ഉയരട്ടെ, പ്രതിപക്ഷ ഐക്യം
രാജ്യത്ത് മതനിരപേക്ഷ, സോഷ്യലിസ്റ്റ് കക്ഷികളുടെ ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങുകയോ കീഴടക്കപ്പെടുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്. എതിരഭിപ്രായങ്ങളുടെ നാവരിയാന്‍ ഏതു നീചമാര്‍ഗവും ഉപയോഗിക്കുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍. രാഷ്ട്രീയ നേതൃത്വങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കുന്ന അതേ തന്ത്രം തന്നെയാണ് തങ്ങള്‍ക്കെതിരേ ഉയരുന്ന മാധ്യമനാവുകളെ നിശബ്ദമാക്കാനും ഉപയോഗിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ അടക്കമുള്ള സ്വതന്ത്ര സംവിധാനങ്ങളെയാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ഉപയോഗിക്കുന്നത്. വഴിവിട്ടതും ഗൂഢലക്ഷ്യങ്ങളുള്ളതുമായ ഈ പോക്കില്‍നിന്ന് കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ തടയാന്‍ പ്രതിപക്ഷ ശബ്ദങ്ങള്‍ ഒരുമിക്കേണ്ടതുണ്ട്. ഇക്കാര്യമാണ് ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പിയെ നേരിടാന്‍ വിശാല പ്രതിപക്ഷ ഐക്യം വേണമെന്ന ആഹ്വാനമാണ് 85ാം പ്ലീനറി സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്. രാഷ്ട്രീയ പ്രമേയത്തിലൂടെയാണ് സമാന ആശയമുള്ള മതനിരപേക്ഷ കക്ഷികളോട് ഐക്യ ആഹ്വാനം കോണ്‍ഗ്രസ് നല്‍കിയത്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും രാജ്യത്തിന്റെ വൈവിധ്യത്തിലും വിശ്വസിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം. ഐക്യത്തിനു വേണ്ടതെല്ലാം ചെയ്യുമെന്നും മൂന്നാം മുന്നണി ബി.ജെ.പിക്കാകും ഗുണം ചെയ്യുകയെന്നും പ്രമേയം എടുത്തുപറയുന്നു.
മൂന്നാംമുന്നണി ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നതിന് പ്രത്യേക പഠനത്തിന്റെ ആവശ്യമില്ല. 2014,2019 ലോക്സഭാ തെരഞ്ഞെടുപ്പുകൾ അതിന്റെ സാക്ഷ്യമാണ്. രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് കിട്ടിയ വോട്ട് 40 ശതമാനത്തില്‍ താഴെയായിരുന്നു. ഭൂരിപക്ഷം വോട്ടും ലഭിച്ചത് വിഘടിച്ചുനിന്ന പ്രതിപക്ഷ കക്ഷികള്‍ക്കായിരുന്നു. അന്നുമുതല്‍ തുടങ്ങിയ ആവശ്യമാണ് ബി.ജെ.പിയിതര മതേതര, സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകോപനം. വിവിധ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളും പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യവും പ്രാധാന്യവും വിളിച്ചോതുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തിയത് പ്രതിപക്ഷ വോട്ടുകള്‍ വിഘടിച്ചതിനാലാണെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. എന്നിട്ടും തോണി ഇപ്പോഴും തിരുനക്കരതന്നെ.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും വേരുകളുള്ള ഏക രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. ഈ യാഥാര്‍ഥ്യം ഇതര പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിക്കുന്നു. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ അവര്‍ തയാറുമല്ല. കോണ്‍ഗ്രസ് നേതൃത്വത്തിലെ വീഴ്ചകളും പടലപിണക്കങ്ങളും മറുകണ്ടം ചാടലുമൊക്കെ ഇതിനു കാരണമായിട്ടുണ്ടാകാം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ബി.ജെ.പി വച്ചുനീട്ടുന്ന കോടികള്‍ക്കു മുന്നില്‍ കൂറുമാറുന്ന കാഴ്ച ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ കുറച്ചുകാലമായി നാണിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിനു സംഭവിച്ച ഈ അപചയം തൂത്തുകളയാന്‍ ഒരുപരിധിവരെ കഴിഞ്ഞത് കന്യാകുമാരിയില്‍നിന്ന് കശ്മിര്‍വരെ രാഹുല്‍ഗാന്ധി നടത്തിയ പദയാത്രകൊണ്ടാണ്. വലിയ പ്രചാരണ കോലാഹലങ്ങളും കൊട്ടും കുരവയുമൊന്നുമില്ലാതെയാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ പ്രതീക്ഷയുടെ പ്രകമ്പനം തീര്‍ത്താണ് യാത്ര കശ്മിരില്‍ പര്യവസാനിച്ചത്. കോണ്‍ഗ്രസിന്റെ പുനര്‍ജന്മമാണ് മഞ്ഞുപെയ്യുന്ന കാശ്മിരില്‍ അന്ന് കണ്ടത്. രാഹുല്‍ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുത്തവരില്‍ ഏറെയും പ്രമുഖ ബുദ്ധിജീവികളും പ്രശസ്ത വ്യക്തികളും കലാകാരന്മാരുമായിരുന്നു. ഇവരുടെ പങ്കാളിത്തം വിളിച്ചോതിയത് അന്ധകാരാവൃതമായ സത്യാനന്തരകാലത്തെ തമസ്‌കരിക്കുന്ന, പുതിയ പുലരിക്കുവേണ്ടിയുള്ള പ്രതീക്ഷകളെക്കുറിച്ചായിരുന്നു. അതിനുവേണ്ടിയുള്ള അര്‍ഥനയായിരുന്നു. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ആരംഭിച്ചതും.
നെഹ്റു കുടുംബം ഭരണനേതൃത്വത്തിലേക്ക് വരില്ലെന്ന് ഇതിനകം സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. പ്ലീനറി സമ്മേളനത്തിലെ സോണിയാഗാന്ധിയുടെ പ്രസംഗം സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള അവരുടെ വിടവാങ്ങല്‍ പ്രസംഗം കൂടിയാണ്. യു.പി.എ മന്ത്രിസഭയില്‍ തളികയിലെന്നവണ്ണം നീട്ടപ്പെട്ട പ്രധാനമന്ത്രിസ്ഥാനം നിരാകരിച്ച വ്യക്തിത്വം കൂടിയാണവര്‍. ഇതോടെ അധികാര രാഷ്ട്രീയത്തിലും താല്‍പര്യമില്ലെന്നാണ് സോണിയ വ്യക്തമാക്കുന്നത്. ഇതിനിടയിലും കോണ്‍ഗ്രസ് നേതൃത്വത്തെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണി ശ്രമങ്ങള്‍ പ്രതിപക്ഷത്ത് നടക്കുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് മൂന്നാംമുന്നണി ഭ്രമം കലശലാണിപ്പോഴും. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ചേരുന്നതിന്റെ തൊട്ടുമുമ്പാണ് അദ്ദേഹം മൂന്നാം മുന്നണി യോഗം വിളിച്ചുകൂട്ടിയത്. പങ്കാളിത്തം കുറവായിരുന്നെങ്കിലും കേരളത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുത്തു.
ഇതര പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കെല്ലാം പ്രധാനമന്ത്രി മോഹം തലയ്ക്ക് പിടിച്ച ഒരു കാലം കൂടിയാണിത്. മമതാ ബാനര്‍ജിക്കും അരവിന്ദ് കെജ്‌രിവാളിനും കെ.ചന്ദ്രശേഖർ റാവുവിനുമൊക്കെ പ്രധാനമന്ത്രി സ്ഥാനമോഹമുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും പ്രധാനമന്ത്രിക്കസേരയില്‍ തന്നെ കണ്ണ്. ഈ അധികാര മോഹങ്ങളും താന്‍പോരിമയും അവസാനിപ്പിച്ച് ബി.ജെ.പിക്കെതിരേ ഒരുമിച്ചുനിന്ന് പോരാടാനാണ് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയം ആവശ്യപ്പെടുന്നത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി, ഒരു മനസോടെ നേരിടണം. അതിനായി ഇൗ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. ഇതിലൂടെയാവണം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഐക്യ അടിത്തറ ഒരുക്കേണ്ടത്. മൂന്നാം തവണവും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയിടാനുള്ള തീവ്രശ്രമങ്ങള്‍ പ്രതിപക്ഷത്തുനിന്ന് ഉണ്ടാവണം. അതിലേക്കുള്ള സുപ്രധാന വഴിത്തിരിവായി മാറട്ടെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."