കേരള രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയ ജനവിധി: വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍;നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വിജയത്തിനുപിന്നാലെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയത്തിന്റെ നേരവകാശികള്‍ കേരളത്തിലെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. നാടിന്റെ ഭാവിക്ക് എല്‍.ഡി.എഫിന്റ തുടര്‍ഭരണം വേണമന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് വിജയത്തിലൂടെ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വിജയം നേടുമെന്ന് എല്‍.ഡി.എഫ് പറഞ്ഞിരുന്നു. അത് അന്വര്‍ഥമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയന്‍ പറഞ്ഞു.
രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം വീണ്ടും ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതി.മാറി മാറി സര്‍ക്കാരുകളെ പരീക്ഷിക്കുന്ന ഒരു സംസ്ഥാനത്ത് ചരിത്ര പ്രാധാന്യമാണ് ഈ വിജയത്തിലൂടെ അടയാളപ്പെടുത്തുന്നത്.
കഴിഞ്ഞ തവണ ബി.ജെ.പി നേടിയ ഒരു സീറ്റുപോലും ഇത്തവണ ഇല്ലാതാക്കുമെന്ന് എല്‍.ഡി.എഫ് പറഞ്ഞ വാക്ക് പാലിച്ചു. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചു. കേരളം വര്‍ഗീയതയുടെ വിളനിലമല്ല, മറ്റു സംസ്ഥാനത്തെടുക്കുന്നതുപോലെ കേരളത്തില്‍ ഒന്നും ചിലവാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
കേരളത്തില്‍ തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെ ആകെ നില അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളും ശ്രമങ്ങളുമാണ് ഇവിടെ ഉണ്ടായത്. അതിന്റെ ഭാഗമായി പല രീതിയിലുള്ള ആക്രമണങ്ങള്‍ ഉണ്ടായി. അതൊരു ഭാഗത്ത്. അതോടൊപ്പം തന്നെ നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികള്‍ ഉണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ടുപോകേണ്ടിയിരുന്നത്. അക്കാര്യത്തില്‍ ജനങ്ങള്‍ പൂര്‍ണമായും എല്‍.ഡി.എഫിനോടൊപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനേയും പ്രതിരോധിക്കാനും അതിജീവിക്കാനും കഴിഞ്ഞത്.
ആ ജനങ്ങള്‍ ഇനിയുള്ള നാളുകളിലും എല്‍.ഡി.എഫിനോടൊപ്പമുണ്ട് എന്നാണ് ഈ ജനവിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ നാം ഒരു സംസ്ഥാനമെന്ന നിലയ്ക്ക് നേരിടുന്ന പ്രശ്നങ്ങള്‍ ഉണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്‍.ഡി.എഫിനാണ് കഴിയുക എന്ന പൊതുബോധ്യം ജനങ്ങള്‍ക്കുണ്ടായി എന്നാണ് ഫലം കാണിക്കുന്നത്.
നാട് നേരിടേണ്ടി വന്ന കെടുതികള്‍, അതിന്റെ ഭാഗമായുണ്ടായ ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍, അതിനെ അതിജീവിക്കാന്‍ നടത്തിയ ശ്രമം ഇതെല്ലാം നാടും നാട്ടുകാരും കണ്ടതാണ്. അതുകൊണ്ട് തന്നെ എല്‍.ഡി.എഫ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ ഇത്തരമൊരു ആപല്‍ഘട്ടത്തില്‍ നാടിനെ എങ്ങനെ നയിക്കുന്നു എന്നതിന്റെ നേരിട്ടുള്ള അനുഭവമുള്ളവരാണ് ജനങ്ങള്‍.
അതിലൂടെയാണ് നാടിന്റെ ഭാവിക്ക് എല്‍.ഡി.എഫിന്റെ തുടര്‍ഭരണം വേണം, കേരളത്തിന്റെ വികസനത്തിന് എല്‍.ഡി.എഫിന്റെ തുടര്‍ഭരണം വേണം എന്ന് അവര്‍ ഉറപ്പിച്ചത്, പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."