'കേന്ദ്രം നികുതിയും ഇന്ധന സെസും വര്‍ധിപ്പിച്ചത് 13 തവണ, സമരം ജനപിന്തുണയില്ലാത്തത്' സെസിനെ ന്യായീകരിച്ചും പ്രതിപക്ഷത്തെ തള്ളിയും മുഖ്യമന്ത്രി
തിരുവനന്തപുരം: സെസിനെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധത്തെ തള്ളിയും നിയമസഭയില്‍ മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ 13 തവണ ഇന്ധന സെസും നികുതിയും വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസിനു മറുപടിയായി ചൂണ്ടിക്കാട്ടി.
കേന്ദ്രം സെസ് വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാന വിഹിതം ലഭിക്കില്ലെന്നും അതിനെതിരെ ബിജെപിയോ കോണ്‍ഗ്രസോ പ്രതിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്നതിനാല്‍ അവര്‍ പ്രതിഷേധിക്കില്ല. എന്നാല്‍, യുഡിഎഫും ഒരു തരത്തിലുള്ള പ്രതിഷേധവും നടത്തിയില്ല- അദ്ദേഹം പറഞ്ഞു. നികുതി വര്‍ധനയ്‌ക്കെതിരെ എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് എംഎല്‍എ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് ക്രൂരമായി ആക്രമിച്ച സംഭവത്തെക്കുറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
'സംസ്ഥാനത്തെ ഞെരുക്കി ക്ഷേമപദ്ധതികള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജിഎസ്ടി വന്നതോടെ സംസ്ഥാനത്തിനു വിഭവസമാഹരണത്തിനു പരിമിതി വന്നു. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശവും വെട്ടിച്ചുരുക്കി. ഇതാണ് വിഭവസമാഹരണത്തിനു സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്'- മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
ഇന്ധന സെസിലേക്ക് നയിച്ച കാരണങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ജനപിന്തുണയില്ലാത്ത സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഫെബ്രുവരി 21നാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് തടഞ്ഞത്. പൊലിസ് ഉദ്യോഗസ്ഥരെ കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ച് പരുക്കേല്‍പിച്ചു. യാത്രക്കാര്‍ക്ക് മാര്‍ഗതടസ്സം ഉണ്ടാക്കി. 3 തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 6 പൊലീസുകാര്‍ക്കും 6 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. 12 പേരെ സംഭവസ്ഥലത്തുവച്ച് അറസ്റ്റു ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് എടുത്തു ചാടാന്‍ യുവതി ഉള്‍പ്പെടെ 4 യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്രമിച്ചു. ഇവര്‍ വാഹനത്തിനു മുന്നില്‍ ചാടി ആപത്തുണ്ടാകാതിരിക്കാനാണ് പൊലിസ് ശ്രമിച്ചത്. തികച്ചും അപകടകരമായ രീതിയില്‍ വാഹനത്തിനു മുന്നിലേക്ക് എടുത്തു ചാടുന്ന രീതിയാണ് കോണ്‍ഗ്രസും ബിജെപിയും ആവിഷ്‌ക്കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."