'പഴയ വിജയനെങ്കില്‍ പണ്ടേ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി'; ഒരു വിജയനേയും പേടിയില്ലെന്ന് സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് താന്‍ പഴയ വിജയനല്ലാത്തത് കൊണ്ടാണ് മറുപടി പറയാത്തതെന്ന് മുഖ്യമന്ത്രി. 'പഴയ വിജയനായിരുന്നെങ്കില്‍ പണ്ടേ ഞാനതിന് മറുപടി പറഞ്ഞേനെ, അതല്ലാല്ലോ. ആ മറുപടിയല്ല ഇപ്പോള്‍ ആവശ്യം,' എന്ന് അദ്ദേഹം പറഞ്ഞു.
സ്വാഭാവികമായി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോള്‍ ഇത്തരം വിമര്‍ശനം നേരിടേണ്ടി വരും. അതിനോട് സഹിഷ്ണുതയോടെ മറുപടി പറയണം. അതല്ലായിരുന്നെങ്കിലോ. എങ്കിലോ. പറയാ, സുധാകരനോട് ചോദിച്ചാല്‍ മതി. ഇതൊന്നുമില്ലാത്ത കാലത്ത് നിങ്ങളെല്ലാ സര്‍വ സജ്ജരായി നിന്ന കാലത്ത് ഞാന്‍ ഒറ്റത്തടിയായി നടന്നിനല്ലോ. എല്ലാ തരത്തിലും. വീട്ടീന്ന് പുറത്തിറക്കൂലാന്ന് ആലോചിച്ച കാലത്ത് ഞാന്‍ നടന്നിരുന്നു.' അദ്ദേഹം പറഞ്ഞു.
അതേസമയം, പഴയ വിജയനേയും പുതിയ വിജയനേയും തങ്ങള്‍ക്ക് പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി നല്‍കി. ഒന്നോ രണ്ടോ പേരാണ് സമരക്കാരെങ്കില്‍ എന്തിനാണ് 24 അകമ്പടി വാഹനങ്ങള്‍ ഒന്നോ രണ്ടോ പേര്‍ എങ്ങനെയാണ് 500 പൊലീസുകാരെ ആക്രമിക്കുന്നതെന്നും എന്തിനാണ് പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും പൊലീസ് കസ്റ്റഡിയിലെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോണ്‍ഗ്രസുകാരെ വ്യാപകമായി കരുതല്‍ തടങ്കലിലാക്കുകയാണ്. കരുതല്‍ തടങ്കലിനെതിരെ സി.പി.എം നേതാവായിരുന്ന എ.കെ.ജി പറഞ്ഞതെങ്കിലും വായിച്ചുനോക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സുരക്ഷയ്ക്കായി പൊലീസ് വാഹനവ്യൂഹം ഒരുക്കുന്നത് തന്റെ നിര്‍ദേശം അനുസരിച്ചല്ലെന്നും മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചു.
''വിശിഷ്ടവ്യക്തികള്‍ക്കും, അതിവിശിഷ്ട വ്യക്തികള്‍ക്കും സുരക്ഷ ഒരുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മാനദണ്ഡ പ്രകാരമാണ്. സംസ്ഥാനത്ത് സുരക്ഷ ഒരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബന്ധപ്പെട്ട അധികാരികള്‍ ഉള്‍പ്പെടുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ്. ഓരോ 6 മാസം കൂടുമ്പോഴും സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേരുകയും വിശിഷ്ട വ്യക്തികളുടെ സുരക്ഷ സംബന്ധിച്ച അവലോകനവും പുനഃപരിശോധനയും നടത്തുകയും ചെയ്യും. സംസ്ഥാന മുഖ്യമന്ത്രിക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് സെഡ് പ്ലസ് കാറ്റഗറിയിലുളള സുരക്ഷാ ക്രമീകരണങ്ങളാണ്. ഇതേ സുരക്ഷയാണ്ഗവര്‍ണര്‍ക്കും വയനാട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധി എംപിക്കും ഒരുക്കിയിട്ടുളളത്.' - മുഖ്യമന്ത്രി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."