ജഹാംഗീർപുരി ; സംഘർഷത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഡൽഹി പൊലിസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി
റിപ്പോർട്ടിലെ പരാമർശങ്ങൾ
വസ്തുതകൾ മറച്ചുവച്ച്
ന്യൂഡൽഹി
ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ വർഗീയ സംഘർഷത്തെക്കുറിച്ച് ഡൽഹി പൊലിസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സംഘർഷത്തിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഘർഷം സ്വാഭാവികമായി ഉണ്ടായതല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും റിപ്പോർട്ടിലുണ്ട്. നോമ്പുതുറ സമയത്ത് പള്ളിക്കു മുന്നിൽ ആയുധങ്ങളുമേന്തി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതും പള്ളിക്കുള്ളിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചതുമാണ് സംഘർഷമുണ്ടാകാൻ കാരണമെന്ന വസ്തുത റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
ശോഭായാത്രയ്ക്കു നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതോടൊപ്പം സംഭവസ്ഥലത്ത് ആവശ്യത്തിന് പൊലിസുകാർ ഇല്ലായിരുന്നുവെന്ന കാര്യവും മറച്ചുവച്ചിട്ടുണ്ട്. പൊലിസ് സംഘർഷം അമർച്ച ചെയ്യാനുള്ള ഇടപെടലുകൾ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലിസ് നടത്തിയ ശ്രമം, കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ, പിടിച്ചെടുത്ത ആയുധങ്ങളുടെയും അറസ്റ്റിലായവരുടെയും വിവരങ്ങൾ തുടങ്ങിയവ റിപ്പോർട്ടിലുണ്ട്.
അതേസമയം, ജഹാംഗീർപുരിയിൽ സുരക്ഷാസേനയെ വിന്യസിച്ചത് മേഖല സാധാരണ നിലയിലേക്ക് മടങ്ങുന്നതു വരെ തുടരുമെന്ന് ഡൽഹി പൊലിസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് സംഘർഷം അരങ്ങേറിയത്. സംഭവത്തിൽ എട്ടു പൊലിസുകർക്കും ഒരു പ്രദേശവാസിക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."