കൊവിഡ് കണക്ക് ദിവസവും കേന്ദ്രത്തിന് നൽകി; പ്രചാരണം തെറ്റെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം
സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ കേന്ദ്രത്തിന് നൽകിയില്ലെന്ന വാദം തെറ്റാണെന്ന് മന്ത്രി വീണാ ജോർജ്. ഇത്തരത്തിൽ ദേശീയ തലത്തിൽ നടക്കുന്ന പ്രചാരണം പ്രതിഷേധാർഹമാണ്.
കേന്ദ്ര ജോയിന്റ് സെക്രട്ടറി അയച്ച കത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് ലഭിക്കും മുമ്പേ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. സംസ്ഥാനം കൊവിഡ് കണക്കുകൾ ദിവസവും കൃത്യമായി കേന്ദ്രത്തിന് നൽകിയിരുന്നു. കേന്ദ്രം പറഞ്ഞിരുന്ന മാതൃകയിലാണ് കണക്കുകൾ നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ മറച്ചുവയ്ക്കാനാകില്ല. ഇക്കാര്യങ്ങൾ അറ്റാച്ച് ചെയ്ത് പ്രിൻസിപ്പൽ സെക്രട്ടറി മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇക്കഴിഞ്ഞ പത്തിനാണ് സംസ്ഥാനം കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയത്.
ഇത് സംസ്ഥാന സർക്കാരിന്റെ തീരുമാനമാണെങ്കിലും കൊവിഡ് ഡേറ്റ കൃത്യമായി ശേഖരിച്ച് വയ്ക്കുകയും കേന്ദ്രത്തിന് കണക്കയയ്ക്കുകയും കൃത്യമായി അവലോകനം നടത്തുകയും ചെയ്യുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ കൊവിഡ് കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതാണ്. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യമുണ്ടായാൽ ദിവസേനയുള്ള കണക്കുകൾ വീണ്ടും പ്രസിദ്ധപ്പെടുത്തും.സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."