ കേരളത്തിൽ ചൂട് കഠിനമാകുന്നു. 40 ഡിഗ്രിയോളം സംസ്ഥാനത്ത് ചൂട് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്. കണ്ണൂരും തൃശൂരും പാലക്കാടും കഴിഞ്ഞ ദിവസം താപനില 40ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. പകൽസമയങ്ങളിൽ പലയിടത്തും 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ചൂട് വളരെ നേരത്തെ കനത്തത് വരൾച്ചയിലേക്ക് നയിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ ഓട്ടോമെറ്റിക് വെതർ സ്റ്റേഷനുകളിൽ പലയിടത്തും കഴിഞ്ഞദിവസം 40 ഡിഗ്രി സെൽഷ്യസിനടുത്താണ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമെറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കിൽ വ്യക്തക്കുറവുണ്ടെങ്കിലും സംസ്ഥാനത്ത് അപകടരമാം വിധം താപനില കൂടുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കണ്ണൂർ വിമാനത്താവളം 39.6 ഡിഗ്രി സെൽഷ്യസ്, ഇരിക്കൂർ 38.9 ഡിഗ്രി സെൽഷ്യസ്, തൃശൂർ വെള്ളാനിക്കര 38.9 ഡിഗ്രി സെൽഷ്യസ്, തൃശൂർ പീച്ചി 38.8 ഡിഗ്രി സെൽഷ്യസ്, കണ്ണൂർ ചെമ്പേരി 38.7 ഡിഗ്രി സെൽഷ്യസ്, പാലക്കാട് മണ്ണാർക്കാട് 38.4ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് കൂടുതൽ ചൂടനുഭപ്പെട്ട പ്രദേശങ്ങളുടെ പട്ടിക.
ഉച്ചസമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിർജ്ജലീകരണം തടയാൻ കൂടുതൽ വെള്ളം കുടിക്കണം. കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."