പ്രണയവിവാഹവും 'ലൗ ജിഹാദും'
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
1957ലെ അതിപ്രശസ്തമായ ഒരു പ്രണയത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് എഴുതിയ 'കാൽ നൂറ്റാണ്ട്' എന്ന രാഷ്ട്രീയ ചരിത്രഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ ജനാധിപത്യ സർക്കാരിൽ മന്ത്രിമാരായിരുന്ന ടി.വി തോമസും കെ.ആർ ഗൗരിയമ്മയും തമ്മിലുള്ള പ്രണയമായിരുന്നു അത്. അതിതീക്ഷ്ണമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെയാണ് കെ.ആർ ഗൗരിയമ്മ പൊതുരംഗത്ത് ഉദിച്ചുയർന്നത്. രൂക്ഷമായ സമരങ്ങൾ നടത്തിയും കനത്ത പൊലിസ് മർദനം നേരിട്ടും വളർന്ന വലിയ രാഷ്ട്രീയവ്യക്തിത്വം. 1957 ഏപ്രിൽ അഞ്ചിനാണ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റത്. ഗൗരിയമ്മ റവന്യൂ വകുപ്പുമന്ത്രി. സമഗ്രമായ ഭൂപരിഷ്‌ക്കരണമെന്ന പാർട്ടിയുടെ അജൻഡയാണ് റവന്യൂ മന്ത്രിയെന്ന നിലയിൽ ഗൗരിയമ്മയുടെ മുന്നിലെ വെല്ലുവിളി. സർക്കാരിന്റെ പ്രധാന ലക്ഷ്യംതന്നെ ഭൂപരിഷ്‌ക്കരണ ബിൽ നിയമസഭയിൽ പാസാക്കുകയായിരുന്നു. ബിൽ പാസാവുമ്പോഴേയ്ക്ക് അധികമുള്ള മിച്ചഭൂമി വൻ ജന്മിമാരും ഭൂഉടമകളും കൈമാറ്റം ചെയ്യാതിരിക്കാനും കുടികിടപ്പുകാരെ ഒഴിപ്പിക്കാതിരിക്കാനും ഓർഡിനൻസ് കൊണ്ടുവരാനും തീരുമാനമായി. ഏപ്രിൽ അഞ്ചിന് അധികാരമേറ്റ സർക്കാർ 11നുതന്നെ ഓർഡിനൻസ് കൊണ്ടുവന്നു. ഗൗരിയമ്മയാണ് കേരള സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ആ ഓർഡിനൻസ് തയാറാക്കിയത്. പിന്നെ വിശദമായ ഭൂപരിഷ്‌ക്കരണ ബിൽ. എല്ലാ ചുമതലകളും ഗൗരിയമ്മയുടെ ചുമലിൽ.
ആ കാലഘട്ടത്തിന്റെ പ്രത്യേകതകളും അതിനിടയിൽ ആ ധീരവനിതയുടെ മനസിൽ വളർന്നുകൊണ്ടിരുന്ന പ്രണയവും ചെറിയാൻ ഫിലിപ്പ് വിവരിക്കുന്നതിങ്ങനെ: 'മന്ത്രിയായ ഉടൻ തന്നെ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഗൗരിയമ്മയ്ക്കു നിർവഹിക്കാനുണ്ടായിരുന്നത്. കർഷകത്തൊഴിലാളികളോടുള്ള സ്‌നേഹവായ്പ്പുകൾ നിയമരൂപത്തിൽ പ്രകടിപ്പിക്കാൻ ഗൗരിയമ്മ വെമ്പൽ കൊള്ളുമ്പോൾത്തന്നെ ആ യുവതിയുടെ മനസിൽ പ്രണയപുഷ്പങ്ങൾ വിടർന്നുനിൽക്കുന്നുണ്ടായിരുന്നു. ആ സ്ത്രീ ഹൃദയം ഒരു പുരുഷനു സമർപ്പിച്ചിട്ട് മാസങ്ങൾ തന്നെ കഴിഞ്ഞു. ആ പുരുഷൻ മറ്റാരുമായിരുന്നില്ല മന്ത്രിസഭയിലെ തന്നെ മറ്റൊരംഗമായ, ആലപ്പുഴയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രകാശഗോപുരമായ ടി.വി തോമസ്. പൗർണമിച്ചന്ദ്രൻ എത്രയോ തവണ ഉദിച്ചിട്ടും ഇവരുടെ വിവാഹം ഒരു മരീചികയായി നിലകൊണ്ടു. ഇരുവരും ഇരു ജാതികളിൽപ്പെട്ടവരായതിനാൽ ജാതിയുടെ കാവൽ നായ്ക്കൾക്ക് കുരയ്ക്കാൻ കാരണവുമുണ്ടായി'.
ഗൗരിയമ്മയ്ക്കു പൊട്ടിക്കരയേണ്ടി വന്നുവെന്നാണ് ചെറിയാൻ ഫിലിപ്പ് എഴുതുന്നത്. കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അജൻഡയിൽ 'മന്ത്രിപ്രണയ'വും വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇനി ചെറിയാൻ ഫിലിപ്പിന്റെ വാക്കുകൾ: 'ഒടുവിൽ പാർട്ടി തീർപ്പുകൽപ്പിച്ചു. പാർട്ടി സെക്രട്ടറി എം.എൻ ഗോവിന്ദൻനായർ ടി.വിയോടു പറഞ്ഞു: 'എടോ, ഇനി താമസിക്കണ്ട. സംബന്ധമങ്ങു നടത്തണം. ആ ഉപദേശം സുഗ്രീവാജ്ഞയായിരുന്നു' ('കാൽ നൂറ്റാണ്ട്' - ചെറിയാൻ ഫിലിപ്പ്. പ്രസാധകർ: സാഹിത്യ പ്രവർത്തക സഹകരണ സംഘം. പുറം: 31).
മറ്റൊരു വിവാഹംകൂടി കേരളക്കരയിൽ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് വയലാർ രവിയും എറണാകുളത്തെ പ്രമുഖ കത്തോലിക്കാ സമുദായക്കാരി മേഴ്‌സിയും തമ്മിലുള്ള വിവാഹം. മഹാരാജാസ് കോളജിൽ പഠിക്കുമ്പോഴാണ് മേഴ്‌സി കെ.എസ്.യു നേതാവ് എം.കെ രവീന്ദ്രൻ എന്ന വയലാർ രവിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഈഴവ സമുദായക്കാരനായ വയലാർ രവിയുമായുള്ള പ്രണയം മേഴ്‌സിയുടെ കുടുംബവും സമുദായവും അംഗീകരിച്ചില്ല. ബന്ധുക്കളുടെയും പള്ളിക്കാരുടെയും എതിർപ്പു വകവയ്ക്കാതെ മേഴ്‌സി വയലാർ രവിയോടൊപ്പം ഒളിച്ചോടി. കാറുമായി വന്ന വയലാർ രവിയോടൊപ്പം മേഴ്‌സി സ്ഥലംവിടുകയായിരുന്നു. പെട്ടെന്ന് തന്നെ ബന്ധുക്കൾ വിവരമറിഞ്ഞു. അവർ സംഘടിച്ച് പിന്നാലെ കൂടി. വയലാർ രവിയെയും മേഴ്‌സിയെയുംകൊണ്ട് കാർ ചേർത്തലയിലേയ്ക്കാണു പാഞ്ഞത്. പിന്നാലെ ബന്ധുക്കളും. അപ്പോഴേയ്ക്കും ചേർത്തല നിവാസികളും തയാറായി. അവർ പിന്നാലെ വന്ന വാഹനങ്ങൾ തടഞ്ഞു. വയലാർ രവിയെയും മേഴ്‌സിയെയും സുരക്ഷിത കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു.
1971ൽ ലോക്‌സഭാ തെരഞ്ഞെടുപ്പു വന്നപ്പോഴാണ് വയലാർ രവി ബുദ്ധിമുട്ടിയത്. യുവാക്കളെ മത്സരിപ്പിക്കാനാണു കോൺഗ്രസ് തീരുമാനം. എവിടെ നിന്നാലും കത്തോലിക്കാ സമുദായക്കാർ എതിർക്കുമെന്ന് രവി പേടിച്ചു. കത്തോലിക്കാ സമുദായത്തിനു സ്വാധീനമില്ലാത്ത മണ്ഡലം നോക്കിനടന്ന വയലാർ രവി അവസാനം ചിറയിൻകീഴ് കണ്ടുപിടിച്ചു. കത്തോലിക്കാ സാന്നിധ്യം തീരെയില്ലാത്ത മണ്ഡലം. യുവനേതാവെന്ന നിലയ്ക്ക് വയലാർ രവിക്കു സീറ്റ് വേണമെന്നാവശ്യപ്പെട്ടത് അപ്പോഴത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഉമ്മൻ ചാണ്ടി. കോൺഗ്രസ് സംസ്ഥാന നേതൃത്വമാവട്ടെ, മുൻ മുഖ്യമന്ത്രി ആർ. ശങ്കറിനെ ചിറയിൻകീഴിൽ മത്സരിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു താനും. വളരെ പ്രഗത്ഭനായിരുന്നു ആർ. ശങ്കർ. അദ്ദേഹത്തെ ഡൽഹിയിൽ വേണമെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും താൽപ്പര്യമുണ്ടായിരുന്നു.
കോൺഗ്രസിൽ പ്രായമായ നേതാക്കളെ പുറംതള്ളി താക്കോൽ സ്ഥാനങ്ങൾ കൈയടക്കണമെന്ന് യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്ന സമയമായിരുന്നു അത്. പ്രായമായ നേതാക്കളെ തുരത്തി സ്ഥാനാർഥികളാകാൻ യുവാക്കൾ തിരക്കുകൂട്ടി. പ്രായമായവർ വഴിമാറണമെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആവശ്യം. അന്ന് ആർ. ശങ്കറിനു 61 വയസ്. വയലാർ രവിക്ക് 34 വയസും. അവസാനം ചിറയിൻകീഴ് സീറ്റ് വയലാർ രവിക്കു തന്നെ കിട്ടി, ജയിക്കുകയും ചെയ്തു.
കോഴിക്കോടു ജില്ലയിലെ കോടഞ്ചേരി സ്വദേശിനി ജോയ്‌സ്‌ന ജോസഫ് സി.പി.എം പ്രവർത്തകനും ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവുമായ എം.എസ് ഷെജിനെ വിവാഹം ചെയ്തത് 'ലൗ ജിഹാദ്'എന്ന പേരിൽ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രസിദ്ധമായ രണ്ടു മിശ്രവിവാഹങ്ങളുടെ കഥ പറഞ്ഞത്. രണ്ടും കേരള സമൂഹത്തെ ഞെട്ടിപ്പിച്ച വിവാഹങ്ങളായിരുന്നു. മിശ്രവിവാഹങ്ങളുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളും.
അതിൽപ്പിന്നെ കേരള സമൂഹം ഏറെ മാറി. വിഭിന്ന ജാതികളിലും മതത്തിലും പെട്ടവർ പരസ്പരം ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്നത് ഒരു സംഭവമേ അല്ല ഇന്ന്. എങ്കിലും രണ്ടു സമുദായക്കാർ തമ്മിൽ വിവാഹം കഴിക്കുകയും അതിലൊന്ന് മുസ്‌ലിം സമുദായമാവുകയും ചെയ്താൽ ആ വിവാഹത്തെ 'ലൗ ജിഹാദ്' എന്നു മുദ്ര കുത്തുക കേരളത്തിൽ പതിവായിരിക്കുന്നു. കോടഞ്ചേരിയിലെ ജോയ്‌സ്‌നയുടെയും ഷെജിന്റെയും കല്യാണം വിവാദമാവാൻ കാരണവും ഇതുതന്നെ.
തിരുവാമ്പാടി മുൻ എം.എൽ.എ ജോർജ്ജ് എം. തോമസ് ഈ വിവാഹം 'ലൗ ജിഹാദ്' തന്നെയാണെന്ന് ആദ്യ ഘട്ടത്തിൽ പറഞ്ഞതാണ് വിവാദത്തിനു തീ കൊളുത്തിയത്. എന്നാൽ കേരളത്തിൽ 'ലൗ ജിഹാദ്' എന്നൊരു കാര്യം നടക്കുന്നേയില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നത്. കേന്ദ്രസർക്കാരും കേന്ദ്ര ഏജൻസികളും ഇതു സമ്മതിച്ചിട്ടുമുണ്ട്. 'ലൗ ജിഹാദ്' എന്ന പദപ്രയോഗംതന്നെ സംഘ്പരിവാറിന്റെ സൃഷ്ടിയാണ്. തീവ്രവാദ മുസ്‌ലിം സംഘടനകളിൽപ്പെട്ട യുവാക്കൾ മറ്റു സമുദായങ്ങളിലെ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തിലെ, പെൺകുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുകയും മതം മാറ്റി ഐ.എസ് പോലെയുള്ള തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ക്രിസ്ത്യൻവാദികൾ കേന്ദ്രീകരിച്ചും ഇത്തരം പ്രചാരണം നടക്കുന്നുണ്ട്. യൗവനത്തിലെത്തിയ പെൺകുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പുരോഹിതന്മാർ രക്ഷിതാക്കളെ ഉപദേശിക്കുക പതിവായിരിക്കുന്നു. പക്ഷേ ഇന്ത്യയിൽ ഏതൊരാളിനും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനുള്ള പൂർണ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. പ്രായപൂർത്തിയായ ഒരാണിനും പെണ്ണിനും സ്വതന്ത്രയായി വിവാഹം കഴിക്കാമെന്നർഥം. അതിന് മതത്തിന്റെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമേയില്ല.
കഷ്ടപ്പെട്ടു പഠിപ്പിച്ചു വളർത്തി വലുതാക്കിയ മകൾ വീട്ടുകാരുടെ അനുമതിയില്ലാതെ അന്യമതസ്ഥനായ ഒരു യുവാവിന്റെ കൂടെ ഒളിച്ചോടി പോകുന്നതു രക്ഷിതാക്കൾക്കുണ്ടാക്കുന്ന പ്രയാസം മനസ്സിലാക്കാം. ജോയ്‌സ്‌നയുടെ പിതാവ് പൊലിസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു. എൻ.ഐ.എ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്യുന്നു. പക്ഷേ ജീവിതാവസാനം വരെ ക്രിസ്ത്യൻ വിശ്വാസത്തിൽത്തന്നെ കഴിയുമെന്ന് ജോയ്‌സ്‌ന ഉറപ്പിച്ചുപറയുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനെ വിവാഹം കഴിച്ചതെന്ന് സഉൗദി അറേബ്യയിൽ നഴ്‌സായ ജോയ്‌സ്‌ന ആവർത്തിക്കുന്നു. ജോയ്‌സ്‌ന ഉറച്ചുതന്നെ നിൽക്കുകയാണ്. സഭയ്‌ക്കോ സമൂഹത്തിനോ ഒന്നും ചെയ്യാൻ കഴിയില്ലെന്നതാണു വസ്തുത. കോടതിക്കും പൊലിസിനും ഇവിടെ ഇടപെടാനുള്ള വകുപ്പില്ല തന്നെ. വിവാഹം പ്രായപൂർത്തിയായ രണ്ടു വ്യക്തികളുടെ സ്വന്തം കാര്യമാണ്. 'ലൗ ജിഹാദ്' പല്ലവി ഉയർത്തുന്ന രാഷ്ട്രീയക്കാരുടെ ദുഷ്ടമനസ് കേരള സമൂഹം കാണേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."