താടിയില്ല, ഹിന്ദിയും പറയില്ല എന്ന വ്യത്യാസം മാത്രം; പിണറായി ഭരണം മോദി ഭരണത്തിന്റെ മലയാള പരിഭാഷയെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ാടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങള്‍ മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നും ഷാഫി പരിഹസിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയ്‌ക്കെതിരേ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഷാഫി.
കരിങ്കൊടി വീശുന്നതിനെ ന്യായീകരിച്ച് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അതേപടി ആവര്‍ത്തിച്ചാണ് ഷാഫി പ്രസംഗം ആരംഭിച്ചത്. 'കരിങ്കൊടി കാണിക്കാന്‍ പോകുന്നവരുടെ കയ്യില്‍ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ. ആ തുണിക്കു പകരം തന്റെ ഷര്‍ട്ട് ഊരി വീശിയെന്നാണ് പറയുന്നത്. അത് ക്രിമിനല്‍ കുറ്റമാണോ? കരിങ്കൊടി ഇനിയും കാട്ടും കേട്ടോ. ഇത് എന്റെ വാക്കുകളല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്തെ വാക്കുകളാണ്' - ഷാഫി പറഞ്ഞു.
ഞങ്ങള്‍ ഒരു അക്രമവും ഉണ്ടാക്കാതെ സത്യാഗ്രഹ സമരം ഈ സഭയില്‍ നടന്നപ്പോള്‍ അതിനെ വരെ പുച്ഛിച്ച് സംസാരിച്ച മന്ത്രിമാരാണ്. ജനാധിപത്യ സമരങ്ങളെ പുച്ഛിക്കുന്നവര്‍ തങ്ങളുടെ കഴിഞ്ഞ കാലം മുഴുവന്‍ സമരങ്ങളേയും റദ്ദ് ചെയ്യുമ്പോള്‍ അതിന് കൈയടിച്ചും കീ ജയ് വിളിച്ചും ആ സമരങ്ങളെ പുച്ഛിക്കുന്നവര്‍ ആത്മനിന്ദയോടെ വേണം ഇരിക്കാന്‍ എന്നും ഷാഫി പറഞ്ഞു.
ഖജനാവില്‍ പണമില്ല, പിടിച്ചു നില്‍ക്കാന്‍ പണമില്ല എന്നാണ് പറയുന്നത്. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രമിനലുകള്‍ക്കു വേണ്ടി കേസ് നടത്താന്‍ സുപ്രീം കോടതിയില്‍നിന്ന് അഭിഭാഷകരെ കൊണ്ടുവരാന്‍ ഇവര്‍ക്ക് എവിടെനിനിന്നാണ് പണം. രണ്ടു കോടി 11 ലക്ഷം ഖജനാവില്‍നിന്ന് എഴുതി കൊടുത്തത് പെരിയ കേസിലെയും മട്ടന്നൂര്‍ കേസിലെയും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ കേസിനെ അട്ടിമറിക്കാനാണ്. അതിന് കൊടുക്കാന്‍ എവിടെയാണ് പണമെന്നും ഷാഫി ആരാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."