നാടുവിടുന്ന മാനവവിഭവശേഷി
ഹബീബ് റഹ്‌മാൻ കൊടുവള്ളി
ഒരുഭാഗത്ത് ജനങ്ങൾ പൗരത്വത്തിനായി പോ രാടുകയും പ്രക്ഷോഭം നടത്തുകയും ചെയ്യുമ്പോൾ മറുഭാഗത്ത് പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2022ൽ മാത്രം 2,25,620 പേരാണത്രെ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വെച്ചത്! മറ്റു നാടുകളിലേക്ക് കുടിയേറുകയും അവിടങ്ങളിൽ പൗരത്വം നേടി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഓരോ വർഷവും ക്രമാതീതമായി കൂടിവരുന്നതായാണ് കേന്ദ്രസർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. ഇത് ക്രമേണ ഇന്ത്യയുടെ കഴിവുറ്റ മനുഷ്യ വിഭവശേഷി നഷ്ടപ്പെടാനിടയാക്കിയേക്കും.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ സമർപ്പിച്ച കണക്കുപ്രകാരം 12 വർഷത്തിനിടയിൽ അഥവാ 2011മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16,63,440 പേരാണ്. 2011ൽ 122819 പേരായിരുന്നു പൗരത്വം ഉപേക്ഷിച്ചതെങ്കിൽ ഓരോ വർഷവും ക്രമാനുഗതമായി വർധിച്ച് 2021 ൽ 163370 പേരും ഒടുവിൽ 2022ൽ 225620 പേരുമായി. കൊറോണ കാലഘട്ടമായ 2020ൽ മാത്രമാണ് നാടുവിടുന്നവരിൽ കുറവനുഭവപ്പെട്ടത്.
യു.എസ്, ആസ്ത്രേലിയ, കാനഡ എന്നിവയാണ് സ്ഥിരതാമസത്തിന് ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രാജ്യങ്ങൾ. ബ്രിട്ടൻ, ഇറ്റലി, ന്യൂസിലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ പിന്നാലെ വരുന്നു. ഇന്ത്യയേക്കാൾ ദരിദ്ര രാജ്യങ്ങളായ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുവരെ പൗരന്മാർ ചേക്കേറുന്നുണ്ടത്രേ. ആസ്‌ത്രേലിയയിൽ 23,533 ഇന്ത്യൻ പൗരന്മാർ താമസിക്കുന്നുണ്ട്, കാനഡ (21,597), ബ്രിട്ടൻ (14,637), ഇറ്റലി (5,987), ന്യൂസിലൻഡ് (2,643), സിംഗപ്പൂർ (2,516) എന്നിങ്ങനെയാണ് കണക്ക്. കഴിഞ്ഞ വർഷം 78,284 ഇന്ത്യക്കാരാണ് യു.എസ് പൗരത്വം സ്വീകരിച്ചത്. 2020ൽ 30,828 പേരും 2019ൽ 61,683 പേരുമാണ് ഇന്ത്യൻ പൗരത്വമുപേക്ഷിച്ച് യു.എസിലേക്ക് ചേക്കേറിയത്. പാകിസ്താനിൽ താമസമാക്കിയ 41 ഇന്ത്യൻ വംശജരും കഴിഞ്ഞവർഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. 2020ൽ പാകിസ്താനിൽ താമസമാക്കിയ ഏഴ് പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിരുന്നു. 2021ൽ യു.എ.ഇയിൽ താമസക്കാരായ 326 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുവെന്നും കണക്കുകളിൽ പറയുന്നു. ഇവർ ബഹ്‌റൈൻ, ബെൽജിയം, സൈപ്രസ്, അയർലൻഡ്, ജോർദാൻ, മൗറീഷ്യസ്, പോർച്ചുഗൽ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ പൗരത്വത്തിനായി അപേക്ഷിച്ചു.
ഇന്ത്യ നേരിടുന്ന മുഖ്യ പ്രശ്നമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളുടെ വിദേശ കുടിയേറ്റം. ഉന്നതപഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാർഥികൾ ജോലി സമ്പാദിക്കുകയും ഇന്ത്യൻ വംശജരെയോ അവിടത്തുകാരെയോ വിവാഹം കഴിച്ച് അതത് രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. പഠനത്തോടൊപ്പം ജോലിയും തൊഴിൽ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശ രാജ്യങ്ങളിലെ രീതി അതിനവരെ നിഷ്പ്രയാസം തുണയ്ക്കുന്നു. മുമ്പ് വിദ്യാർഥികൾ ബിരുദാനന്തര ബിരുദത്തിനാണ് വിദേശ സ്ഥാപനങ്ങൾ തെരഞ്ഞെടുത്തിരുന്നതെങ്കിൽ ഇന്ന് പ്ലസ് ടുവിന് പോലും വിദേശത്തെ ആശ്രയിക്കാനാണ് കുട്ടികൾ ഇഷ്ടപ്പെടുന്നത്. പഠനനിലവാരം, സ്‌കോളർഷിപ്പ്, പാർടൈം ജോലി, വിദേശ പഠനത്തിന് സൗകര്യമൊരുക്കുന്ന ഏജൻസികൾ തുടങ്ങിയ ഘടകങ്ങളൊക്കെ ഇതിനു പ്രചോദകമാകുന്നതായി അക്കാദമിക് ഏജൻസികൾ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
പൗരത്വമുപേക്ഷിക്കാനുള്ള മറ്റൊരാകർഷണം വിദേശത്തുള്ള നല്ല ജോലിയും ഉയർന്ന ശമ്പളവുമാണ്. കഴിവും യോഗ്യതയും നൈപുണ്യവുമുള്ളവർക്ക് മികച്ച ജോലിമാത്രമല്ല നല്ല ഭക്ഷണവും താമസവുമൊക്കെ ലഭിക്കും. യോഗ്യതും നൈപുണ്യവും കുറവാണെങ്കിൽ പോലും പല രാജ്യങ്ങളിലും തൊഴിലാളികളുടെ ദൗർലഭ്യംമൂലം സാധ്യതകൾ ഏറെയാണ്. അതുകൊണ്ടാണല്ലോ നാലോ അഞ്ചോ ദിവസത്തേക്ക് കൃഷി രീതി പഠിക്കാൻ ഇസ്റാഇൗലിലേക്ക് പോയ കേരള സർക്കാരിന്റെ ഔദ്യോഗിക സംഘത്തിൽ നിന്നുള്ള കണ്ണൂർ സ്വദേശിയൊക്കെ മുങ്ങുന്നത്. ഒപ്പം കേരളത്തിൽ നിന്നുള്ള തീർഥാടക സംഘത്തിലെ ആറുപേരെക്കൂടി ഇസ്റാഇൗലിൽ കാണാതായതാണ് ഒടുവിലത്തെ വാർത്ത. ചെറിയ ജോലിക്ക് പോലും ഉയർന്ന കൂലി ലഭിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇസ്റാഇൗൽ എന്നുള്ളതാണ് ഇതിന്റെയൊക്കെ പിന്നാമ്പുറ കാരണം.
ഇത്തരം പൗരത്വ പറിച്ചുനടലിനു സാമൂഹിക സുരക്ഷിതത്വവും സമാധാനാന്തരീക്ഷവുമൊക്കെ മുഖ്യ കാരണമാണ്. ഇന്ത്യയെപ്പോലെ തൊഴിലില്ലായ്മയുള്ള, സാമ്പത്തിക അസ്ഥിരതയുള്ള നാട്ടിൽനിന്ന് വിദേശത്തേക്ക് കുടിയേറുന്നതിന് വേഗം വർധിക്കുക സ്വാഭാവികമാണ്. മറ്റു നാടുകളിലെ സമാധാനാന്തരീക്ഷവും സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക സുസ്ഥിരതയും ആരെയാണ് ഭ്രമിപ്പിക്കാത്തത്. അത്തരം സാമൂഹിക കാലാവസ്ഥ ഇവിടെയും സാധ്യമാക്കുക എന്നത് മാത്രമേ പരിഹാരമുള്ളൂ.
പഠിക്കാനും ജോലിക്കും സന്ദർശനത്തിനുമൊക്കെ പോകുന്ന നിപുണർ തിരിച്ചുവരാതിരിക്കുന്നത് രാജ്യത്തിന് ഭീമ നഷ്ടമാണ്. ഒരു രാജ്യത്തിൻ്റെ മുഖ്യ സമ്പത്ത് ധനമല്ല. ഉയർന്ന മാനവവിഭവശേഷിയും നൈപുണ്യവുമാണ്. അതുകൊണ്ടാണ് വികസിത രാജ്യങ്ങൾ പോലും ഇതര രാഷ്ട്രങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികളെയും ജോലിക്കാരെയും അവിടെത്തന്നെ പിടിച്ചുനിർത്താനും പൗരന്മാരാക്കാനും ശ്രമിക്കുന്നത്. കാനഡ, റഷ്യ, ആസ്ത്രേലിയ, ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിൽ കുട്ടികളും യുവാക്കളും കുറഞ്ഞുവരികയും മധ്യ വയസ്കരും വൃദ്ധരും കൂടിവരികയും ചെയ്യുന്ന പ്രവണതയാണുള്ളത്. അതിനാൽ തന്നെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ കഴിവും നൈപുണ്യവുമുള്ള വിദ്യാർഥികളെയും യുവാക്കളെയും അത്തരം രാജ്യങ്ങൾ പരത്വത്തിനായി ഏറെ പ്രോത്സാഹിപ്പിക്കുക സ്വാഭാവികം.
പ്രതിഭാധനരും ബുദ്ധിശാലികളും കഴിവുറ്റവരുമായ കേരളത്തിലടക്കമുള്ള ഇന്ത്യൻ മനുഷ്യ വിഭവശേഷിയെ പിടിച്ചുനിർത്തിയില്ലെങ്കിൽ വരുംകാലങ്ങളിൽ തീരാനഷ്ടമായിരിക്കും. ഭൗതിക വിഭവസമ്പന്നമായ ഇന്ത്യയുടെ ബൗദ്ധികവിഭവങ്ങൾ നമുക്കുപയോഗപ്പെടുത്താൻ കഴിയാതെ വരും. ഏതായാലും പൗരത്വരാഹിത്യം ഭയപ്പെടുന്ന ജനവിഭാഗങ്ങൾക്ക് ഈ ലോകത്ത് പൗരത്വമെന്നത് കിട്ടാക്കനിയൊന്നുമല്ലെന്നുള്ള ആശ്വാസത്തിനും വക നൽകുന്നതാണ് വിദേശ രാജ്യങ്ങളുടെ ഈ സമീപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."