HOME
DETAILS

അറുതിയില്ലാത്ത ഇസ്റാഇൗൽ ഭീകരത

  
backup
April 19 2022 | 23:04 PM

523652-2

ഹകീം പെരുമ്പിലാവ്


ഫലസ്തീനിൽ ഇസ്റാഇൗൽ സൈന്യം വീണ്ടും അക്രമം അഴിച്ചുവിടുകയാണ്. 11 ദിവസത്തെ ഉഗ്രയുദ്ധത്തിനു ഒരു വർഷമാകുമ്പോഴേക്കും ആക്രമണങ്ങൾ പതിവായിരിക്കുന്നു. വംശീയ ഉന്മൂലനത്തിനു മുതിരുന്ന ഇസ്റാഇൗൽ ഭീകരതക്ക് ഇനിയും അറുതിയുണ്ടാകുന്നില്ല. ഒടുവിൽ, റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച പ്രഭാത നിസ്‌കാരം നടന്നുകൊണ്ടിരിക്കെ അൽ അഖ്‌സ പള്ളിയിൽ ഇരച്ചുകയറിയാണ് അകാരണമായ അക്രമം അഴിച്ചുവിട്ടത്. ടിയർഗ്യാസും ഗ്രനേഡുകളും റബർ ബുള്ളറ്റുകളും ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ 160ൽ അധികമാളുകൾക്ക് പരുക്കേറ്റു. ഫലസ്തീനികൾ സ്വയം ബാരിക്കേഡ് തീർത്താണ് അക്രമത്തെ പ്രതിരോധിച്ചത്. ആക്രമണങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഇസ്റാഇൗലിനാണെന്നാണ് ഫലസ്തീൻ അധികൃതർ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ പ്രദേശങ്ങളിലായി സ്ത്രീയടക്കം 25 ഫലസ്തീൻ പൗരന്മാരെയാണ് ഇസ്റാഇൗൽ നിഷ്ഠുരമായി കൊല ചെയ്തത്.


റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം ശക്തമായതു മുതൽ ലോകമാധ്യമങ്ങളുടെ മുൻഗണനയിൽനിന്ന് ഫലസ്തീൻ താഴോട്ടിറങ്ങിയിരുന്നു. ഈ സന്ദർഭം ഇസ്റാഇൗൽ മുതലെടുക്കുകയാണ്. റമദാനിൻ്റെ രണ്ടാമത്തെ വെള്ളിയാഴ്ച്ചയാണ് അൽ അഖ്‌സയെ ആക്രമണത്തിനായി ഇസ്റാഇൗൽ പട്ടാളം തെരഞ്ഞെടുത്തത്. മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണിതെന്ന് വ്യക്തമാണ്. എന്നാൽ ഫലസ്തീനികൾ അന്ന് പ്രഭാത നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോയില്ല. നഗരത്തിൽ വലിയ റാലി നടത്തി പവിത്രഭവനത്തോടുള്ള തങ്ങളുടെ ആഭിമുഖ്യം കാണിക്കുകയായിരുന്നു. ജുമുഅ നിസ്‌കാരത്തിനു പതിവിലും കവിഞ്ഞ അളവിലുള്ള ജനങ്ങളെ പങ്കെടുപ്പിച്ചായിരുന്നു പ്രതികാരം. ആക്രമണം നടന്ന വെള്ളി രാത്രി മുതൽ ജൂതരുടെ പെസഹ ദിനാഘോഷത്തിൽ പങ്കെടുക്കാൻ അൽ അഖ്‌സാ കോപ്ലക്‌സിലേക്ക് വരുന്ന ആയിരത്തോളം ജൂതകുടിയേറ്റക്കാർക്ക് സൗകര്യമൊരുക്കാനാണ് പട്ടാളം പള്ളി അങ്കണത്തിൽ കയറി ഇത്രയും വലിയ ഭീതി സൃഷ്ടിച്ചത്. വൃദ്ധരെയും കുട്ടികളെയും മർദിച്ചുള്ള സൈന്യത്തിൻ്റെ ഇരച്ചുകയറ്റം പക്ഷേ ലോക മാധ്യമങ്ങളിലൊന്നും വേണ്ടത്ര ഇടം പിടിച്ചില്ല.


ഇത്തവണ യദൃച്ഛികമായാണ് റമദാനോടൊപ്പം പെസഹയും ഈസ്റ്ററും ഒന്നിച്ചുവന്നത്. അതുകൊണ്ടുതന്നെ ജനത്തിരക്ക് കൂടാനുള്ള സാധ്യതയും ഏറെയായിരുന്നു. 2500 ഓളം പൊലിസുകാരുടെ സംരക്ഷണത്തോടെയാണ് 15000 ജൂതന്മാർ ഈ വർഷം പെസഹ ആഘോഷിച്ചത്. മുസ്‌ലിംകളെ അൽ അഖ്‌സയിൽ നിന്ന് ചില പ്രത്യേക അവസരങ്ങളിൽ മാറ്റിനിർത്താനും ജൂതവൽക്കരിക്കാനുമുള്ള ഗൂഢമായ പദ്ധതികളിൽ വീണുപോവില്ലെന്ന് ഫലസ്തീൻ വിദേശ മന്ത്രാലയം പ്രതികരിച്ചു.
ഈ സംഭവത്തിൻ്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വെസ്റ്റ് ബാങ്കിലെ ജെനീൻ അഭയാർഥി ക്യാംപിനു നേരെയുണ്ടായ ആക്രമണം. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 14000 ത്തോളം പേർ താമസിക്കുന്ന ജനനിബിഡമായ എന്നാൽ വ്യാപ്തി കുറഞ്ഞ കേന്ദ്രമാണിത്. അവിടെയുള്ള മുസ്‌ലിംകളെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. 1953 മുതൽ ക്യാംപ് പ്രവർത്തിക്കുന്ന ഈ പ്രദേശം വലിയ വടംവലികൾക്കും ഘോരയുദ്ധത്തിനും കളമൊരുങ്ങിയ സ്ഥലമാണ്. നേരത്തെ ഈ ഭാഗത്തെ നൂറുകണക്കിനു വീടുകൾ ഇസ്റാഇൗൽ നശിപ്പിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ 19 ഓളം ക്യാംപുകളിൽ ഏറ്റവും ദുരിതമനുഭവിക്കുന്നവർ താമസിക്കുന്ന പ്രദേശമാണിത്. എന്നാൽ ഒരു കാരണവുമില്ലാതെ ഇവിടേക്ക് നടത്തിയ ആക്രമണം ഇസ്റാഇൗൽ പ്രധാനമന്ത്രിയുടെ രാഷ്ട്രീയഅജൻഡകൾ നടപ്പിലാക്കാൻ മാത്രമായിരുന്നു.


ജനീൻ സംഭവങ്ങളുടെ തലേദിവസം ടെൽ അവീവിൽ ഇസ്റാഇൗൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്ന ഒരു സ്ത്രീയെ കൊല്ലുന്നതിനു എന്ത് നീതീകരണമാണ് ഇസ്റാഇൗൽ നിരത്തുക? തുടർച്ചയായ മനുഷ്യാവകാശ ധ്വംസനങ്ങളെ പ്രതിരോധിച്ച് കൊണ്ട് ഫലസ്തീനികൾ നടത്തിയ പ്രത്യാക്രമണത്തിൽ ഏതാനും ഇസ്റാഇൗൽ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയമായി വലിയ ബലമോ പാർട്ടികളെ ഏകീകരിക്കുന്ന നേതൃത്വമോ ഇല്ലാത്തതിനാൽ പ്രതിരോധങ്ങൾ നാമമാത്രയാണെങ്കിലും പോരാട്ടത്തിൽനിന്ന് പിന്മാറാൻ അവർ തയാറല്ല. 'പുറംതള്ളപ്പെട്ടവർ' എന്ന് അന്താരാഷ്ട്ര സമൂഹത്താൽ മുദ്രകുത്തപ്പെട്ട ഫലസ്തീനികൾ കൊടിയ ദാരിദ്ര്യം അനുഭവിക്കുമ്പോഴും ജനിച്ചുവീണ മണ്ണിനുവേണ്ടി പ്രതിരോധിക്കേണ്ടിവരികയാണ്.


അതേസമയം, കത്തുന്ന തീയിൽ എണ്ണ ഒഴിക്കാനാണ് ഇസ്റാഇൗൽ ഭരണകൂടം ശ്രമിക്കുന്നത്. സാധാരണക്കാരോട് പോലും ആയുധങ്ങൾ കരുതാൻ അവശ്യപ്പെടുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന എന്തായാലും അക്രമങ്ങൾക്ക് ശമനമുണ്ടാക്കാനല്ലെന്ന് വ്യക്തമാണ്. രാജ്യത്തെ കലാപങ്ങൾക്ക് വിട്ടുകൊടുത്ത് അന്യായമായ കുടിയേറ്റം വ്യാപിപ്പിക്കാനാണ് ഇസ്റാഇൗൽ ശ്രമിക്കുന്നത്. ഫലസ്തീനികളുടെ ഭൂമി ഏത് രീതിയിലും പിടിച്ചടക്കാൻ സഹായിക്കുന്ന ഭരണകൂടം അക്രമങ്ങളെ അവസാനിപ്പിക്കാൻ ഒരു നടപടിയും മുന്നോട്ടുവയ്ക്കുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും നേരെയുള്ള ഇസ്റാഇൗൽ പൊലിസ് മർദനം നീതികരിക്കാത്തതാണെന്ന് കാണിച്ച് ഇസ്‌ലാമിസ്റ്റ് റാം പാർട്ടി ഇസ്റാഇൗൽ ഘടകകക്ഷിയിൽനിന്ന് രാജിവച്ച് പ്രതിപക്ഷത്ത് ചേർന്നു.
കുടിയേറ്റത്തിൽ അവസാനിക്കുന്നതല്ല ഇസ്റാഇൗൽ പദ്ധതികൾ. ഫലസ്തീനികളുടെ പൈതൃകത്തെ പോലും ആ മണ്ണിൽനിന്ന് തുടച്ചുനീക്കാനുള്ള ധൃതിപിടിച്ച നീക്കങ്ങളാണ് നടക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സംഘടന ഈയിടെ പുറത്തുവിട്ട റിപ്പോർട്ടിൽ ഫലസ്തീനിനെ സാംസ്‌കാരികമായി ഇല്ലായ്മ ചെയ്യുന്ന ഇസ്റാഇൗൽ പദ്ധതികൾ പരാമർശിക്കുന്നുണ്ട്. ഇസ്റാഇൗൽ കുടിയേറിയ പുരാതന സ്ഥലങ്ങളുടെ വെർച്വൽ മാതൃകകൾ ഉണ്ടാക്കിയായിരുന്നു ഇവരുടെ ഗവേഷണം. അറബ്-ഇസ്‌ലാമിക സംസ്‌കാരത്തിൻ്റെ എല്ലാ അവശേഷിപ്പുകളെയും കൃത്യമായും ഇസ്റാഇൗൽ ലക്ഷ്യംവയ്ക്കുന്നു.


ഫലസ്തീനിലെ ഇസ്റാഇൗൽ കുടിയേറ്റം പെരുകുകയാണ്. മാനുഷികത ജൂതമതത്തിനുള്ളിലേക്കും അവരുടെ അതിരിനുള്ളിൽ മാത്രമൊതുങ്ങുന്ന ജനതയിലേക്കും ചുരുക്കുകയാണ്. ലോകമെത്ര വിശാലമാണെന്ന് പറഞ്ഞാലും കുടിലമനസ്‌കർ അവരുടെ ഉള്ളിലേക്ക് തന്നെയായിരിക്കും ചുരുങ്ങുന്നത്. വെട്ടിപ്പിടിക്കുന്നതൊന്നും ന്യായമല്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ ഉയർത്തിയിട്ടും കുടിയേറ്റം നിർബാധം തുടരുന്ന കാഴ്ച ലോകത്തിൽ ഫലസ്തീൻ ഭൂമിയിൽ മാത്രമായിരിക്കും. കാലങ്ങളായി അമേരിക്കയും പാശ്ചാത്യശക്തികളും തുടർന്നുപോരുന്ന മൗനവും അനുവാദവും നിർത്തി ഇടപെടുകയാണ് പരിഹാരം. പക്ഷേ പടിഞ്ഞാറിൻ്റെ തീരുമാനങ്ങളെ സ്വാധീനിക്കാനും വേണമെങ്കിൽ അവയെ വഴിതിരിക്കാനും അതിനു തടയിടാനും ഇസ്റാഇൗൽ വളർന്നിരിക്കുന്നു എന്നത് കൂടി കണക്കിലെടുത്ത് വേണം പുതിയ ആസൂത്രണങ്ങൾ.


കുടിയേറ്റ വ്യാപനം എന്ത് വിലകൊടുത്തും തടഞ്ഞേ മതിയാകൂ. കുടിയേറിപ്പാർക്കുന്ന ഓരോ മൺതരിയിലും ഫലസ്തീൻ മക്കളുടെ കണ്ണീരിൻ്റെ ഉപ്പു പകർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അതിനു പ്രഹരശേഷിയുമുണ്ടെന്ന് ഇസ്റാഇൗൽ തിരിച്ചറിയുന്നതാണ് അവർക്ക് നല്ലത്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും അതിനുശേഷം തകർന്നടിഞ്ഞ രാജ്യങ്ങളുടെയും ചരിത്രം വ്യക്തതയോടെ നമുക്ക് മുന്നിലുണ്ട്. ഒരു സമൂഹത്തെ ഉന്മൂലനാശത്തിനു വിട്ടുകൊടുത്ത് അവരുടെ മണ്ണിനു മുകളിൽ കയറിയിരുന്ന് എത്രകാലം ഭരിക്കാനാകും. ഇത്തരം പ്രകോപനങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നതിനു ചരിത്രം സാക്ഷിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago