രോഗാവസ്ഥ: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുന്നാസര്‍ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചേക്കും
ബംഗളൂരു: പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീംകോടതിയിലേക്ക്. ബംഗളൂരു സ്ഫോടനക്കേസില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുന്ന വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്ക് മുമ്പ് പക്ഷാഘാത ലക്ഷണങ്ങള്‍ മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്ദനിയെ ബെംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റലില്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്കുള്ള പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം കുറവാണെന്നു കണ്ടെത്തി. ഇടവിട്ട് കൈകള്‍ക്ക് തളര്‍ച്ച, സംസാരശേഷിക്കുറവ് തുടങ്ങി പക്ഷാഘാത ലക്ഷണങ്ങള്‍ ഇതുമൂലമാണ് ഉണ്ടാകുന്നതെന്നും സര്‍ജറി വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബെംഗളൂരുവിലെ സൗഖ്യ ഹോസ്പിറ്റല്‍, നാരായണ ഹൃദയാലയ തുടങ്ങിയ ആശുപത്രികളിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും തേടി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് അവര്‍ അഭിപ്രായപ്പെട്ടെങ്കിലും കിഡ്നി പ്രവര്‍ത്തനക്ഷമത കുറവായ സാഹചര്യത്തില്‍ ശസ്ത്രക്രിയ സങ്കീര്‍ണമാകുമെന്നും അറിയിച്ചിരുന്നു. സര്‍ജറിക്കും അതിന് മുമ്പുള്ള പരിശോധനകള്‍ക്കും വേണ്ടി നല്കിയ ഡൈ ഇന്‍ജക്ഷനുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമത കുറവായ കിഡ്നിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഉണ്ടാക്കിയേക്കാം എന്ന ഭീതിയുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി കോടതിയെ സമീപിക്കാന്‍ നീക്കമാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."