HOME
DETAILS

ഉക്രൈൻ യുദ്ധം രണ്ടാം വർഷത്തിൽ

  
backup
February 27 2023 | 04:02 AM

485254163-2

എൻ.പി ചെക്കുട്ടി


രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തു പലതരത്തിലുള്ള സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടുവെങ്കിലും യൂറോപ്പ് താരതമ്യേന ശാന്തമായാണ് ഏഴുപതിറ്റാണ്ടു കാലമായി നിലനിന്നത്. പ്രാദേശിക സംഘർഷങ്ങൾ മധ്യയൂറോപ്പിലും മറ്റും ഉണ്ടായെങ്കിലും (ഉദാഹരണത്തിന് ബോസ്‌നിയൻ കൂട്ടക്കുരുതി) അവ ഭൂഖണ്ഡമാകെ പടർന്ന് സമൂഹത്തെയാകെ ബാധിക്കുന്ന അവസ്ഥയുണ്ടായില്ല. അതേസമയം, ഏഷ്യയിൽ കൊറിയൻ യുദ്ധവും വിയറ്റ്നാം യുദ്ധവും അഫ്ഗാനിസ്ഥാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കു നേരെയുള്ള കടന്നാക്രമണങ്ങളും വമ്പിച്ച സംഘർഷങ്ങൾക്കാണ് വിത്തുപാകിയത്. കൊറിയൻ യുദ്ധം മൂന്നുകൊല്ലമാണ് നീണ്ടുനിന്നത്. അമേരിക്കയുടെ പിന്തുണയുള്ള ദക്ഷിണകൊറിയക്കുനേരെ കിം ഇൽ സുങ്ങിന്റെ കമ്യൂണിസ്റ്റ് സേനകൾ റഷ്യൻ, ചൈനീസ് പിന്തുണയോടെ ആരംഭിച്ച യുദ്ധം 1953ൽ വെടിനിർത്തലിൽ അവസാനിച്ചെങ്കിലും യുദ്ധത്തിന് ഇന്നും ഔപചാരികമായ അന്ത്യം കുറിച്ചിട്ടില്ല.


എന്നാൽ ലോകയുദ്ധ ഭൂമികയായിരുന്ന യൂറോപ്പിൽ സൈനികസംഘർഷം ഒഴിവാക്കാനുള്ള നീക്കം ലോകശക്തികൾ ബോധപൂർവം തന്നെ നടത്തി. ഒരുഭാഗത്തു സോവിയറ്റ് യൂനിയനും മറുഭാഗത്തു അമേരിക്കയും യൂറോപ്പിനെ നിയന്ത്രിക്കുന്ന അവസ്ഥയായിരുന്നു ശീതയുദ്ധകാലത്തു നിലനിന്നത്. ഹിറ്റ്‌ലറുടെ സേനകളെ യൂറോപ്പിൽ തോൽപിക്കുന്നതിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂനിയൻ വലിയ പങ്കാണ് വഹിച്ചത്. യുദ്ധാനന്തരം ജർമനിയെ രണ്ടായി വിഭജിച്ചു പടിഞ്ഞാറൻ ജർമനിയെ അമേരിക്കയും കിഴക്കൻ ജർമനിയെ സോവിയറ്റ് യൂനിയനും നിയന്ത്രിച്ചു. റഷ്യയുടെ കിഴക്കുള്ള വിപുലമായ പ്രദേശങ്ങൾ - പോളണ്ട് മുതൽ കിഴക്കൻ ജർമനിവരെ- സോവിയറ്റ് ചെമ്പടയുടെ നിയന്ത്രണത്തിലായി. ഈ ഉപഗ്രഹ രാജ്യങ്ങളിൽ എവിടെയെങ്കിലും ജനാധിപത്യ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നാൽ സൈനികശേഷിയുപയോഗിച്ചു നേരിടാൻ റഷ്യ ഒരിക്കലും മടിച്ചില്ല. അമ്പതുകളുടെ അവസാനം ഹങ്കറിയിലും അറുപതുകളിൽ ചെക്കോസ്ലോവാക്യയിലും റഷ്യൻ ആധിപത്യത്തിനെതിരേ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. രണ്ടിടത്തും റഷ്യൻ ടാങ്കുകൾ എത്തി പ്രക്ഷോഭകരെ നിലംപരിശാക്കി.


അതിനു മാറ്റംവന്നത് എമ്പതുകളുടെ അവസാനത്തിൽ കിഴക്കൻ യൂറോപ്പിൽ ജനകീയ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെയാണ്. പോളണ്ടിൽ സോളിഡാരിറ്റി എന്ന ശക്തമായ തൊഴിലാളിപ്രസ്ഥാനം ഉയർന്നുവന്നു. അതേപോലെ മറ്റുരാജ്യങ്ങളിലും ജനാധിപത്യപ്രസ്ഥാനങ്ങൾ ശക്തിനേടി. ജർമനിയിൽ ഇരുജനതകളെയും രണ്ടാക്കി വിഭജിച്ചുനിർത്തിയ ബെർലിൻ മതിൽ ജനങ്ങൾ സംഘടിച്ചെത്തി പൊളിച്ചുകളഞ്ഞു. അതോടെ കിഴക്കൻ യൂറോപ്പിലെങ്ങും പുതിയ വിമോചന പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടു. മുൻകാലങ്ങളിൽ റഷ്യൻ സേനയെ അയച്ചു തർക്കങ്ങൾക്ക് പരിഹാരം കണ്ടിരുന്ന സോവിയറ്റ് നേതാക്കൾ ഈ അവസരത്തിൽ അത്തരം പരിപാടികളിൽനിന്ന് മാറിനിന്നു. രണ്ടായിരുന്നു കാരണം. ഒന്നാമത്, അഫ്‌ഗാനിസ്ഥാനിൽ ഒരു പാവഭരണകൂടത്തെ വാഴിച്ചു റഷ്യ അതിനകം പുലിവാലു പിടിച്ചുകഴിഞ്ഞിരുന്നു. പതിനായിരക്കണക്കിന് റഷ്യൻ സൈനികരാണ് അഫ്ഗാൻ യുദ്ധഭൂമിയിൽ ജീവൻ ബലിയർപ്പിച്ചത്. എങ്ങനെയെങ്കിലും അവിടെനിന്ന് തലയൂരുക എന്നതായിരുന്നു റഷ്യയുടെ ഒന്നാമത്തെ ചിന്ത. രണ്ടാമത്, സോവിയറ്റ് കമ്യൂണിസ്റ്റ് തലപ്പത്തു എത്തിയ ഗോർബച്ചേവ് ഇനിയുള്ള കാലത്തു സൈനികബലംകൊണ്ട് അയൽരാജ്യങ്ങളെ കീഴടക്കി നിർത്തുകയെന്നത് അസാധ്യമാണെന്ന് കണ്ടറിഞ്ഞു. റഷ്യൻ സമൂഹവും സമ്പദ്‌വ്യവസ്ഥയും സേനാവ്യൂഹങ്ങളും എല്ലാം കനത്ത പ്രതിസന്ധിയെ നേരിടുകയായിരുന്നു. അമേരിക്കയടക്കമുള്ള മറ്റു വൻ ശക്തികളുമായി സൗഹൃദത്തിൽ മുന്നോട്ടുപോകുക എന്ന നയമാണ് അദ്ദേഹം സ്വീകരിച്ചത്. എന്നിരുന്നാലും സോവിയറ്റ് യൂനിയന്റെ തകർച്ച ഒഴിവാക്കാൻ ഗോർബച്ചേവിനു കഴിഞ്ഞില്ല. തൊണ്ണൂറുകളുടെ തുടക്കത്തിൽ അതിന്റെ അന്ത്യമായി. മുൻകാലത്തു സോവിയറ്റ് റിപ്പബ്ലിക്കുകൾ എന്ന പേരിൽ അറിയപ്പെട്ട ഉക്രൈൻ, ജോർജിയ, മൊൾഡോവ, ബെലാറസ് എന്നിങ്ങനെ റഷ്യയുടെ കിഴക്കുള്ള രാജ്യങ്ങൾ പലതും സ്വതന്ത്രമായി.
ഗോർബച്ചേവിനെ തുടർന്ന് റഷ്യയുടെ നിയന്ത്രണം കൈവന്നത് യെൽട് സിൻ എന്ന മുൻകാല കമ്യൂണിസ്റ്റ് നേതാവിന്റെ കരങ്ങളിലാണ്. അദ്ദേഹം പഴയ സോവിയറ്റ് ഭരണസംവിധാനത്തെ ഒഴിവാക്കി റഷ്യയെ സ്വകാര്യ നിക്ഷേപകർക്കു തുറന്നുകൊടുത്തു. മുമ്പ് സർക്കാർ ഉടമയിലായിരുന്ന വ്യവസായങ്ങൾ എല്ലാം വേണ്ടപ്പെട്ടവർക്ക് തീറെഴുതി. അക്കാലത്താണ് റഷ്യൻ ശതകോടീശ്വരന്മാരുടെ വൻനിര ലോകരംഗത്തു പ്രത്യക്ഷപ്പെട്ടത്. ഭരണാധികാരികളും ചങ്ങാത്ത മുതലാളിത്തവും തമ്മിലുള്ള അളിഞ്ഞ ബന്ധങ്ങളുടെ കേളീരംഗമായി അന്ന് റഷ്യ മാറി. ജനങ്ങൾക്ക് അതിലൊന്നും യാതൊരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. സാമൂഹികവിഭവങ്ങളുടെ ഈ കാട്ടുകൊള്ളയെ നോക്കിനിൽക്കുക മാത്രമാണ് അവർക്കു ചെയ്യാനുണ്ടായിരുന്നത്.


മുഴുകുടിയനായ യെൽട് സിൻ അധികകാലം മുന്നോട്ടുപോയില്ല. അദ്ദേഹമാണ് തന്റെ പിൻഗാമിയായി മുൻ കെ.ജി.ബി ഏജൻ്റ് വ്ലാദിമിർ പുടിനെ റഷ്യൻ നേതൃത്വത്തിൽ പ്രതിഷ്ഠിച്ചത്. പുടിൻ താരതമ്യേന യുവാവായിരുന്നു; ആരോഗ്യവാനും. ഭരണത്തിൽ ശക്തമായ നിയന്ത്രണം കൊണ്ടുവരാനും റഷ്യയിലെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. പൊതുവിൽ സന്തോഷകരവും ഉയർന്ന ഭൗതിക സാഹചര്യങ്ങൾ ഉള്ളതുമായ ഒരു സമൂഹത്തെ നിർമിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. അതിനാലാണ് പുടിന് എന്നും ഉയർന്ന ജനപിന്തുണ ലഭ്യമായത്.
രണ്ടു പതിറ്റാണ്ടു നീണ്ടുനിന്ന പുടിൻ ഭരണത്തിൽ അദ്ദേഹം പുതിയ ആശയങ്ങൾ കൊണ്ടുവന്നു. റഷ്യയുടെ ഭാഗധേയം അതിന്റെ അതിർത്തികളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്നതാണ് പുടിന്റെ നയം. അയൽപ്രദേശങ്ങളിലും തങ്ങൾക്ക് നിയന്ത്രണം വേണം. അതിനാൽ ഉക്രൈനും ജോർജിയയും ലിത്വനിയയും അടക്കമുള്ള പ്രദേശങ്ങളിലെ ഭരണാധികാരികൾ തങ്ങളുടെ താൽപര്യങ്ങൾക്കു ഒത്തുപ്രവർത്തിക്കണം എന്നദ്ദേഹം നിഷ്കർഷിച്ചു. പലേടങ്ങളിലും സൈനിക ഇടപെടലുകൾ നടത്തി. തന്റെ പാർശ്വവർത്തികളെ അധികാരത്തിൽ വഴിക്കാൻ കരുക്കൾ നീക്കി. പഴയ റഷ്യൻ സാമ്രാജ്യത്തിന്റെ ശിൽപി പീറ്റർ ചക്രവർത്തിക്കു തുല്യനാണ് താനെന്നു അദ്ദേഹം അവകാശവാദം ഉന്നയിക്കുകയും ചെയ്തു.


ഇതാണ് ഉക്രൈൻ സംഘർഷത്തിന്റെ കേന്ദ്രബിന്ദു. ഉക്രൈനിൽ പുടിൻ പലതവണ ഇടപെടൽ നടത്തിയതാണ്. ആ രാജ്യത്തിൻ്റെ ഭാഗമായിരുന്ന ക്രിമിയയെ 2014ൽ റഷ്യൻസേന കൈയടക്കി. ഉക്രൈനിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ തൻ്റെ നോമിനി യാനുക്കോവിച്ചിനെ ജനങ്ങൾ ആട്ടിയോടിച്ചത് പുടിനെ പ്രകോപിപ്പിച്ചു. സെലൻസ്കി അധികാരത്തിൽ വന്നപ്പോൾ ആവശ്യങ്ങൾ അംഗീകരിക്കാൻ മടികാണിച്ചത് സൈനിക ഇടപെടലിലൂടെ പരിഹരിക്കാനാണ്‌ പുടിൻ തയാറായത്. അതാണ് കഴിഞ്ഞ ഫെബ്രുവരി 24നു ഉക്രൈനു നേരെയുള്ള റഷ്യൻ സൈനികനീക്കത്തിനു കാരണമായത്.
എന്നാൽ ഇത് ഉക്രൈനു നേരെയുള്ള ഭീഷണി മാത്രമല്ലെന്ന് റഷ്യയുടെ പഴയ ഉപഗ്രഹരാജ്യങ്ങൾ മിക്കതും മനസ്സിലാക്കുന്നു. പോളണ്ട് അടക്കമുള്ള രാജ്യങ്ങൾ ഉക്രൈനു നൽകുന്ന പൂർണപിന്തുണയുടെ കാരണമതാണ്. ഉക്രൈൻ വീണാൽ അടുത്ത ഇര തങ്ങളാണ് എന്നു അവരെല്ലാം തിരിച്ചറിയുന്നു. ഉക്രൈനിലെ നാലുകോടിയിലേറെ വരുന്ന ജനങ്ങളിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒന്നരക്കോടിയോളം പേരാണ് അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്തത്. അവരെ സംരക്ഷിക്കാനാണ് ആ രാജ്യങ്ങൾ തയാറായത്.
ഏതാനും ദിവസംകൊണ്ട് ഉക്രൈൻ കീഴടങ്ങും എന്നായിരുന്നു പുടിന്റെ പ്രതീക്ഷ. എന്നാൽ തിരിച്ചാണ് സംഭവിച്ചത്. ആദ്യദിവസങ്ങളിലെ റഷ്യൻ മുന്നേറ്റത്തെ ഉക്രൈൻ ചെറുത്തു. തുടർന്ന് റഷ്യൻ ആക്രമണകാരികളെ തങ്ങളുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കാനുള്ള കടുത്ത യുദ്ധത്തിലാണ് അവർ മുഴുകിയത്. ഉക്രൈനിൻ്റെ നാലിലൊന്നോളം പ്രദേശം റഷ്യ കൈയടക്കിയിരുന്നു. അതിൽ ഒരുപങ്ക് അവർ ഇതിനകം വിമോചിപ്പിച്ചു കഴിഞ്ഞു. റഷ്യൻസേനയ്ക്കു കനത്ത ആഘാതം ഏൽപിക്കുന്നതിലും അവർ വിജയിച്ചു. രണ്ടുലക്ഷത്തോളം റഷ്യൻ സൈനികർ ഇതിനകം യുദ്ധത്തിൽ മരിക്കുകയോ അംഗഭംഗം നേരിടുകയോ ചെയ്തതായി പാശ്ചാത്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ടു അത്രയുംപേരെ ഉക്രൈനും നഷ്ടമായിരിക്കണം. എന്നാൽ അവർ ജീവൻ നൽകിയത് തങ്ങളുടെ മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണ്. ആരെയും അക്രമിച്ചു കീഴടക്കാൻ വേണ്ടിയല്ല.


യുദ്ധം രണ്ടാംവർഷത്തിലേക്കു കടന്നിരിക്കുന്നു. തങ്ങളുടെ പ്രദേശങ്ങൾ പൂർണമായും വിമോചിപ്പിക്കും വരെ വിശ്രമമില്ല എന്നാണ് ഉക്രൈൻ പ്രസിഡൻ്റ് സെലൻസ്കി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അമേരിക്കയും ജർമനിയും മറ്റുരാജ്യങ്ങളും വാഗ്‌ദാനം ചെയ്ത പുത്തൻ ആയുധങ്ങൾ റഷ്യയെ പരാജയപ്പെടുത്താൻ സഹായിക്കും എന്നദ്ദേഹം കണക്കുകൂട്ടൂന്നു. ജർമൻ ലെപാർഡ് ടാങ്കുകളും അമേരിക്കൻ അബ്രാംസ് ടാങ്കുകളും ലോകോത്തര നിലവാരമുള്ള ആയുധങ്ങളാണ്; കനത്ത ആക്രമണശേഷിയാണ് അവ ഉക്രൈന് നൽകുന്നതും. അതിനാൽ ഒരുപക്ഷേ ഈ വർഷം അവസാനിക്കും മുമ്പ് പുടിൻ പിൻവാങ്ങലിനു തയാറായേക്കും എന്ന് പലരും പ്രതീക്ഷിക്കുന്നു. എന്നാൽ ഒരു നേട്ടവുമില്ലാതെ എങ്ങനെ പിൻവാങ്ങും? അതിനാൽ മുഖം രക്ഷിക്കാൻ പുടിനെ സഹായിക്കുന്ന എന്തെങ്കിലും ഉപാധികൾ ഉണ്ടായേക്കും. അതിനായി അമേരിക്ക മാത്രമല്ല, ചൈനയും രംഗത്ത് ഇറങ്ങിയേക്കും എന്നാണ് ഇപ്പോഴത്തെ സൂചനകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago