ചരിത്ര വിജയം: ഭരണത്തുടര്‍ച്ചക്ക് സീറ്റുറപ്പിച്ച് ഇടതുമുന്നണി
തിരുവനന്തപുരം: കേരളം കാത്തിരുന്ന ജനവിധിയെത്തിയപ്പോള്‍ ചരിത്ര വിജയവുമായി ഇടതുമുന്നണി. ഉറപ്പാണ് എല്‍.ഡി.എഫ് എന്നു വളരെ വ്യക്തമായി കഴിഞ്ഞു. ഫലം പുറത്തുവന്ന സീറ്റുകളില്‍ ഇടതുമുന്നണിക്ക് മിന്നും വിജയമാണ് ഉണ്ടായിരിക്കുന്നത്. ചരിത്രമായിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഭരണത്തുടര്‍ച്ച ഇടതുമുന്നണി ഉറപ്പാക്കി. യു.ഡി.എഫ് ക്യാംപില്‍ മ്ലാനതയും എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ വിജയാഹ്ലാദവും നിറയുകയാണ്.
99 സീറ്റുകളില്‍ നിലവില്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുകയാണ്. 41 സീറ്റില്‍ മാത്രമാണ് യു.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നത്.
മൂന്ന് സീറ്റുകളില്‍ മുന്നിട്ട് നിന്ന ബി.ജെ.പിക്ക് അവസാനം എല്ലാ സീറ്റുകളും കൈവിട്ടുപോയി. നേമവും പാലക്കാടും മഞ്ചേശ്വരവും ബി.ജെ.പിയെ കൈവിട്ടു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രണ്ട് സീറ്റില്‍ മത്സരിച്ചിട്ടും ഒരിടത്തും നിലം തൊടാനായില്ല. പേരാമ്പ്രയില്‍ മന്ത്രി ടി.പി രാമകൃഷ്ണനാണ് ആദ്യമായി വിജയിച്ചത്. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയും തിരുവമ്പാടിയില്‍ ലിന്റോ ജോസഫുമാണ് പിന്നാലെ ജയമുറപ്പിച്ചത്.
പല പ്രമുഖരും വിജയിക്കുകയും പലര്‍ക്കും കാലിടറുകയും ചെയ്തിട്ടുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിക്കും പത്മജാവേണുഗോപാലിനും കാലിടറി. ബി.ജെ.പിയുടെ ഏക സീറ്റായ നേമത്ത് ആ സീറ്റ് ക്ലോസ് ചെയ്ത് ഇടതുമുന്നണി വിജയം ഉറപ്പിച്ചു. മുന്‍ എം.എല്‍.എയായിരുന്ന വി.ശിവന്‍കുട്ടിയിലൂടെയാണ് മണ്ഡലം ഇടതുമുന്നണി തിരിച്ചു പിടിച്ചത്.
കുമ്മനം രാജശേഖരനെയും കോണ്‍ഗ്രസിലെ കെ.മുരളീധരനെയുമാണ് ശിവന്‍കുട്ടി മലര്‍ത്തിയടിച്ചത്. കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. കോണ്‍ഗ്രസിലെ യുവരക്തങ്ങളായ വി.ടി ബല്‍റാമും ശബരീനാഥനും പരാജയപ്പെട്ടു. ശാഫി പറമ്പില്‍ പാലക്കാട് നിന്ന് വിജയിച്ച് അഭിമാനമായി. അതോടൊപ്പം ബി.ജെ.പിയുടെ സ്വപ്‌നങ്ങളെയും തകര്‍ത്തുടച്ചു.
തവനൂരില്‍ കെ.ടി ജലീലും ഫിറോസ് കുന്നംപറമ്പിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. പലപ്പോഴും കെ.ടി ജലീല്‍ പിന്നിലായിരുന്നു. അന്തിമഫലം പുറത്തുവന്നിട്ടില്ല. വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും കെ.കെ രമ വടകരയിലും വിജയിച്ചു.
യു.ഡി.എഫില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വിയാണ് തിരഞ്ഞെടുപ്പ് സമ്മാനിച്ചത്. മുസ്ലിം ലീഗിന് ചിലയിടങ്ങളില്‍ കാലിടറിയെങ്കിലും യു.ഡി.എഫിന് ആശ്വസിക്കാനുള്ള വിജയങ്ങള്‍ മുസ്ലിം ലീഗിന്റേതുമാത്രമാണ്. മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് താനൂരില്‍ പരാജയപ്പെട്ടു. വിജയം ഉറപ്പായ സീറ്റുകളില്‍ 13 സീറ്റില്‍ മാത്രമാണ് ലീഗിന് വിജയിക്കാനായത്. പാറക്കല്‍ അബ്ദുല്ല കുറ്റ്യാടിയിലും പരാജയപ്പെട്ടു.
വണ്ടൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി അനില്‍ കുമാറും പൊന്നാനിയില്‍ പി.നന്ദകുമാറും വിജയിച്ചു. വടക്കാഞ്ചേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പള്ളി വിജയിച്ചു. സിറ്റിംഗ് എം.എല്‍.എ അനില്‍ അക്കരയാണ് ഇവിടെ സേവ്യര്‍ പരാജയപ്പെടുത്തിയത്. ചേലക്കരയില്‍ മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. മണ്ണാര്‍ക്കാട് മുസ്ലിം ലീഗിലെ എന്‍.ഷംസുദ്ദീന്‍ വിജയിച്ചു. മലപ്പുറത്തെ മിക്ക സീറ്റുകളിലും മുസ്ലിം ലീഗ് മേല്‍കൈ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."